DCBOOKS
Malayalam News Literature Website

റൂത്തിന്റെ ലോകം; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുകളുടെ ശ്രേണിയിലേക്ക് പുതിയൊരു നോവല്‍കൂടി

മലയാളത്തില്‍ ജനപ്രിയസാഹിത്യമെഴുതിയവരില്‍ മികച്ച കഥ പറച്ചിലുകാരും പാത്രസൃഷ്ടിയില്‍ അസാധാരണ മികവുണ്ടായിരുന്ന എഴുത്തുകാരും ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ വാരികകളില്‍ സീരിയലൈസ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നതുകൊണ്ടോ, വായനക്കാരുടെ അഭിരുചി ഇങ്ങനെയൊക്കെയാണ് എന്ന മുന്‍വിധികൊണ്ടോ ഘടനയിലോ ഭാഷയിലോ ക്രാഫ്റ്റിലോ വേണ്ടവിധം ശ്രദ്ധ പുലര്‍ത്താന്‍ അവരാരും ശ്രമിച്ചിരുന്നില്ല. വാരികപ്രസിദ്ധീകരണം ആവശ്യപ്പെടുന്ന ഒരു തരം ലൂസ് ഘടനയാണ് അവയ്ക്കുണ്ടായിരുന്നത്. മുഖ്യധാരാനോവലുകള്‍ എഴുതിയിരുന്നവര്‍, മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, ത്രില്ലര്‍ പോലെയുള്ള ജനപ്രിയപ്രമേയങ്ങള്‍ കൈകാര്യം ചെയ്തതുമില്ല. സൈക്കോളജിക്കല്‍ ത്രില്ലര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ജനപ്രിയ നോവലുകള്‍ വാരികക്കാലത്ത് വായിച്ചിട്ടുണ്ട് എങ്കിലും അവയില്‍ പലതും മുകളില്‍ പറഞ്ഞ അതേകാരണംകൊണ്ട് വിസ്മൃതിയിലാണ്ട് പോകാന്‍ തക്ക നിലവാരമേ ഉണ്ടായിരുന്നുള്ളൂ. അന്നും ഇന്നും ഈ Genre-ന് മലയാളത്തില്‍ നമുക്ക് ശേഷിച്ചിട്ടുള്ള ഒരു മാതൃക മലയാറ്റൂരിന്റെ ‘യക്ഷി’യാണ്. ലാജോ ജോസിന്റെ പുതിയ നോവല്‍ ഈ അഭാവം നികത്തുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ഗണത്തില്‍ പെട്ട ഏത് മികച്ച രചനയുടെയും ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളതാണ് ലാജോ ജോസിന്റെ പുതിയ നോവല്‍ ‘റൂത്തിന്റെ ലോകം’.

ലോകസാഹിത്യത്തില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍, കഥാപാത്രങ്ങളുടെ അല്ലെങ്കില്‍ പ്രധാനകഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന, ഉദ്വേഗജനകമായ സംഭവവികാസങ്ങള്‍ ചിത്രീകരിക്കുന്ന നോവലാണ്. ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ ഇത്തരം ആഖ്യാനങ്ങളുടെ പ്രാഗ്രൂപമാണ് എന്ന് പറയാം. സിനിമയില്‍ ഹിച്ച്‌കോക്ക് ഈ വിഭാഗത്തെ ശ്രദ്ധയോടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ Shadow of a Doubt, Strangers on a Train, Spellbound, Psycho, Marnie ഒക്കെ ഈ ഗണത്തില്‍ പെടും. പലപ്പോഴും സൈക്കോളജിക്കല്‍ ത്രില്ലര്‍ താളം തെറ്റിയ മനസ്സുകളുടെ പാത്രപഠനങ്ങളായും അവതരിപ്പിക്കപ്പെടാറുണ്ട്. പട്രീഷ്യ ഹൈസ്മിത്തിന്റെ നോവലുകള്‍ ഈ ഉപവിഭാഗത്തിലെ ഏറ്റവും സോളിഡ് ആയ റഫറന്‍സുകളാണ്. സമകാലികയായ റൂത്ത് റെന്‍ഡലും ഇവയുടെ ശ്രദ്ധേയമായ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘റൂത്തിന്റെ ലോക’വും അപഭ്രംശമുള്ള ഒരു മനസ്സിന്റെ സൂക്ഷ്മമായ പഠനമാണ്. എന്നാല്‍ ലാജോ അവിടെ വളരെ ഫലപ്രദമായ ഒരു സമീപനം പുലര്‍ത്തിയിട്ടുണ്ട് എന്ന് ഞാന്‍ നിരീക്ഷിക്കുന്നു. മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തന്റെ ഇടത് കൈയിലേക്ക് ക്ഷണിക്കുന്നത് വലതുകൈ കൊണ്ട് മാജിക് കാണിക്കാന്‍ വേണ്ടിയാണ് എന്ന് പറയാറുണ്ട്. സമാനമായ ഒരു ടെക്‌നിക് ആണത്. ഇത്തരം നോവലുകള്‍ക്ക് അത് അന്യവുമല്ല. അത് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് Spoiler ആയിരിക്കും എന്നതുകൊണ്ട് പരാമര്‍ശിക്കുന്നത് ശരിയല്ല.

ബുദ്ധിയും യുക്തിയും ആവശ്യപ്പെടുന്ന സാഹിത്യമേഖലയാണിത്. കരുക്കള്‍ നീക്കുന്നതുപോലെ കൃത്യതയോടെ, മുറുക്കത്തോടെ മുന്നോട്ട് നീങ്ങേണ്ടത് ആവശ്യവുമാണ്. ഉത്തരം കണ്ടെത്തിയതിന് ശേഷം അതിന് യോജിച്ച ചോദ്യം സൃഷ്ടിക്കുന്നത് പോലെ മനസ്സില്‍ പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് നിര്‍മ്മിക്കേണ്ട രചന. ആഖ്യാനശൈലിയിലെ സാമ്പ്രദായികരീതികള്‍ ഒഴിവാക്കി കഥയുടെ സങ്കീര്‍ണത ആവശ്യപ്പെടുന്ന രീതികള്‍ പ്രയോഗിക്കാന്‍ ലാജോ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഈ നോവലില്‍ ഉദാഹരണത്തിന് പ്രധാനകഥാപാത്രങ്ങളായ റൂത്ത് റൊണാള്‍ഡ്, റൊണാള്‍ഡ് തോമസ് എന്നീ കഥാപാത്രങ്ങളുടെ ഫസ്റ്റ് പെഴ്‌സന്‍ ആഖ്യാനങ്ങള്‍ ഒന്നിടവിട്ട് അവതരിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അത് ഒരേസമയം വായനയ്ക്ക് തുടര്‍ച്ചയാവുകയും തുടര്‍ച്ചയെ ബ്രേക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. രണ്ടുവശത്ത് നിന്നും കാര്യങ്ങളെ നോക്കിക്കാണാന്‍ സാധ്യത നല്‍കുന്ന സമീപനം. റീഡര്‍ഷിപ്പ് ഉറപ്പാക്കിക്കൊണ്ട് തന്നെ ഈ നോവലിന് പതിവായി നിലനിന്നുപോരുന്ന ജനപ്രിയ/ഉന്നതസാഹിത്യ ദ്വന്ദങ്ങളെ പൊളിച്ച് സ്വതന്ത്രമായ ഒരു സ്‌പെയ്‌സ് ലഭിക്കും എന്ന് സംശയമില്ല. റിലീസിംഗ് കാത്തിരിക്കുന്ന ഒരു പോപ്പുലര്‍ സിനിമ പോലെ ഒരു പുസ്തകം കാത്തിരിക്കപ്പെടുന്നത്, വില്‍ക്കപ്പെടുന്നത് മലയാളത്തില്‍ പതിവില്ലാത്ത രീതിയാണ്. അത് ലാജോ തന്റെ രണ്ട് മുന്‍ പുസ്തകങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ്. പ്രസാധകര്‍ ക്രൈം പുസ്തകങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. Cover Design-ലും കെട്ടിലും മട്ടിലും സെന്‍സേഷനല്‍ ആവാതെ ഒരു മിനിമല്‍ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് നല്ല കാര്യമാണ്.

കഥ പറച്ചില്‍, വായനാവേഗത, ഫലപ്രദമായി ഉദ്വേഗം ജനിപ്പിക്കുക എന്നതിലൊക്കെ തന്റെ മുന്‍ നോവലുകളുടെ ഗുണങ്ങള്‍ എഴുത്തുകാരന്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്ത്രീകളുടെ പാത്രസൃഷ്ടിയിലും അവതരണത്തിലും ലാജോയ്ക്ക് കൂടുതല്‍ മികവുണ്ട് എന്ന് ഞാന്‍ നിരീക്ഷിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ പാമില എന്ന നോവലെഴുതിയ സാമുവല്‍ റിച്ചാര്‍ഡ്‌സണിനെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. സിനിമയില്‍ ജോര്‍ജ് ക്യൂക്കറിനെക്കുറിച്ചും. മുന്‍ നോവലുകളില്‍ എസ്തറിന്റെയും കൂട്ടുകാരിയുടെയും സൗഹൃദത്തിന്റെ ലോകം അവതരിപ്പിക്കുന്ന ഭാഗങ്ങളില്‍ എഴുതിയത് ഒരു സ്ത്രീയാണോ എന്ന് തോന്നിപ്പിക്കുന്നുഎന്ന് എന്റെ സ്‌നേഹിത പറയുകയുണ്ടായി.

പ്രമേയപരമായി പട്രീഷ്യ ഹൈസ്മിത്തിന്റെ കഥാലോകമാണ് എന്നെ ‘റൂത്തിന്റെ ലോകം’ ഓര്‍മ്മിപ്പിച്ചത്. ക്ലൈമാക്ടിക്ക് വെളിപാടുകളില്‍ പോലും ഒരു Sudden Twist എന്നതിന് പകരം വായനക്കാരന് ഊഹിക്കാന്‍ അവസരം കൊടുത്തുകൊണ്ട് വളരെ Gradual ആയ ഒരു വികാസമാണ് നല്‍കിയിരിക്കുന്നത്. ഒരു അന്താരാഷ്ട്രപരിസരത്ത് നിന്ന് ചിന്തിക്കുമ്പോഴും ലജ്ജിക്കാതെ ഏത് മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ കൂട്ടത്തിലും പോയി നില്‍ക്കാന്‍ കെല്‍പ്പുള്ള നോവലാണ് ‘റൂത്തിന്റെ ലോകം’. അതുകൊണ്ട് തന്നെ ഒരു നല്ല വിവര്‍ത്തനം കൊണ്ടുവരുന്നതിനെക്കുറിച്ച് ലാജോയ്ക്ക് ധൈര്യമായി ആലോചിക്കാവുന്നതാണ്. സൈക്കളോജിക്കല്‍ ത്രില്ലര്‍ മേഖലയില്‍ കമ്പമുള്ള എല്ലാവര്‍ക്കും നിര്‍ദേശിക്കുന്നു.

ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുതിയ നോവലിന് മരിയ റോസ് എഴുതിയ വായനാനുഭവം

Comments are closed.