DCBOOKS
Malayalam News Literature Website

‘ഞാനും ബുദ്ധനും’; മനസ്സിനെ മഥിക്കുന്ന ആഖ്യാനം

‘ഏകാന്തതയുടെ ചക്രവാതത്തില്‍ നിലതെറ്റി വീണവരുടെ മഹാപ്രസ്ഥാനം കൊണ്ട് മുറിവേറ്റിരിക്കുന്നു കപിലവസ്തുവിന്’.

രാജാക്കന്മാരും അമാത്യന്മാരുമില്ലാത്ത കപിലവസ്തു. പാറാവുകാരും അമാലന്മാരും വൈതാളികരും ഒഴിഞ്ഞ കപിലവസ്തു. പരിത്യജിക്കപ്പെട്ടവരുടെ ആത്മരോദനങ്ങളാല്‍ മുഖരിതമായ തെരുവുകള്‍. ഇരുട്ടകങ്ങളില്‍ നിരന്തരമെന്നോണം മുഴങ്ങി കേള്‍ക്കുന്ന ചോദ്യങ്ങള്‍. ഏകാന്തത ഉയിരിനെയും ഉടലിനെയും ചുട്ടുപൊള്ളിക്കുമ്പോള്‍, ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുമ്പോള്‍, ഉള്ളിലേറ്റ മുറിവുകളില്‍ ചോര കിനിയുമ്പോള്‍ ആരും ഉയര്‍ത്തിയേക്കാവുന്ന ചോദ്യങ്ങള്‍.

സൗഭാഗ്യത്തിന്റെ കൊടുമുടിയില്‍ നിന്ന് ശപിക്കപ്പെട്ട ഏകാന്തതയുടെ കയത്തിലേക്ക് വീണുപോയ ശുദ്ധോദന രാജാവിന്റെയും പത്‌നിയുടെയും ദയനീയ ചിത്രം വായിച്ചെടുക്കുമ്പോള്‍, മിഥിലയിലെ കശാപ്പുകാരനില്‍ നിന്ന് കര്‍മ്മയോഗത്തെ പറ്റി, സ്വധര്‍മ്മത്തെ പറ്റി എന്തെങ്കിലും പഠിക്കുവാനുണ്ടായിരുന്നോ സര്‍വ്വാര്‍ത്ഥ സിദ്ധനായ ഗൗതമന് എന്ന് തോന്നിപ്പോയി.

നിസ്സഹായരും നിരാലംബരുമായ, ഏകാന്തതയുടെ കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കരുത്തില്ലാതെ തളര്‍ന്നു വീഴുന്ന, പ്രതീക്ഷകളും പ്രത്യാശയുമറ്റ സ്ത്രീജന്മങ്ങളുയര്‍ത്തുന്ന നിരവധി ചോദ്യങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട് ഞാനും ബുദ്ധനും വായിക്കുമ്പോള്‍. ഈറ്ററയില്‍ ജീവന്‍ വെടിഞ്ഞ ജ്യേഷ്ഠത്തിയുടെ മകനെ സ്വപുത്രനായി കണ്ട് സ്വപുത്രനോടുള്ളതിനേക്കാള്‍ സ്‌നേഹലാളനകള്‍ ചൊരിഞ്ഞ ഗൗതമി. ഗൗതമന്റെ പോറ്റമ്മ. ശുദ്ധോദന മഹാരാജാവിന്റെ പട്ടമഹിഷി. ഇന്ന് അനാഥമായ ഒരു രാജവംശത്തിന്റെ ദുര്‍ബലയും പരിക്ഷീണയുമായ മഹാറാണി.

‘ഒരൊറ്റ രാത്രി കൊണ്ട് വിരലുകള്‍ക്കിടയിലൂടെ ജീവിതം ചോര്‍ന്നു പോയ ഗോപ.’ ഈറ്ററയ്ക്ക് മുന്നില്‍ നിന്ന് ജീവിതത്തിന്റെ അര്‍ത്ഥം തേടി പോയവന്റെ ഓര്‍മ്മകള്‍ പ്രാണനെ ഞെരിച്ചുടയ്ക്കുമ്പോഴും മനസ്സില്‍ ചോദ്യങ്ങളുടെ സാഗരമുയര്‍ത്തുന്നവള്‍. ആഡംബരങ്ങളും അലങ്കാരങ്ങളും ഉപേക്ഷിച്ച്, അകലെ മഞ്ഞും മഴയും വെയിലുമേറ്റ് അലയുന്ന ഒരാളുടെ ഓര്‍മ്മയില്‍ ഇല്ലാതായി പോകുന്നവള്‍. ലോകത്തിലെ ഏറ്റവും പരാജയപ്പെട്ട ‘അച്ഛാ’ എന്ന് വാക്ക് മകനെ പഠിപ്പിച്ച് വിട്ട് അപമാനത്തിന്റെ കൊടുംകുഴികളില്‍ വീണുപോയവള്‍.

പ്രണയനഷ്ടത്തിന്റെ ശൂന്യതയില്‍ നിന്ന് കൊടുംകൈ കുത്തി എഴുന്നേല്‍ക്കാനാകാതെ ദയനീയതയുടെ ആള്‍രൂപമായി ജീവന്‍ വെടിഞ്ഞ കല്യാണി.വിധിഹിതത്തിനു മുന്നില്‍ വാക്കുകളില്ലാതെ ഉപേക്ഷിച്ച് പോയവനില്‍ തന്നെ അഭയം തിരഞ്ഞുപോകുന്ന കപിലവസ്തുവിലെ മറ്റ് സ്ത്രീകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുണ്ട് കമല. ഒരു പക്ഷേ ഞാനും ബുദ്ധനും നോവലിലെ ഏറ്റവും ശക്തമായ പാത്രസൃഷ്ടിയും കമലയുടേതാണ്. പൂപ്പരുത്തി ചില്ലകള്‍ പോലും ഉലയ്ക്കുംവിധം ചിരിക്കാന്‍ കെല്പുള്ളവള്‍. സിദ്ധാര്‍ത്ഥന്റെ ഓരോ പ്രവൃത്തികളേയും ചോദ്യം ചെയ്യുന്നുണ്ട് കമലയുടെ ധിഷണ. സിദ്ധാര്‍ത്ഥന്റെ മനസ്സിന് വിരക്തിയും സംയമനവും എന്നേ ശീലമായിരുന്നു എന്ന കഥ വിശ്വസിക്കാത്ത കമല ഉയര്‍ത്തുന്ന ചോദ്യങ്ങളും പരിഹാസവും സ്വാഭിമാനിയായ കരുത്തുറ്റ ഒരു പെണ്ണിന്റെയാണ്. അഭിമാനിനിയായ ആധുനിക സ്ത്രീകളുടെ പ്രതിനിധിയായി മാറുന്നുണ്ട് കമലയിവിടെ. കപിലവസ്തുവിലെ സ്ത്രീ ജനങ്ങളൊന്നടങ്കം അഭയം തേടി ബുദ്ധസവിധം പ്രാപിച്ചപ്പോള്‍ ഉറച്ച ചിന്തകളും അതിലേറെ ഉറച്ച തീരുമാനങ്ങളുമായി തന്നില്‍ തന്നെ അഭയം തേടുന്നു കമല.

കാറ്റിനേക്കാള്‍ വേഗമുള്ള, പ്രതികാരദാഹത്താല്‍ ക്രുദ്ധനായ ദേവദത്തനില്‍ തുടങ്ങി മനസ്സും ശരീരവും തളര്‍ന്ന ദേവദത്തനില്‍ കഥ അവസാനിക്കുമ്പോള്‍ ജ്ഞാനമാര്‍ഗ്ഗം വിജയിക്കുന്നു. വാളുകൊണ്ടോ പേശികൊണ്ടോ ഇന്നോളം കഥയെഴുതിയിട്ടില്ലാത്തവന്റെ കഥകള്‍ വാഴ്ത്തപ്പെടുന്നു. കടുകുപാടങ്ങള്‍ക്ക് നടുവില്‍ കണ്ണടച്ചിരുന്നവന്റെ സ്വപ്നങ്ങള്‍ ജയിക്കുന്നു. ആശകള്‍ മരിച്ചുവീഴുന്നു. സര്‍വ്വാര്‍ത്ഥസിദ്ധനായ മഹാഗൗതമന്‍ നീണാള്‍ വാഴുന്നു.

അപ്പോഴും തൂണുകള്‍ക്കിടയിലൂടെ സ്വപുത്രന്റെ മൃതദേഹം നോക്കി ‘അടക്കിയിട്ടും അടക്കാനാവാത്ത ഓര്‍മ്മകള്‍ ഞരമ്പുകളില്‍ കുത്തിയൊഴുകുമ്പോഴും കരയാതെ പതറാതെ നോക്കിയിരിക്കുന്നു ‘ ഒരമ്മ. ജ്ഞാനിയല്ലാത്ത അമ്മ. പരിത്യക്തയായ ഒരമ്മ. ബന്ധങ്ങളുടെ ബന്ധുരമായ ബന്ധനത്തെപ്പറ്റി മനസ്സില്‍ ഓര്‍മ്മപ്പെടുത്തികൊണ്ട്. അല്ലെങ്കിലും’സ്ത്രീകള്‍ അധികം സംസാരിക്കുന്നത് മനസ്സിലാണ’ല്ലോ….

അസാമാന്യമായ കൈയടക്കത്തോടെ എഴുതപ്പെട്ടിട്ടുള്ള ഈ നോവലിന്റെ സൃഷ്ടിയിലൂടെ തന്റെ മാര്‍ഗ്ഗം കൃത്യമായി വരച്ചിടുന്നുണ്ട് നോവലിസ്റ്റ്. മനസ്സിന്റെ അടരുകളില്‍ കപിലവസ്തുവിലെ സ്ത്രീകള്‍ തീര്‍ത്ത ഏകാന്തതയും ശൂന്യതയും അതുണ്ടാക്കുന്ന വേദനയും ഇപ്പോഴും തിടംവെച്ച് നില്‍ക്കുന്നുണ്ട്.

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന കൃതിക്ക് സുലത അജയ് എഴുതിയ വായനാനുഭവം.

Comments are closed.