DCBOOKS
Malayalam News Literature Website

ഭരണകൂടഭീകരതയുടെ അധികാരമുഖം

സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് പരിചയപ്പെടുത്തുന്നു.

നിഷേധിക്കാന്‍ കഴിയാത്ത തരത്തിലുള്ള സുഖസൗകര്യങ്ങള്‍ നല്‍കി ഒരു ജനതയുടെ പരമമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്‌റ്റേറ്റ് 54 വയസ്സിലെ മരണം ചോദ്യം ചെയ്യലുകളൊന്നുമില്ലാത്ത ഒരു അനിവാര്യതയായി കരുതുന്ന ഒരു കൂട്ടം ജനതയെ സൃഷ്ടിക്കുന്നു. ഇത്തരം മരണങ്ങള്‍ നേരിട്ട് നടത്തുന്ന ഭരണകൂടത്തിന്റെ സംവിധാനമായ ‘അനുബിസ് ഏജീസ്’ എന്ന സംഘടനയില്‍ അന്നാട്ടിലെ യുവതീയുവാക്കള്‍ അവശ്യസര്‍വ്വീസ് നടത്തേണ്ടവരാകുന്നു.

സ്വന്തം അച്ഛനമ്മമാരുടെ 53 എന്ന പ്രായത്തെ നേരിടാനാകാതെ അനുബിസ് ഏജീസില്‍ ചേര്‍ന്ന ഇന്ദ്രദാസ് എന്ന യുവാവിനുണ്ടാകുന്ന മാനസാന്തരത്തിലൂടെ…ആ മാനസാന്തരത്തിന് തീവ്രതയുള്ള ഇന്ധനമാകുന്ന പിഴക്കാത്ത ഉന്നവും പിഴച്ച നാവുമുള്ള ‘അനുസരണ’ ശീലമാക്കാത്ത സഹീറ സനം എന്ന പെണ്ണിലൂടെയുള്ള യാത്രയാണ് സോണിയ നടത്തുന്നത്.

പ്രണയമില്ലാത്തവള്‍ സഹീറ…എന്നാല്‍ പ്രണയത്തിനപ്പുറമുള്ള മാനസികാവസ്ഥയിലേക്ക് മനുഷ്യരെ എത്തിക്കുവാന്‍ കെല്പുള്ള സഹീറ…പ്രണയത്തില്‍ ബന്ധിച്ചിടാതെ തന്നെ ഇന്ദ്രദാസ് വീണ്ടും വീണ്ടും തന്നെ തേടി വരുന്നതെങ്ങനെ എന്ന് കാണിച്ചു തരുന്ന സഹീറ…

യുദ്ധത്തിന്റെയും മരണത്തിന്റെയും ദേവതയായ മോറിഗനില്‍ പ്രണയപരവശയായി നില തെറ്റി വീഴുന്ന സഹീറ…കൃത്യമായി ഉന്നം തെറ്റാതെ എറിഞ്ഞു കൊള്ളിക്കാന്‍ മിടുക്കിയായ സഹീറ…അവളുടെ ഏറ് ചിലര്‍ക്ക് പീഠനമാവുമ്പോള്‍ ഇന്ദ്രദാസിന് അത് മാറ്റങ്ങളുടെ ഒന്നാമേറാകുന്നു…പിന്നീടങ്ങോട്ട് എന്നേക്കുമുള്ള മാറ്റങ്ങള്‍…അവര്‍ ഒരുമിച്ച് ഭരണകൂടത്തിനെതിരെയുള്ള ജനവികാരമായ ’54 ന്റെ റിപ്പബ്ലിക്കില്‍’ പങ്കാളികളാകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും…

വിദേശമിത്തുകളെയും ഭാവനകളെയും കൂട്ടുപിടിച്ച് മുന്നേറുന്ന നോവല്‍ പക്ഷെ നമുക്ക് മുന്നില്‍ തുറന്ന് വക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഭരണകൂട ഭീകരത ഒരു കോര്‍പ്പറേറ്റ് വ്യവസ്ഥയിലൂടെ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ആരുമത് മനസ്സിലാക്കുന്നില്ലെന്ന്…അധികാരം ആരിലെത്തിയാലും അതിന് ഒരേ രൂപമാണെന്ന്…കോര്‍പ്പറേറ്റ് മുന്നേറ്റമായാലും, അതിനെതിരെയുള്ള തീവ്രവാദ മുന്നേറ്റങ്ങളായാലും ഇനിയൊടുവില്‍ മനുഷ്യക്കൂട്ടങ്ങള്‍ നടത്തുന്ന സ്വയം പ്രതിരോധങ്ങളായാലും അധികാര കൈമാറ്റങ്ങളില്‍ വിശ്വാസമില്ലാതാക്കുന്നവിധം അത് അടിച്ചേല്പിക്കുന്ന വ്യവസ്ഥകളുടെ രീതിശാസ്ത്രങ്ങളില്‍ മാത്രമായി ഒതുങ്ങി പോകുമെന്ന്…വരും തലമുറകള്‍ക്ക് പഠിക്കേണ്ടി വരുന്നത് ആരുടെയൊക്കെയൊ രഹസ്യ അജണ്ടകള്‍ക്ക് കീഴടങ്ങിയ പുതിയ ശാസ്ത്രങ്ങളെയായിരിക്കുമെന്ന്…കൂട്ടം ചേര്‍ന്നാല്‍ മനുഷ്യരെ മാത്രമല്ല പ്രതിമകളെ പോലും ഭയക്കണമെന്ന്… ഇതാണ് നീ എന്ന കല്പനയില്‍ നിന്ന് ഇതാണൊ നീ എന്ന ചോദ്യത്തിലേക്കെത്താന്‍ മനുഷ്യകുലത്തിന്റെ ആയുസ്സ് മതിയാവില്ലെന്ന്..

ഒടുവില്‍…മറ്റെല്ലാ സംഭവങ്ങളും നമുക്ക് സമകാലവുമായി കൂട്ടിയിണക്കാന്‍ കഴിയുമ്പോഴും…നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും ഉദാത്തമാതൃകകളായ ഇന്ദ്രദാസും സഹീറയും ഒരു നോവലിലെ വെറും രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണെന്ന്…

സോണിയ റഫീക്കിന്റെ 53 എന്ന നോവലിന് ഇന്ദു കെ.ഡി എഴുതിയ വായനാനുഭവം

Comments are closed.