DCBOOKS
Malayalam News Literature Website

മഥുരാപുരിയിലേക്ക് മടങ്ങിയ “മുരളിക”

അമ്പലപ്പുഴ രാജഗോപാൽ

മലയാളത്തിന്റെ മധുരവും ഭക്തിയുടെ തൃമധുരവുമായ എസ്. രമേശൻനായർ വിടവാങ്ങി. ചൈതന്യ ധന്യമായ ഭക്തിഗാനങ്ങൾ കൊണ്ട് ഭാഷയെ എന്നപോലെ ആദ്ധ്യാത്മ സഹസ്രങ്ങളെ കുളിരണിയിച്ച ആ ധന്യത ഇനി ആദര പൂർണമായ ഒരു ഓർമ്മ മാത്രമായി മാറി. അർത്ഥ പുഷ്കലവും ആത്മപരിശോധനാപരവുമായ കവിതകൾ കൊണ്ട് കവിതകൾ കൊണ്ടും വേദോപനിഷത്തുകളിൽ നിന്നും ആർജിച്ച ദാർശനികത കൊണ്ടും തന്റെ സാഹിത്യജീവിതത്തിൽ കൃതഹസ്തൻ ആണ് രമേശൻ നായർ.

“ഗുരുവായൂരൊരു മഥുര
എഴുതിയാൽ തീരാത്ത കവിത
ഒഴുകാതെ ഒഴുകുന്ന യമുന
ഭക്തഹൃദയങ്ങളിൽ സ്വർണ്ണ ദ്വാരക”

പലപ്പോഴും ഈ വരികൾ കേട്ട് കണ്ണു നിറഞ്ഞിടും….ഒഴുകാതെ ഒഴുകുന്ന യമുന പോലെ…

തന്റെ ജന്മം ഭഗവാന്റെ പവിഴാധരം മുത്തുന്ന മുരളിക ആണെന്ന് കാണുകയും, അവിടുത്തെ മാധുര്യം എല്ലാം തിരയടിച്ചിളകുന്ന കണ്ഠവുമായി, മനസ്സുമായി ഭാഷയെ പ്രണയിച്ചും ഭഗവാനോട് എന്നപോലെ പ്രണയിച്ചും തപസ്സനുഷ്ഠിച്ച അദ്ദേഹത്തെ ഋഷി കവി എന്നോ ഭക്തകവി എന്നൊ ഒക്കെയാണ് വിശേഷിപ്പിക്കേണ്ടത്.

പനിനീരിന്റെ മണവും ഹരിചന്ദനത്തിന്റെ വിശുദ്ധിയും ഒത്തുചേർന്ന് ദയാർദ്രമായി സൃഷ്ടിക്കുന്ന ആ രചനാവൈഭവം ഒന്ന് വേറെ തന്നെയാണ്. ഭാഷയുടെ പൂമുഖപ്പടിയിൽ വിശിഷ്യാ കവിതയുടെ പൂമുഖവാതിൽക്കൽ സ്നേഹം തുളുമ്പുന്ന ഭക്തിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ ജ്ഞാന സത്ത സ്വാർത്ഥത കൊണ്ട് മൃൺമയമായ മനസ്സിനെ പോലും പ്രതീക്ഷാഭരിതം ആക്കിയിട്ടുണ്ട്.

പ്രഗല്ഭനായ കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്.രമേശൻ നായർ.2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും വെണ്ണിക്കുളം പുരസ്കാരവും ലഭിച്ചു. ആശാൻ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2018 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം “ഗുരുപൗർണമി ” എന്ന കാവ്യസമാഹാരത്തിനു ലഭിച്ചു. മഹാകവികൾ ആയ ഉള്ളൂരിന്റെയും കുമാരനാശാനെയും ഇടശ്ശേരിയുടെയും ഭക്ത മഹാകവി പൂന്താനത്തിന്റെയും പേരിലുള്ള പുരസ്കാരവും കേരളപാണിനി ഏ .ആർ രാജരാജവർമ്മ യുടെ പേരിലുള്ള ബഹുമതിയും ആ അനുഗ്രഹീത പ്രതിഭയെ തേടിയെത്തി.

ഗുരുദേവനെ ഉപാസിച്ച ഗുരുപൗർണമിയും തമിഴിലെയും സംസ്കൃതത്തിലെയും ഗ്രാഹ്യത തെളിയിക്കുന്ന തിരുക്കുറൽ വിവർത്തനവും എല്ലാം ആ കാവ്യ ജീവിതത്തിന്റെ മഹത്തായ സംഭാവനകളാണ്.ഗുരുദേവനെ മനസ്സുകൊണ്ട് തൊട്ടറിഞ്ഞ ഒരു മഹാ ഗുരുത്വം എസ്. രമേശൻ നായർക്ക് ഉണ്ടായിരുന്നു.

പാരമ്പര്യത്തിന് ഭദ്രത കാത്തുസൂക്ഷിച്ച കാവ്യകൗതുകം അദ്ദേഹത്തിന്റെ രചനയിൽ സുതരാം വ്യക്തമാണ്. ഏതാണ്ട് മൂവായിരത്തിലേറെ ഭക്തിഗാനങ്ങൾ ആ കൈ കൊണ്ട് എഴുതി. ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സംഭാവന വേറെയും. 450 ഗാനങ്ങൾ ആ മേഖലയ്ക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ രചനകൾ പദ്യം ആയാലും ഗദ്യം ആയാലും വർത്തമാനവായയിൽ എന്നല്ല എക്കാലത്തെയും തലമുറകൾക്ക് തികച്ചും ആസ്വാദനക്ഷമമാണ്. യൗവനത്തിന്റെ സംഭാവനയാണ് ജന്മ പുരാണം എന്ന കാവ്യ ആഖ്യായിക.

കവിതാ സമാഹാരങ്ങളും ബാലസാഹിത്യകൃതികളും വിവർത്തനങ്ങളും ആയി നിരവധി കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്.സൂര്യഹൃദയം, ജന്മ പുരാണം, അഗ്രേപശ്യാമി എന്നിവയും ആൾരൂപം, സ്ത്രീപർവം, വികട വൃത്തം,ശതാഭിഷേകം, കളിപ്പാട്ടങ്ങൾ,ഉറുമ്പ് വരി, കുട്ടികളുടെ ചിലപ്പതികാരം, കൂടാതെ സുബ്രഹ്മണ്യ ഭാരതിയുടെ കവിതകൾ,സംഗീതക്കനവുകൾ എന്നിങ്ങനെ സാഹിത്യ സംഗീതമയമാക്കിയ ആ ജീവിതം എത്രയോ മഹത്തരമാണ്.

ഭാഷയുടെ ശുദ്ധിയും പ്രയോഗത്തിന്റെ കരുതലും എസ്.രമേശൻ നായരെ മലയാളത്തിന്റെ കവനകൗമുദി ആക്കിമാറ്റി. പുളകോദ്ഗമമായ വരികൾ കൊണ്ട് മയിൽപ്പീലിയും പുഷ്പാഞ്ജലിയും ധന്യമാക്കി.

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സബ് എഡിറ്ററായും ആകാശവാണി പ്രോഗ്രാം നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു.
1985 ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിന് ഗാനങ്ങൾ രചിച്ചു കൊണ്ടാണ് മലയാളചലച്ചിത്രരംഗത്തെക്ക് അദ്ദേഹം പ്രവേശിക്കുന്നത്.

തപസ്യ കലാസാഹിത്യവേദിയുടെ നിലവിലെ സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. 1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ആയിരുന്നു ജനനം. പിതാവ് ഷഡാനനൻ തമ്പി.മാതാവ് പാർവതിയമ്മ.

മലയാളത്തിന് എന്നും പ്രിയങ്കരനായ എസ്. രമേശൻ നായർ തന്റെ ഭക്തി ഗാനങ്ങളിലൂടെ.. ചലച്ചിത്ര ഗാനങ്ങളിലൂടെ..എന്നെന്നും സഹൃദയ മനസുകളിൽ ജീവിക്കുക തന്നെ ചെയ്യും.

Comments are closed.