DCBOOKS
Malayalam News Literature Website

പുസ്തകദിനാഘോഷങ്ങളില്‍ വായനക്കാര്‍ക്കും പങ്കുചേരാം

ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രിയദിനമാണ് ഏപ്രില്‍ 23. ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്ന ഈ ദിവസം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും അടുത്തറിയാനുള്ള ഒരു മികച്ച അവസരം കൂടിയാണ്. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഇക്കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.

ആശയവിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. നമ്മുടെ വായനശാലകള്‍ പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ അവസരത്തില്‍ എടുത്തു പറയേണ്ടതാണ്. പുസ്തകങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്‌കാരത്തെ വ്യാപനംചെയ്യുന്നത് അവയിലൂടെയാണ്. മനുഷ്യന്റെ സ്വപ്നങ്ങളെ ഭാവികാലത്തിനായി ഉപകാരപ്പെടാന്‍ പാകത്തില്‍ വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്. ഗ്രന്ഥങ്ങള്‍ക്കുള്ള ഇത്തരം കഴിവുകള്‍ പുസ്തകദിനത്തില്‍ അംഗീകരിക്കപ്പെടുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന എഴുത്തുകാരെ ബഹുമാനിക്കുന്നത് ഈ ദിനാചരണത്തിന്റെ ഭാഗമായാണ്. വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.

ഇത്തവണ ലോകപുസ്തകദിനാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് വായനാപ്രേമികള്‍ക്കായി ഒരുക്കിയ ഗ്രാഫിറ്റി ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായി ചിത്രീകരിച്ചാണ് പുസ്തകദിനത്തില്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും വ്യത്യസ്തമായ രീതിയില്‍ ആദരമര്‍പ്പിച്ചത്. സ്‌കൂള്‍, കോളെജ് ലൈബ്രറികളിലും സ്വകാര്യശേഖരത്തിലും നിറഞ്ഞുനിന്നിരുന്ന ഇഷ്ടകൃതികള്‍ വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പുനരാവിഷ്‌ക്കരിക്കുകയായിരുന്നു ഈ ഗ്രാഫിറ്റിയിലൂടെ. ഏപ്രില്‍ 22ന് ഡി സി ബുക്‌സിന്റെ തിരുവനന്തപുരം(ബിബ്ലിയോ സ്റ്റാച്യു), കോട്ടയം( എം.ഡി കൊമേഴ്‌സ്യല്‍ സെന്റര്‍) എന്നീ ശാഖകളിലാണ് ചിത്രകാരന്മാരായ ബിബിന്‍, എന്‍. അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഗ്രാഫിറ്റി ചിത്രങ്ങള്‍ ഒരുക്കിയത്. ഇപ്പോഴും സ്മൃതിപഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന, മലയാളഭാഷയും സാഹിത്യവും സംസ്‌കാരവും നിറയുന്ന വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൃതികള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു ഈ ഉദ്യമത്തിലൂടെ.

പുസ്തകദിന ആഘോഷങ്ങളില്‍ സജീവ പങ്കാളികളാകാന്‍ ഡി സി ബുക്‌സും വായനക്കാരെ ക്ഷണിക്കുകയാണ്. ലോക പുസ്തകദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയത്തും തിരുവനന്തപുരത്തും ഡി സി ബുക്‌സ് ഒരുക്കിയ ഗ്രാഫിറ്റിയുടെ ഒരു ചിത്രത്തോടൊപ്പം നിങ്ങള്‍ അടുത്തിടെ വായിച്ച ഒരു കൃതിയുടെ ആസ്വാദനക്കുറിപ്പും( 150 വാക്കുകളില്‍ കവിയാതെ) തയ്യാറാക്കി #ReadABookToday, #DCBooks,#WorldBookDay2019 എന്നീ ഹാഷ്ടാഗില്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഈ പോസ്റ്റ് നിങ്ങളുടെ അടുത്ത സുഹൃത്തിനും ഒപ്പം ഡി സി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും ടാഗ് ചെയ്യാം.

200 ലൈക്കുകള്‍ ലഭിക്കുന്ന ആദ്യ അഞ്ച് പേരുടെ പോസ്റ്റുകള്‍ക്ക് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. കൂടാതെ സമ്മാനാര്‍ഹര്‍ ടാഗ് ചെയ്ത സുഹൃത്തിന് ആസ്വാദനക്കുറിപ്പെഴുതിയ പുസ്തകവും ഡി സി ബുക്‌സ് തപാല്‍ മാര്‍ഗ്ഗം അയച്ചു നല്‍കുകയും ചെയ്യുന്നു.

Comments are closed.