DCBOOKS
Malayalam News Literature Website

അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം!


എച്ച്മുക്കുട്ടിയുടെ  ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന കൃതിക്ക്  ശ്രീശോഭിന് എഴുതിയ വായനാനുഭവം
വായിക്കുന്ന എല്ലാ പുസ്തകങ്ങളെ കുറിച്ചും കുറിപ്പ് എഴുതുന്ന പതിവില്ല. പക്ഷെ, എഴുതണം എന്നു കരുതിയവ ഒരിയ്ക്കലും അധികം നീണ്ടു പോകാറുമില്ല. പക്ഷെ ഇതാദ്യമായിട്ടാണ് ഒരു പുസ്തകം വായിച്ച ശേഷം അതിന്റെ റിവ്യൂ ഇത്രയും നീണ്ടു പോകുന്നത്.
എച്മു ചേച്ചിയെ ബ്ലോഗ് എഴുതുന്ന കാലം മുതൽ അതായത് ഒരു പന്ത്രണ്ട് വർഷത്തോളമായി പരിചയമുണ്ട്. ചേച്ചി ബ്ലോഗിൽ എഴുതിയ ‘കമ്പി കെട്ടിയ ഒരു ചൂരൽ’ എന്ന ഒരനുഭവക്കുറിപ്പ് ആയിരുന്നു ഞാനാദ്യം വായിയ്ക്കുന്നത് എന്നാണോർമ്മ. അതുൾപ്പെട്ട മിക്ക കുറിപ്പുകളും വായനക്കാരെ അസ്വസ്ഥരാക്കും വിധം  വേദനിപ്പിയ്ക്കുന്ന അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളായിരുന്നു. പലപ്പോഴും ചേച്ചിയുടെ കുറിപ്പുകൾ  വായിച്ച ശേഷം കമന്റ് ഒന്നും എഴുതാതെ മടങ്ങി പോരാറുണ്ട്.
തുടർന്നുള്ള വർഷങ്ങൾക്കിടയിൽ ചേച്ചി ഫേസ്ബുക്കിലുൾപ്പെടെ എഴുത്തിൽ കൂടുതൽ സജീവമായി. അവിടെ എഴുതിയ കുറിപ്പുകൾ ഒരുപാട് വായനക്കാരെ ആകർഷിച്ചു.  പ്രശസ്തരായ പലരും ആ എഴുത്തുകളിലൂടെ മറയില്ലാതെ തുറന്നു കാട്ടപ്പെട്ടപ്പോൾ ആരാധകരും വിമർശകരും ഒരു പോലെ കൂടി. അവസാനം അത് അച്ചടിമഷി പുരണ്ട് ജനങ്ങളിലേക്ക് എത്തി… അതാണ് “ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക” എന്ന പുസ്തകം.
പേരിലെ വ്യത്യസ്തത പുസ്തകത്തിന്റെ ഉള്ളടക്കത്തിലും വായനക്കാർക്ക് കാണാനാകും. ആത്മകഥാംശമേറെയുള്ള ഒരു സൃഷ്ടി എന്നോ ഈ കാലഘട്ടത്തിലും പുരുഷാധിപത്യത്തിന്റെ നികൃഷ്ടമായ വശങ്ങൾ തുറന്നു കാട്ടുന്ന തുറന്നെഴുത്ത് എന്നോ ചവിട്ടിയരയ്ക്കപ്പെട്ടിടത്തു നിന്നും തളരാതെ ജീവിതത്തോട് പൊരുതി വിജയിച്ച, മറ്റു സ്ത്രീജനങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു സ്ത്രീജന്മത്തിന്റെ ആവിഷ്കാരം എന്നോ… എങ്ങനെ വേണമെങ്കിലും ഈ കൃതിയെ നമുക്ക് അടയാളപെടുത്താം.
Echmukkutty-Ithente Rakthamanithente Mamsamaneduthukollukaഇതുപോലൊരു തുറന്നെഴുത്തിന് മുതിരുമ്പോൾ, അതുമൊരു സ്ത്രീ മുന്നിട്ടിറങ്ങുമ്പോൾ അവർ നേരിടേണ്ടി വരുന്നത് ഒരു വലിയ സമൂഹത്തിനെയാണ്… നൂറു നൂറു ചോദ്യങ്ങളെയാണ്. എന്തു കൊണ്ട് അന്ന് ഇത് തുറന്നു പറഞ്ഞില്ല എന്നതുൾപ്പെടെ. (എല്ലാത്തിനും ഒരുത്തരം മാത്രം… ഇത് ജീവിതമാണ് സുഹൃത്തുക്കളെ. ഇവിടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുമ്പോൾ അപ്പോഴത്തെ പ്രായോഗിക ബുദ്ധിയ്ക്ക് മാത്രമാണ് പ്രസക്തി)
മനസ്സിനെ വളരെയധികം പിടിച്ചുലച്ച അനുഭവ വിവരണങ്ങളുടെ പൊള്ളുന്ന ചൂട് ആണോ അതോ  ഇതിലെ പ്രധാന കഥാപാത്രമായ ‘ജോസഫ് എന്ന പ്രശസ്തൻ’ ഞാനും കൂടി ഉൾപ്പെടുന്ന ആണുങ്ങളിൽ ഒരാൾ ആയതിന്റെ അപകർഷതാ ബോധം കാരണം ആണോ ഒരു വായനാനുഭവം എഴുതുക എന്നത് ഒരു ബാലികേറാമല പോലെ എനിയ്ക്ക് മുന്നിൽ നിന്നത് എന്നു വേർതിരിച്ചു പറയാൻ ആകുന്നില്ല.
എങ്കിലും മറ്റൊരു വിധത്തിൽ ആലോചിയ്ക്കുമ്പോൾ ഇത് ഒരു പുരുഷമേധാവിത്വത്തിന്റെയോ മാനസിക വൈകൃതമുള്ള ഒരു പ്രശസ്തന്റെയോ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെയോ മാത്രം കഥകൾ അല്ല.  എച്മു ചേച്ചിയുടെ അതിജീവനത്തിന്റെ കഥയാണ്. ഇത്ര ഭീകരമായ അവസ്‌ഥ തരണം ചെയ്ത് ഇന്ന്  ഈ നിലയിൽ എത്തിയത് കൊണ്ട് ഇതൊക്കെ കുറെ പേർ അറിഞ്ഞു. അതല്ല എങ്കിലോ… ഒരു കഷ്ണം കയറിലോ സാരിയിലോ ആരോരുമറിയാതെ തീരുമായിരുന്ന, ആർക്കും വേണ്ടാത്ത ഒരു ജീവിതം ആയേനെ. കാരണം നമ്മൾ അറിയാത്ത എത്രയോ എച്മു കുട്ടിമാർ നമ്മളറിയാതെ അങ്ങനെ ജീവിതം അവസാനിപ്പിച്ചു പരാജയം സമ്മതിച്ചു പോയിക്കാണും. അതിലും അധികമെത്രയോ പേർ പുറം ലോകം അറിയാതെ എല്ലാം ഉള്ളിലൊതുക്കി നമുക്കിടയിൽ ഇപ്പോഴും നീറി നീറി ജീവിയ്ക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു പ്രചോദനമാണ് എച്മു ചേച്ചിയുടെ ജീവിതവും കഥകളും. ഒപ്പം മനുഷ്യത്വം വറ്റാത്ത അപൂർവ്വം ചിലർ എങ്കിലും ഇനിയും ഈ ലോകത്ത് ബാക്കിയുണ്ട് എന്നു തെളിയിയ്ക്കുന്ന ചുരുക്കം ചില നന്മയുള്ള മനുഷ്യരും നമുക്ക് ഈ ലോകത്ത് ഇനിയും പ്രതീക്ഷ നൽകുന്നു.
ജോസഫ്… എന്തു മനുഷ്യൻ(?) ആണയാൾ? അയാളെക്കാൾ എത്രയോ മുകളിൽ ആണ് പഠിപ്പും വിദ്യാഭ്യാസവും ഇല്ലാതെ രാത്രി കള്ളും കുടിച്ചു വന്ന് ഭാര്യയെ തല്ലുന്ന നിരക്ഷരനായ ഒരു കൂലിപ്പണിക്കാരൻ! അയാൾക്ക് ഒരൊറ്റ മുഖമേ കാണൂ… സമൂഹത്തിലും വീട്ടിലും. അയാൾക്ക് അഭിനയിക്കാനും അറിവുണ്ടാകില്ല.
പക്ഷെ, ഇവിടെയോ?  ഒരു പ്രശസ്തൻ  ആയതിന്റെ എല്ലാ ആനുകൂല്യങ്ങളും ജോസഫ് അനുഭവിച്ചു. എല്ലാ സ്വാധീനങ്ങളും അയാൾ ഉപയോഗിച്ചു. തന്റെ വികൃതമായ മനസ്സും സ്വഭാവവും ഭംഗിയായി സമൂഹത്തിന്റെ മുന്നിൽ നിന്നും മറച്ചു വയ്ക്കാനും അയാൾക്ക് കഴിഞ്ഞു. എങ്കിലും വിശ്വസിച്ചു കൂടെ ഇറങ്ങിപ്പോന്ന ഇരുപതു വയസ്സ് പോലും തികയാത്ത പെണ്കുട്ടിയെ അയാൾ ഏതൊക്കെ വിധത്തിൽ പീഡിപ്പിച്ചു, എങ്ങനെയൊക്കെ ഉപയോഗിച്ചു… എന്തിന് അവർക്കുണ്ടായ ആ കുഞ്ഞോ… അത് വിവരിയ്ക്കാനോ ഓർക്കാനോ പോലും ഒരു വായനക്കാരന് പോലും സാധിയ്ക്കുന്നുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പോൾ ആ പൊള്ളുന്ന അനുഭവങ്ങൾ നേരിൽ അനുഭവിച്ച എച്മു ചേച്ചിയുടെ അവസ്‌ഥ എന്തായിരിയ്ക്കും? അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നൊക്കെ പറയുന്നത് ഇതായിരിയ്ക്കണം.
ജോസഫ്‌ മാത്രമല്ല, ആ അച്ഛനോ… ഒരാളുടെ വ്യക്തിത്വം നിർണ്ണയിയ്ക്കുന്നത് അയാളുടെ ഔദ്യോഗിക പദവി അല്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഡോക്ടർ ആയ ആ അച്ഛൻ. മകളുടെ തകർച്ചയിൽ സന്തോഷിയ്ക്കുന്ന ഒരച്ഛൻ ഉണ്ട് എന്നറിയുന്നത് തന്നെ ഏതൊരു അച്ഛനും അപമാനകരം ആണ്. അവസാന കാലത്തെങ്കിലും അയാൾക്ക് വീണ്ടുവിചാരം ഉണ്ടായെങ്കിൽ എന്ന് ആ പുസ്തകം വായിയ്ക്കുമ്പോൾ വെറുതെയെങ്കിലും ഒന്നാശിച്ചു പോയി.
ആ കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റി നിർത്തി വർഷങ്ങളോളം ഇരുവരെയും മാനസികമായി പീഡിപ്പിയ്ക്കാൻ ഇവർക്കൊക്കെ എങ്ങനെ മനസ്സു വന്നു? തിരിച്ചു കിട്ടുന്ന കുഞ്ഞിന്റെ പുതിയ ശീലങ്ങൾ അറിഞ്ഞു ചങ്ക് പൊട്ടി കരയുന്ന ആ അമ്മയ്ക്കൊപ്പം വായനക്കാരുടെ കണ്ണുനീർ വീണു നനഞ്ഞ എത്രയെത്ര പേജുകൾ!
എങ്കിലും പപ്പനും ജയ്‌ഗോപാലും…  അതുപോലെ, ഇവരുടെ ജീവിതത്തിൽ  ഇടയ്ക്ക് വന്നു പോകുന്ന  സാന്ത്വനങ്ങളും പ്രതീക്ഷകളും നൽകുന്ന ചുരുക്കം ചിലരുടെ പിൻബലത്തോടെ ജീവിതം തിരിച്ചു പിടിയ്ക്കുന്ന ഈ കൊച്ചു കുടുംബത്തിന്റെ സന്തോഷകരമായ വിവരണങ്ങളോടെ പുസ്തകം അവസാനിയ്ക്കുമ്പോഴും വായനക്കാർ ഈ മുന്നൂറോളം പേജുകൾ പകർന്നു തന്ന നോവിൽ  നിന്നും തിരിച്ചു വന്നിട്ടുണ്ടാകില്ല എന്നുറപ്പ്. പിന്നെയും എത്ര നാൾ കഴിഞ്ഞാലും ഈ കഥാപാത്രങ്ങൾ നമുക്കുള്ളിൽ ഉണങ്ങാത്ത ഒരു മുറിവ് പോലെ നീറിക്കൊണ്ടിരിയ്ക്കും…
ഈ പുസ്തകം ഇനിയുമിനിയും ഒരുപാട് വായിയ്ക്കപ്പെടട്ടെ! എച്മു ചേച്ചിയെ പോലുള്ള ഇനിയും ഒരുപാട് സ്ത്രീജനങ്ങളുടെ  ഉയിർത്തെഴുന്നേല്പിന് ഒരു പ്രചോദനമാകട്ടെ!

Comments are closed.