DCBOOKS
Malayalam News Literature Website

വായനക്കാരുടെ വിഭാവനങ്ങള്‍

ബാലചന്ദ്രന്‍ വടക്കേടത്ത്‌

എല്ലാ കാലത്തും ആഖ്യാനകാരന്റെ താല്പര്യങ്ങള്‍ ആഖ്യാനഭാവമായി വിന്യസിക്കപ്പെട്ടിരുന്നു. ആ കേന്ദ്രഭാവത്തെ വിശദാംശങ്ങളോടെ വായനക്കാരിലെത്തിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതും ഭാഷയും വ്യവഹാരവും തന്നെ. അവ പരിശോധിക്കപ്പെടണം. അതിലൂടെ ഒരു ഫിക്ഷന്‍സിദ്ധാന്തത്തിലെത്താന്‍ ഫിക്ഷന്‍ വിമര്‍ശനത്തിന് സാധ്യമാകുമോ എന്ന് ഓരോ നോവലിന്റെയും വായന നമ്മെ ബോധ്യപ്പെടുത്തുന്നു. ഫിക്ഷനെ അറിയാന്‍ വായനക്കാരും തങ്ങളുടെ വിഭാവനരീതിയെ ആശ്രയിക്കുകയാണ്.

മറക്കാന്‍ പാടില്ലാത്ത രണ്ടു പ്രധാന സാഹിത്യസന്ദര്‍ഭങ്ങള്‍ ഓര്‍ത്തുപോവുന്നു. അത് നോവലുകളുടെ പിറവിയുടേതല്ല. നോവലിന്റെ വിചാരലോകത്തെ അടയാളപ്പെടുത്തുകയും വായനയെ മുന്നോട്ടുപോകാന്‍ പ്രാപ്തമാക്കുകയും ചെയ്ത രണ്ടു കൃതികളുടെ പിറവിയാണ് ഓര്‍മ്മയിലുള്ളത്. പി.കെ.ബാലകൃഷ്ണന്‍ അറുപതുകളില്‍ എഴുതിയ ‘നോവല്‍-സിദ്ധിയും സാധനയും’ എന്ന കൃതിയാണ് പ്രഥമം. ‘നോവലിന്റെ പ്രത്യേകതകളും വിശേഷസാദ്ധ്യതകളും’ വായനക്കാരിലെത്തിക്കാനുള്ള ഒരു പരിശ്രമം എന്ന നിലയില്‍ ആ പുസ്തകം ശ്രദ്ധേയമായിരുന്നു. തനിക്ക് പ്രിയപ്പെട്ട നോവല്‍ രചനാതത്ത്വങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ ഉദാഹരണങ്ങള്‍ മലയാളത്തില്‍ ഇല്ലാതിരുന്നതുമൂലം അന്യഭാഷാനോവലുകള്‍ അന്വേഷിച്ചു കണ്ടെത്തി. ബംഗാളി ഭാഷയിലെഴുതപ്പെട്ട താരാശങ്കര്‍ ബാനര്‍ജിയുടെ ‘ആരോഗ്യനികേതനം’ എന്ന നോവലിനോടൊപ്പം ജയിന്‍ ഓസ്റ്റിന്റേയും ദസ്തയോവ്‌സ്‌കിയുടെയും കൃതികള്‍ ഉദാഹരണമായി സ്വീകരിച്ചു. അക്കാലത്ത് ‘പ്രൈസ് ആന്റ് പ്രജൂഡിസ്’ മലയാളത്തില്‍ പരിഭാഷ നിര്‍വ്വഹിക്കപ്പെട്ടിരുന്നില്ല. ഡോസ്റ്റോവ്‌സ്‌കിയുടെ ചില കൃതികള്‍ക്ക് പരിഭാഷ വന്നിട്ടുമുണ്ട്. കെ.ദാമോദരന്റെ കരമസോവ് സഹോദരന്മാരുടെ പരിഭാഷ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അസ്സല്‍ സാഹിത്യവിമര്‍ശനത്തിന് മാതൃക സൃഷ്ടിക്കാനുതകുന്ന നോവലുകളുടെ അഭാവം പി.കെ.ബാലകൃഷ്ണനെ പ്രതിസന്ധിയില്‍കൊണ്ടെത്തിച്ചിരിക്കാം. അതുകൊണ്ടാവാം, മലയാളത്തിന് അപരിചിതമായ രണ്ടു കൃതികള്‍ തെരഞ്ഞെടുത്തതിലുള്ള പ്രയാസം തുറന്നുപറഞ്ഞത്. ആരോഗ്യനികേതനും ഒരിന്ത്യന്‍ നോവലാണ്.

തന്റെ നോവല്‍ പഠനകൃതിയുടെ മുഖവുരയില്‍ ഇപ്രകാരം പ്രസ്താവിച്ചു കാണുന്നു: ”വിമര്‍ശന വിഷയമായ കൃതിയുമായി വായനക്കാരനുള്ള പരിചയം വിഷയത്തിന്റെ സാഹിത്യമൂല്യം ആസ്വദിക്കപ്പെടാന്‍ അത്യാവശ്യമായി വേണ്ട അടിസ്ഥാനമാണ്. വിമര്‍ശകന്റെ സര്‍ഗ്ഗാത്മകമായ അപഗ്രഥനവൈഭവം വായനക്കാരന് നൂതനമായ ഒരു സാഹിത്യാനുഭൂതിയാവുന്ന വിമര്‍ശനവിഷയവുമായി നല്ല പരിചയം കൂടിയുള്ളപ്പോഴാണ്. ആ പ്രയാസത്തിന് ഇവിടെ എന്തു പ്രതിവിധി ചെയ്തുവെന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു സമാധാനവും എനിക്ക് പറയാനില്ല.”

വായനക്കാര്‍ക്ക് പരിചയമുള്ള നോവല്‍ വിമര്‍ശനവിധേയമാക്കുമ്പോഴും അല്ലാത്തപ്പോഴും സംഭവിക്കുന്ന അഭിരുചിയുടെ പ്രശ്‌നമാണ് വെളിപ്പെടുന്നത്. അതില്‍ വായനക്കാരനും വിമര്‍ശനവും തമ്മിലുള്ള അടുപ്പവും പരിശോധിക്കപ്പെടുന്നു. അപരിചിതമായ ഒരു കൃതിയുടെ
പാഠവിശകലനം നടക്കുമ്പോള്‍ വായനക്കാരന് നൂതനവും വ്യത്യസ്തവുമായ സാഹിത്യാനുഭൂതിയുണ്ടാവില്ല എന്നാണ് വാദം. അവിടെ വിമര്‍ശനം പരാജയമാകും എന്നെ തോന്നല്‍ ഗ്രന്ഥകാരനുണ്ട് താനും. അത് എത്ര മാത്രം ശരിയാണ്? വിമര്‍ശനം ഉന്നയിക്കുന്ന കാതലായ ഈ പ്രശ്നം വാസ്തവത്തില്‍ പരിഹരിക്കപ്പെടുന്നുണ്ടോ ‘നോവല്‍ സിദ്ധിയും സാധനയും’ എന്ന പുസ്തകത്തില്‍? പക്ഷേ, നമ്മുടെ വായനക്കാര്‍ ആ വഴിക്കൊന്നും ആലോചിച്ചുപോയില്ല. അവര്‍ ആ കൃതി സ്വീകരിക്കുകയും പഠനവിഷയമാക്കുകയും ചെയ്തു. അതെന്തായാലും ആ ഗ്രന്ഥം പുറത്തുവന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അതുമായി തുലനം ചെയ്യാവുന്ന മറ്റൊരു വിമര്‍ശനകൃതിയും രൂപപ്പെട്ടതായി അറിവില്ല. നോവല്‍ വിമര്‍ശനം വലിയൊരു ശൂന്യതയെ അഭിമുഖീകരിക്കുന്നുവെന്നും ആലോചിച്ചുറപ്പിക്കേണ്ടതുമില്ല.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.