DCBOOKS
Malayalam News Literature Website

രവീന്ദ്രന്റെ യാത്രകള്‍…

 

 

രവീന്ദ്രന്റെ  ചിത്രരുചിയും ചലച്ചിത്രബോധവും ഒരുമിച്ചു സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രാനുഭവാഖ്യാനങ്ങളിലാണ്. എഴുത്തുപോലെ അദ്ദേഹത്തിന് സ്വയം പ്രകാശനമാർഗമാണ് യാത്ര എന്ന് പോലും പറയാം. വഴികളിൽ നിന്ന് കൂടി പിറക്കുന്നതാണ് രവീന്ദ്രന്റെ വാക്ക്. അഥവാ വാക്കും വഴിയും അത്ര വിഭിന്നമാണോ ? വഴിനടക്കാനുള്ള കാലടികളെയും മൊഴിയുരയ്ക്കാനുള്ള വാക്കിനേയും ഒന്നിച്ചു സൂചിപ്പിക്കുന്നില്ലേ ‘പദം ‘ എന്ന മറ്റൊരു വാക്ക്.

രവീന്ദ്രൻെറ യാത്രകൾ എന്ന പുസ്തകത്തിന് കെ സി നാരായണൻ എഴുതിയ അവതാരികയിൽ പറയുന്നതിങ്ങനെയാണ്.

എന്താവാം ഒരാളെ യാത്രയ്ക്ക് പ്രേരിപ്പിച്ചു കൊണ്ട് സ്വസ്ഥമായ വീട്ടകങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിക്കുന്നത് ? എന്താണ് ഒരാളെ യാത്രകളെല്ലാം വെടിഞ്ഞ് സ്വന്തം വീട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന ബലമായി പ്രവർത്തിക്കുന്നത്. വഴിയുടെ വിളികളും വീടിന്റെ ഭൂഗുരുത്വ ബലവും പരസ്പരം സമ്മേളിക്കുന്ന സമതുലനത്തിന്റെ നിലതെറ്റി എപ്പോഴാണ് ആദ്യത്തേത് മേൽക്കൈ നേടുന്നത് ?

തികച്ചും വിഭിന്നമായ വേറൊരു യാത്രാ സങ്കല്പമാണ് രവീന്ദ്രൻ മുന്നോട്ട് വയ്ക്കുന്നത്. മുൻനിശ്ചയങ്ങൾ ഒന്നുമില്ലാതെ യാദൃശ്ചികമായി നടക്കുന്ന സഞ്ചാരങ്ങളാണ് രവീന്ദ്രന്റെ യാത്രകൾ. ഒറ്റയ്ക്ക് , പലപ്പോഴും സാഹസികമായി, ചിലപ്പോൾ ദുഷ്പ്രാപ്യമായ ഗിരിദേശങ്ങളിൽ , അല്ലെങ്കിൽ ആൾകൂട്ടം മടിക്കുന്ന നഗരങ്ങളിൽ , ആരായിരിക്കും ഈ യാത്രകളിൽ രവീന്ദ്രന് കൂട്ട് , ആരുമില്ല രവീന്ദ്രൻ പറയും , ഏകനായ സഞ്ചാരിയുടെ ഭാഷാപരമായ നിസ്സഹായതയും ദിഗ്ഭ്രമങ്ങളും ആശ്രയമില്ലായ്മയും കൂടിച്ചേർന്ന നിരാലംബതയായിരുന്നു എനിക്ക് തുണ. എങ്കിലും വഴിത്താരകൾ ഏകാകിയായ ഈ സഞ്ചാരിയെ വിളിച്ചുകൊണ്ടേയിരുന്നു …….

മുപ്പതു കൊല്ലം മുമ്പായിരുന്നു രവീന്ദ്രൻ യാത്രക്കാരനും എഴുത്തുകാരനും ചേർന്ന ആളാകുന്നത്. അതിനു മുമ്പ് അദ്ദേഹം യാത്ര വാരികയുടെ പത്രാധിപരായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളെ പറ്റി  ഒരു പരമ്പര എഴുതാൻ ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ രവീന്ദ്രൻ എത്തിച്ചേരുന്നതോടെ രവീന്ദ്രന്റെ യാത്രയും യാത്രാനുഭവലേഖനങ്ങളും നീണ്ടുപോയി…. തുടർന്നങ്ങോട്ട് മലയാളത്തിൽ രവീന്ദ്രൻ എഴുതിയ മറ്റൊരു മലയാളത്തിന്റെ പിറവിയായിരുന്നു വായനക്കാർ കണ്ടത്.

നവംബർ 2011 ൽ ആദ്യമായി പ്രസിദ്ധീകരിച്ച രവീന്ദ്രന്റെ യാത്രകളുടെ രണ്ടാം ഡി സി പതിപ്പാണിത്. രവീന്ദ്രന്റെ യാത്രകൾക്ക് പുറമെ രവീന്ദ്രൻ എഴുതിയ യാത്ര , വഴികൾ വ്യക്തികൾ ഓർമ്മകൾ , ഗൃഹദേശരാശികൾ എന്നീ പുസ്തകങ്ങളും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.