DCBOOKS
Malayalam News Literature Website

ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു…

1969-ല്‍ പ്രസിദ്ധീകരിച്ച ഒ. വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന വിധത്തില്‍ അടയാളപ്പെടുത്തിയ അത്യുജ്ജലമായ ഈ സര്‍ഗസാഹിത്യ സൃഷ്ടി, ഖസാക്ക് എന്ന ഗ്രാമത്തിലെ പ്രകൃതിയെയും മനുഷ്യരെയും മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോവാത്ത വിധം വരച്ചിട്ടിരിക്കുന്നു. ഇത് വെറുമൊരു നോവലല്ല ജീവിത സമരങ്ങളാല്‍ ഇതിഹാസതുല്യരാവുന്ന ഒരു പറ്റം പച്ചയായ മനുഷ്യരുടെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ആചാരങ്ങളുടെയും ആവിഷ്‌കാരമാണിത്.

ഇതിഹാസം ആരംഭിക്കുന്നത് ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലേക്ക്, ഞാറ്റുപുരയിലേക്ക് രവി വന്നെത്തുന്നതോടെയാണ്. വഴിയമ്പലങ്ങളില്‍ നിന്ന് വഴിയമ്പലങ്ങളിലേക്ക്, കൂട് വിട്ട് കൂട് മാറി, ആസക്തിയും ഉന്മാദവും നിറഞ്ഞ ഒരുവനായി, ഏകാന്തപഥികനായി ഞാറ്റുപുരയിലെത്തുന്ന അദ്ധ്യാപകനായ രവിയിലൂടെ, ഖസാക്കിലെ നിരക്ഷരരായ മനുഷ്യരിലേക്കും, നിഷ്‌കളങ്ക ബാല്യങ്ങളിലേക്കും ലഹരിയുടെയും കാമത്തിന്റെയും, എണ്ണിയാലൊടുങ്ങാത്ത ഐതിഹ്യവിശ്വാസ ഗോപുരങ്ങളിലേക്കും നോവലിസ്റ്റ് നമ്മെ വഴി നടത്തിക്കുകയാണ്.

അനാഥത്വത്തിന്റെ ചുറ്റുപാടില്‍ നിന്ന്, ഓര്‍മ്മകളില്‍ നിന്ന് പലായനം ചെയ്യുന്ന ഒരുവനാണ് രവി. ഗതകാലസ്മരണകളില്‍ പൊള്ളി, പ്രണയം വെച്ചുനീട്ടിയ പത്മയില്‍ നിന്നും ഒളിച്ചോടിയാണ് ജീവിതാസക്തികളില്‍ ഉഴറുന്ന മനുഷ്യജീവിതങ്ങളുള്ള ഇതിഹാസത്തിന്റെ താഴ്‌വരയിലേക്ക്, ഖസാക്കിലേക്ക് രവി എത്തിപ്പെടുന്നത്. ആസക്തി മുറ്റിയ കണ്ണുകളുമായി രവി ഖസാക്കിലെ പെണ്ണുടലുകളില്‍ പലവട്ടം ചുറ്റിപ്പിണഞ്ഞു. അച്ഛന്റെ രണ്ടാം ഭാര്യയോടൊപ്പം, ചിറ്റമ്മയോടോപ്പം പാപത്തിന്റെ ആദ്യപാഠം കുറിക്കുന്ന രവിയെ ആദ്യാവസാനം അശ്ലീലം കലര്‍ത്താതെ തന്നെ നോവലിസ്റ്റ് വരച്ചിട്ടിരിക്കുന്നു. ഏകാദ്ധ്യാപക വിദ്യാലയം തടസപ്പെടുത്താന്‍ അള്ളാപ്പിച്ച മൊല്ലാക്ക നടത്തുന്ന പാഴ്ശ്രമങ്ങള്‍ അയാളുടെ ജീവിത പ്രാരബ്ധങ്ങളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. ഓത്തുപള്ളിയിലെ ജോലി കൊണ്ടുമാത്രം കുടുംബം പുലര്‍ത്തുന്ന, ഏകാധ്യാപക വിദ്യാലയം വന്നാല്‍ തനിക്ക് പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടില്ലെന്ന് വെപ്രാളപ്പെടുന്ന ഖസാക്കിന്റെ സ്വന്തം അതിജീവനത്തിന്റെ അടവുനയങ്ങള്‍. ഉദാത്തമായ ചിന്തകളും അതേസമയം ഒരു പച്ചയായ മനുഷ്യന്റെ ജീവിതാസക്തികളും ഒരുപോലെ പേറുന്ന, ജീവിതത്തിന്റെ ദൈന്യതയുടെയും ദീനതയുടെയും നേര്‍ക്കാഴ്ചയാണ് മൊല്ലാക്ക. ഇതിഹാസ കഥനത്തിന്റെ പീഠത്തിലിരുന്ന് സയ്യദ് മിയാന്‍ ഷെയ്ക്ക് തങ്ങളുടെ ഇതിഹാസകഥകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു കൊടുത്തു കൊണ്ട് അയാള്‍ ജീവിതം തുന്നിച്ചേര്‍ക്കുകയാണ്.

ഒരിക്കല്‍ ചെതലിമലയുടെ താഴ്‌വരകളില്‍ നിന്ന്, ഷെയ്ക്ക് തങ്ങളുടെ പിന്‍ഗാമിയായി നൈസാമലിയെ മൊല്ലാക്ക കണ്ടെടുക്കുന്നു. കൈത്തണ്ടയില്‍ നീല ഞരമ്പുകളോടുന്ന ഖസാക്കിന്റെ സുന്ദരി, മൊല്ലാക്കയുടെ മകള്‍ മൈമൂനയുടെ ഹൃദയത്തിലേക്കും കൂടിയാണ് നൈസാമലി ചെന്ന് കയറുന്നത്. പക്ഷെ മുടി നീട്ടി വളര്‍ത്തിയും സമയത്തിന് പള്ളിയില്‍ വാങ്ക് വിളിക്കാതെയും നിഷേധാത്മകത പ്രകടിപ്പിച്ചു മൊല്ലാക്കയോട് എതിര്‍ക്കുന്ന നൈസാമലി, മൊല്ലാക്ക മൈമൂനയെ മുങ്ങാങ്കോഴി എന്നറിയപ്പെടുന്ന ചുക്രുറാവുത്തര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതോട് കൂടി ഖസാക്കില്‍ നിന്ന് പലായനം ചെയ്യുന്നു. പിന്നീട് ഖസാക്കിന്റെ ഖാലിയാരായി സ്വയം അവരോധിച്ചു പ്രത്യക്ഷപ്പെടുന്ന നൈസാമലി മൊല്ലാക്കയുടെ ആത്മീയ പ്രതിയോഗിയായി മാറുകയാണ്.

ഇതിഹാസകഥനങ്ങളുടെ പീഠമൊഴിഞ്ഞു ഖസാക്കിന്റെ മൊല്ല മരിക്കാന്‍ തുടങ്ങുമ്പോള്‍ കര്‍മ്മബന്ധങ്ങളുടെ ഏതൊക്കെയോ കാണാച്ചരടുകളാല്‍ ബന്ധിക്കപ്പെട്ട് നൈസാമലി മൊല്ലാക്കയുടെ മുന്‍പിലെത്തുന്നതും നമുക്ക് കാണാം. സാമ്പ്രദായികരീതികളോട് പ്രതിഷേധിക്കുന്നവനായും കമ്മ്യുണിസ്‌റ് ചിന്താഗതികളില്‍ ആകൃഷ്ടനാകുന്നവനായും ഒടുവില്‍ ആത്മീയതയിലേക്ക് കൂടുമാറുന്നവനായും നൈസാമലിയെ നമുക്ക് കാണാന്‍ പറ്റും.

അന്‍പതാം വയസില്‍ മൈമൂനയെ വിവാഹം ചെയ്യുന്ന ചുക്രുറാവുത്തര്‍ ഇതിഹാസനോവലിലെ ദൈന്യതയുടെയും നിസ്സഹായതയുടെയും ആള്‍രൂപമായി വായനക്കാരന്റെ കരളയിപ്പിക്കുന്ന കഥാപാത്രമാണ്. മൈമൂനയുടെ മാനസികപീഢനത്താല്‍ മകളായ ആബിദ ഖസാക്ക് വിട്ടോടിപ്പോവുന്നതോടെ തകര്‍ന്നു പോവുന്ന ചുക്രുറാവുത്തര്‍ കിണറിന്റെ ആഴങ്ങളിലേക്ക് , ഇരുട്ടിന്റെ ലോകത്തിലേക്ക് കൂപ്പുകുത്തുന്നു.

ബാല്യം വിടാത്ത മനസുമായി യൗവനത്തിലുള്ള അപ്പുക്കിളി, കുഞ്ഞാമിന, ചാന്തുമ്മയുടെ മക്കളായ കുഞ്ഞുനൂറും ചാന്തുമുത്തുവും എന്നിവരൊക്കെ ബാല്യത്തിന്റെ നിഷ്‌കളങ്കതകളിലേക്കും അവരുടെ കുഞ്ഞു കുഞ്ഞു വിശ്വാസങ്ങളിലേക്കും നമ്മെ കൈപിടിച്ച് നടത്തുന്നുണ്ട്. ജമന്തിപ്പൂക്കള്‍ പൂക്കുന്നത് പോലെ ചെതലിയുടെ താഴ്‌വരകളില്‍ വസൂരി പടര്‍ന്നു പിടിക്കുന്നതും, ഒരിക്കല്‍ തങ്ങള്‍ വളര്‍ന്നു വലുതാവുന്നതും ദാരിദ്ര്യം ഇല്ലാത്ത നാളുകള്‍ സ്വപ്നം കണ്ടും ജീവിച്ച കുഞ്ഞുനൂറും ചാന്തുമുത്തുവും മരിച്ചു പോവുന്നതും വായനക്കാരന്റെ നെഞ്ചില്‍ അസ്വസ്ഥതായി വേരുകളാഴ്ത്തുന്നു.

ഞാറ്റുപുരയുടെ ഉടമസ്ഥന്‍ തേവാരത്ത് ശിവരാമന്‍ നായര്‍, തുന്നല്‍ക്കാരന്‍ മാധവന്‍ നായര്‍, ചെത്തുകാരന്‍ കുപ്പുവച്ചന്‍, ഉറഞ്ഞുതുള്ളി മൂര്‍ദ്ധാവില്‍ ആഞ്ഞുവെട്ടി കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന ദൈവപ്പുരയിലെ കുട്ടാടന്‍ പൂശാരി, കുട്ടാപ്പുനരി… കഥാപാത്രങ്ങളോരോന്നും കരിമ്പനകള്‍ ചൂളം കുത്തുന്ന ഖസാക്കില്‍ വിഹരിക്കുന്നു. ഇടിയും മിന്നലുമില്ലാതെ കാലവര്‍ഷത്തിന്റെ വെളുത്ത മഴ മാത്രം പെയ്യുന്നൊരു പുലരിയില്‍, സര്‍പ്പം ദംശിച്ച കാലുമായി, ഖസാക്കിനോട് വിടപറയാന്‍ രവി കാത്തുകിടക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

സര്‍ഗാത്മക സാഹിത്യത്തിന്റെ മാസ്മരികതയാണ് ഖസാക്കിന്റെ ഇതിഹാസം.. വീണ്ടും വീണ്ടും നമ്മെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാഷ. കൂമന്‍കാവും, നെടുംപറമ്പും നാട്ടുവര്‍ത്തമാനങ്ങള്‍ അരങ്ങേറുന്ന അലിയാരുടെ ചായപ്പീടികയും, രാജാവിന്റെ പള്ളിയും, അറബിക്കുളവും,ചെതലിയുടെ താഴ്‌വരകളുമെല്ലാം സര്‍ഗ്ഗസാഹിത്യത്തില്‍ കോര്‍ത്ത് വരച്ചിട്ടിരിക്കുന്നു നോവലിസ്റ്റ്. അതുകൊണ്ടുതന്നെയാണ് ഖസാക്കിന്റെ ഇതിഹാസം കാലാതിവര്‍ത്തിയായി നിലകൊള്ളുന്നത്.. വീണ്ടും വീണ്ടും വായിക്കപ്പെടുന്നത്.. കഥാപാത്രങ്ങളോരോന്നും മനസിലേറി മാഞ്ഞുപോവാതെ നിലകൊള്ളുന്നത്!

ഖസാക്കിന്റെ ഇതിഹാസത്തിന് സീതാ വേണി എഴുതിയ വായനാനുഭവം

 

Comments are closed.