DCBOOKS
Malayalam News Literature Website

വര്‍ത്തമാനത്തിന്റെ ചരിത്രം

ഗഫൂര്‍ അറയ്ക്കലിന്റെ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’ എന്ന നോവലിനെക്കുറിച്ച് സുനില്‍ പി ഇളയിടം

നോവലിന്റെ കല ശ്രദ്ധയൂന്നിയ പ്രമേയങ്ങളിലൊന്ന് വര്‍ത്തമാനത്തിന്റെ ചരിത്രമാണ്. വര്‍ത്തമാനത്തിന്റെ ചരിത്രം എന്ന ആശയം പ്രത്യക്ഷത്തില്‍ ആന്തരവൈരുധ്യമുള്ള ഒന്നായി തോന്നാം. ഭൂതകാലസംഭവങ്ങളുടെ കാലക്രമാനുസൃതവും യുക്തിപരവുമായ വിന്യാസം എന്നതാണ് ചരിത്രത്തെക്കുറിച്ചുള്ള പ്രബലമായ സാമാന്യധാരണ. ആ നിലയില്‍ വര്‍ത്തമാനത്തില്‍ നിലയുറപ്പിച്ചുകൊണ്ട് പോയകാലത്തിലേക്കു നോക്കാനാണ് അത് ശ്രമിക്കുന്നത്. വര്‍ത്തമാനം ഭൂതകാലത്തില്‍ സ്വന്തം മുഖം നോക്കിക്കാണുന്നതാണ് ചരിത്രമെന്ന് നമ്മുടെ പ്രമുഖരായ ചരിത്രചിന്തകരിലൊരാള്‍ അഭിപ്രായപ്പെട്ടതും അതുകൊണ്ടാണ്.

അങ്ങനെയെങ്കില്‍, വര്‍ത്തമാനത്തിന്റെ ചരിത്രം എന്ന ആശയത്തിന്റെ പൊരുളെന്താണ്? ഒരുനിലയ്ക്ക് അത് ചരിത്രത്തെ ചരിത്രവിജ്ഞാനത്തിനപ്പുറത്തേക്ക് കൊണ്ടുപോകലാണ്. ഭൂതകാലസംഭവങ്ങളെ അവയുടെ പരസ്പരബന്ധങ്ങളെ മുന്‍നിര്‍ത്തി കാലക്രമത്തിനുള്ളില്‍ വിന്യസിക്കുന്ന ചരിത്രവിജ്ഞാനത്തിന്റെ ലോകമല്ല അതിലുള്ളത്. അത്തരത്തിലുള്ള ഏതു വിന്യാസത്തിലും ഒഴിവായിപ്പോകുന്ന സൂക്ഷ്മലോകങ്ങളുണ്ട്. പരസ്പരബന്ധങ്ങളുടെ ശൃംഖലയില്‍ ഇടം കിട്ടാതെ പോകുന്ന സംഭവപരമ്പരകള്‍. ഓരോ സംഭവത്തിന്റെയും സൂക്ഷ്മസ്വരൂപത്തില്‍ സന്നിഹിതമായിരിക്കുന്ന വ്യക്തിപരമോ വൈകാരികമോ ഒക്കെയായ അനുഭവലോകങ്ങള്‍, ഭൂതകാലത്തെ ക്രമീകരിക്കുന്ന സൈദ്ധാന്തികക്രമങ്ങളില്‍ പരിഗണിക്കപ്പെടാതെപോകുന്ന, അഥവാ ‘സംഭവ’മൂല്യം കൈവരാതെ അനാഥമായി കയ്യൊഴി
യപ്പെടുന്ന സംഭവങ്ങള്‍… ഇങ്ങനെ ചരിത്രവിജ്ഞാനവും ചരിത്രവും തമ്മില്‍ അപരിഹാര്യം എന്നുതന്നെ പറയാവുന്ന ചില അകലങ്ങളുണ്ട്.

ചരിത്രവിജ്ഞാനത്തില്‍ ഇടം കിട്ടാതെ പോവുന്ന ചരിത്രത്തിന്റെ ഈ അഗാധശ്രുതികളെ അഭിസംബോധന ചെയ്യാന്‍ നോവലിന് കഴിവുണ്ട്. നോവലിന്റെ ചരിത്രമൂല്യത്തിന്റെ അടിസ്ഥാനവും അതാണ്. അത് മേല്പറഞ്ഞതരം സൂക്ഷ്മശ്രുതികളെ കണ്ടെടുക്കുകയും ചരിത്രത്തെനിര്‍ണ്ണയിക്കുന്ന സംഭവലോകങ്ങളുമായി അവയെ ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു. അതുവഴി ഭൂതകാലസംഭവങ്ങളും ചരിത്രവസ്തുതകളായി ജഡീഭവിക്കാത്ത അനുഭവ
ലോകവും ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ലോകയാഥാര്‍ഥ്യത്തിന്റെ സവിശേഷക്ര
മങ്ങളിലൊന്ന് പിറവിയെടുക്കുന്നു. ചരിത്രം വിദൂരസ്ഥവും വസ്തുവത്കൃതവുമായ കുറെയേറെ വിവരങ്ങളുടെയും വസ്തുതകളുടെയുംവിന്യാസമായിരിക്കുന്നതിനു പകരം സമകാലികവും അനുഭവനിഷ്ഠവുമായ ഒന്നായി പരിണമിക്കുന്നു. ചരിത്രവിജ്ഞാനം ഒഴിച്ചുനിര്‍ത്തിയ അനുഭവമേഖലകള്‍, വൈകാരികലോകങ്ങള്‍, ദൈനംദിനത്വം തുടങ്ങിയവയെയെല്ലാം അവിടെ ഇടം കണ്ടെത്തുന്നു. അതോടെ വര്‍ത്തമാനമായി, അനുഭവനിഷ്ഠമായി, പ്രവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ ബലതന്ത്രങ്ങളെ നാം മുഖാമുഖം അഭിസംബോധന ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു.

കേരളത്തിന്റെ സമീപകാലചരിത്രത്തിലെ സവിശേഷമായ അടരുകളിലൊന്നിലെ സൂക്ഷ്മാനുഭവങ്ങളെ ചരിത്രമായി പുനര്‍വിന്യസിക്കുന്ന നോവലാണ് ഗഫൂര്‍ അറയ്ക്കലിന്റെ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലാരംഭിച്ച് സമകാലികലോകം വരെ പടര്‍ന്നുകിടക്കുന്ന കാലയളവാണ് ഈ നോവലിന്റെ കാലപരമായ അതിര്‍ത്തി. മൂന്നോ-നാലോ പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യം വരുന്ന ഈ കാലയളവിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവചരിത്രവുമായി ചേര്‍ത്തുവയ്ക്കുന്ന ആഖ്യാനമായാണ് ഗഫൂര്‍ തന്റെ നോവല്‍ സംവിധാനം ചെയ്തിട്ടുള്ളത്. വണ്ടിപ്പേട്ട എന്ന പ്രാന്ത
മേഖലകളിലൊന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന Textലോകനാഥന്റെ ജീവിതത്തിലൂടെയും സ്വപ്നത്തിലൂടെയും നോവല്‍ മാറിമാറി സഞ്ചരി
ക്കുന്നു. അതുവഴി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സുദീര്‍ഘച
രിത്രത്തെ നോവലിലെ താരതമ്യേന വളരെ ചെറിയ കഥനമേഖലയിലേക്ക് ആനയിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു. അതുവഴി ചരിത്രത്തിന്റെ വിശാലഭൂപടം ഒരു ഗ്രാമത്തിന്റെ കോണിലെ കോളനികളിലൊന്നിലെ അനുഭവലോകമായി ഇതള്‍ വിരിയുകയും ചെയ്യുന്നു.

പരസ്പരബന്ധിതമായ രണ്ടു പ്രമേയങ്ങളെ മുന്‍നിര്‍ത്തിയാണ് നോവലിലെ ആഖ്യാനം വികസിക്കുന്നത്. അതിലൊന്ന് ലോകനാഥന്‍, അയാളുടെ ഭാര്യ പ്രഭ, മകള്‍ സമത എന്നിവരുടെ ജീവിതകഥയാണ്. ഓയില്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയായ, പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറികൂടിയാണ് ലോകനാഥന്‍. അവിടെ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിലെ ലോകനാഥന്റെ പങ്കാളിത്തവുമാണ് കഥയെ മുന്നോട്ടു
കൊണ്ടുപോകുന്ന ഒരു ഘടകം. ഇതിന് സമാന്തരമായി പ്രസ്ഥാനത്തിന്റെ സുദീര്‍ഘമായ ചരിത്രഭൂതകാലവും ഒപ്പംതന്നെ അതിന്റെ വര്‍ത്തമാനകാല ഗതിവേഗങ്ങളും നോവലില്‍ കടന്നുവരുന്നുണ്ട്. ഈ രണ്ടു പ്രമേയങ്ങളും ഇഴപിരിഞ്ഞ് മുന്നേറുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്. പ്രസ്ഥാനത്തിന്റെ സുദീര്‍ഘചരിത്രവും അതിന്റെ പ്രാദേശികമായ ഒരാവിഷ്‌കാരസ്ഥാനവും തമ്മിലുള്ള വിനിമയങ്ങളെ ലോകനാഥന്റെ ജീവിതദൃശ്യങ്ങളിലൂടെ നോവലിസ്റ്റ് തന്റെ രചനയില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. അങ്ങനെ ത്രിമുഖമായ ഒരു ജീവിതലോകം ഈ രചനയില്‍ സന്നിഹിതമായിരിക്കുന്നു എന്നു പറയാം.

വര്‍ത്തമാനത്തിന്റെ ചരിത്രം എന്ന് തുടക്കത്തില്‍ സൂചിപ്പിച്ച പ്രമേയത്തിലേക്ക് വരാം. ഈ നോവലിനെ അത്തരമൊരു അനുഭവചരിത്രത്തിന്റെ ലോകമാക്കുന്നത് ലോകനാഥന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങളാണ്. അയാളുടെ സ്വപ്നദൃശ്യങ്ങളില്‍ തെളിയുന്ന മുസഫര്‍ അഹമ്മദ് മുതലാരംഭിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രമാണ് അതില്‍ പ്രധാനം. ലോകനാഥന്റെ ദലിത് ജീവിതവും അതിന്റെ ഭൂത-വര്‍ത്തമാനങ്ങളുമാണ് മറ്റൊരു ഘടകം. ഇന്ത്യന്‍ സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തിലെ പ്രബല സ്വാധീനമായി മാറിയ മതവര്‍ഗ്ഗീയതയും അതിന്റെ അക്രമോത്സുകമായ കടന്നുകയറ്റങ്ങളുമാണ് മൂന്നാമത്തെ ഘടകം. ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യാചരിത്രത്തെയും കേരളീയ ജീവിതത്തെയും നിര്‍ണ്ണയിച്ച ഘടകങ്ങളില്‍ ഇവയ്ക്ക് മൂന്നിനും സുപ്രധാനമായ പങ്കുണ്ട്. ഈ ഘടകങ്ങളെ ലോകനാഥന്റെ വ്യക്തിജീവിതത്തിലേക്കും അയാള്‍ക്കു ചുറ്റുമുള്ള നാട്ടുജീവിതത്തിന്റെ അടരുകളിലേക്കും സൂക്ഷ്മവും സമര്‍ത്ഥവുമായി കൂട്ടിയിണക്കിക്കൊണ്ടാണ് ഗഫൂര്‍ അറയ്ക്കല്‍നോവല്‍ രചിച്ചിരിക്കുന്നത്. വിപുലമായ സാമൂഹ്യചരിത്രത്തെ അനുഭവനിഷ്ഠമായി തന്റെ ആഖ്യാനത്തില്‍ സന്നിവേശിപ്പിക്കുന്നതില്‍ നോവലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്ന വൈദഗ്ധ്യമാണ് ഈ രചനയെ മികവുറ്റതാക്കുന്ന ഘടകം.

കലയിലെയും സാഹിത്യത്തിലെയും ചരിത്രമൂല്യത്തെ സംബന്ധിക്കുന്ന സുപ്രധാനമായ ഒരു വസ്തുതയും ഇതാണ്. സാമൂഹ്യചരിത്രത്തെ സംബന്ധിച്ച് ചരിത്രവിജ്ഞാനം നല്കിയ ധാരണകളുടെ പകര്‍പ്പായിരിക്കുക എന്നതിലല്ല സാഹിത്യത്തിന്റെ/കലയുടെ ചരിത്രമൂല്യം കുടികൊള്ളുന്നത്. മറിച്ച് സാമൂഹ്യചരിത്രത്തെ നിര്‍ണ്ണയിച്ച ബലങ്ങളെ അനുഭവനിഷ്ഠമായും അവയിലെ ആന്തരിക
വൈരുധ്യങ്ങളെ മുന്‍നിര്‍ത്തിയും ആവിഷ്‌കരിക്കാന്‍ കഴിയുമ്പോഴാണ്. ഈ നോവല്‍ ഫലപ്രദമായി നിറവേറ്റിയ കാര്യങ്ങളിലൊന്നും അതുതന്നെയാണ്. സാമൂഹികചരിത്രത്തിന്റെ ബലതന്ത്രത്തെ ഒരനുഭവസ്ഥാനത്തേക്ക് ചേര്‍ത്തുവയ്ക്കുക. അതോടെ ചരിത്ര
വിജ്ഞാനം പറഞ്ഞതിനപ്പുറത്തേക്ക് അത് കടന്നുകയറും. തൃഷ്ണകളുടെയും പ്രത്യാശയുടെയും നൈരാശ്യങ്ങളുടെയും എല്ലാം ലോകമായി ചരിത്രം തെളിഞ്ഞുവരും. ചരിത്രവിജ്ഞാനം അമര്‍ച്ചചെയ്ത അനുഭവമേഖലകള്‍ ചരിത്രത്തിന്റെ കളിക്കളമായി മാറും. അവിടെ മനുഷ്യര്‍തങ്ങളുടെ ചരിത്രജീവിതത്തിലെ കര്‍ത്താക്കളായും പ്രജകളായും പങ്കുചേരുകയും ചെയ്യും.

ഈ നിലയില്‍, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കേരളീയമായ അനുഭവചരിത്രവും അതിലെ ആന്തരികവൈരുധ്യങ്ങളും സൂക്ഷ്മരൂപത്തില്‍ ഗഫൂറിന്റെ നോവലില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ജാതീയത, പുരുഷാധികാരം, മധ്യവര്‍ഗ്ഗവത്കരണം, അരാഷ്ട്രീയത എന്നിവയൊക്കെ പ്രസ്ഥാനശരീരത്തിലേക്ക് പടരുന്നതിന്റെയും, അതിനിടയില്‍ ആദര്‍ശാത്മകമായ രാഷ്ട്രീയനിലപാടിനായി നിലകൊള്ളുന്നവര്‍ നേരിടുന്ന പ്രതിസന്ധികളുടെയും ചിത്രം ഈ രചന മികവോടെ ആവിഷ്‌കരിക്കുന്നു. അതിലൂടെ തന്റെ കാലത്തിന്റെയും പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയചരിത്രത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യുകയാണ് ഗഫൂര്‍ അറയ്ക്കല്‍. ചരിത്രത്തില്‍ വേരുകളില്ലാത്ത മുന്‍വിധികളില്‍നിന്നല്ല ഗഫൂര്‍ ആഖ്യാനത്തിന്റെ കരുക്കള്‍ കണ്ടെത്തുന്നത്. മറിച്ച് അഗാധമായ ചരിത്രസംഘര്‍ഷങ്ങളില്‍നിന്ന് കണ്ടെടുത്ത കരുക്കള്‍ കൊണ്ട് പണിതീര്‍ത്ത നോവലാണിത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.