DCBOOKS
Malayalam News Literature Website

രാമായണത്തിന് ഒരു സമകാലികവായന

ജി.ദിലീപന്റെ 'രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍' എന്ന പുസ്തകത്തിന് എന്‍ അജയകുമാര്‍ എഴുതിയ അവതാരിക

മ്മുടെ ഇതിഹാസങ്ങൾക്ക് ശ്രദ്ധേയങ്ങളായ പുനർവായനകൾ അടുത്തകാലത്തായി ലഭിച്ചുവരുന്നുണ്ട്. മുമ്പ് അങ്ങനെ നടന്നിട്ടില്ലെന്നല്ല അതിനർഥം. മാറിമാറിവരുന്ന സാംസ്‌കാരിക പരിതോവസ്ഥകളിൽ പുനർ​വായിക്കപ്പെടാനുള്ള ശേഷിയാണ് ഇതിഹാസങ്ങളെ നിത്യനൂതന​ങ്ങളായി നിലനിർത്തുന്നതെന്നു പറയാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽത്തന്നെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതവും വള്ളത്തോൾ വാല്മീകിരാമായണവും സമ്പൂർണമായി വിവർത്തനം ചെയ്തു​തന്നത് ഇതിഹാസങ്ങളുടെ സ്വരൂപവും സ്വഭാവവും കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിച്ചു. അത് ഇതിഹാസങ്ങളെ മുൻനിർത്തി​യുള്ള ആലോചനകൾക്ക് ഊർജ്ജം നല്കുകയും ചെയ്തു. മുമ്പ്, ഭക്തി​ പ്രസ്ഥാനത്തിന്റെ ഭാഗമായി എന്ന് സാമാന്യമായി പറയാവുന്ന തരത്തിൽ ഇതിഹാസങ്ങൾ പലമട്ട് പുനരാഖ്യാനം ചെയ്തുവന്നിരുന്നതിൽ നിന്നു വ്യത്യസ്തമായ ചില നോട്ടങ്ങൾക്ക് ആ വിവർത്തനങ്ങളും തുണയായി.

പഴയ പുനരാഖ്യാനങ്ങളിൽനിന്ന് പുതിയ, അതായത് ഇരുപതാം നൂറ്റാണ്ടിലുണ്ടായ പഠനങ്ങൾ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? രാമനെയും കൃഷ്ണനെയും സാമാന്യേന കേന്ദ്രമാക്കിയുള്ള കഥാഖ്യാന ങ്ങളാണു പഴയവയെങ്കിൽ വ്യത്യസ്ത അവസ്ഥകളിലൂടെ കടന്നു​പോകുന്ന കഥാപാത്രങ്ങളുടെ ജീവിതവും അതിലെ സംഘർഷമുഹൂർത്തങ്ങളും പുതിയവയിൽ പ്രധാനമായി. സാമാന്യവത്കരണത്തിന്റെ അപകടം അല്പമൊക്കെ ഉണ്ടാകുമെങ്കിലും ഈ നിരീക്ഷണത്തിൽ കഴമ്പുണ്ടെന്നുതന്നെ കരുതണം. സാഹിത്യത്തെക്കുറിച്ചുള്ള മാറിയ Textവീക്ഷണവും പുതിയ സാഹിത്യരൂപങ്ങളുമൊക്കെ ഇതിൽ പ്രേരണ ചെലുത്തിയിട്ടുണ്ട്. അതിനു​മുമ്പുതന്നെ സാഹിത്യത്തിൽ കാണാവുന്ന ഒരു മാറ്റവും ശ്രദ്ധേ​യമാണ്. എഴുത്തച്ഛന്റെ കാലത്തിനുശേഷം, പുരാണപുനരാഖ്യാനസ്വഭാവമുള്ള കാവ്യരൂപത്തിൽ വലിയ മാറ്റം കാണുന്നില്ല. എന്നാൽ അതിന്റെ തുടർച്ചകൾ അവഗണിക്കാൻ വയ്യാത്തവിധം ഉണ്ടുതാനും. അത്തരം പുനരാഖ്യാനങ്ങളെ നമ്മുടെ കവിതയുടെ മുഖ്യധാരയായി കരുതാമെങ്കിൽ, എഴുത്തച്ഛനുശേഷം അതിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് ഇരുപതാം നൂറ്റാണ്ടിനോടടുപ്പിച്ചാണെന്ന് സാമാന്യമായി പറയാം. അതേ​സമയം എഴുത്തച്ഛനുശേഷം പുതിയൊരു രംഗകലാസാഹിത്യം രൂപ​പ്പെട്ടു​വരുന്നു​ണ്ടെന്നു മാത്രമല്ല, മൂന്നു നൂറ്റാണ്ടെങ്കിലും അത് മലയാളത്തിൽ പ്രാധാന്യത്തോടെ നിലനില്ക്കുന്നുമുണ്ട്. ആട്ടക്കഥയാണ് ഇവിടെ വിവക്ഷിക്കുന്നതെന്നു പറയേണ്ടതില്ല. അതോടൊപ്പം തുള്ളലും പരിഗണി​ക്കേണ്ട​താണ്.

ആട്ടക്കഥകൾ കഥാഖ്യാനമെന്ന ധർമം തീരെ വിടുന്നില്ലെങ്കിലും സംഘർഷ​പ്രധാനമായ ജീവിതമുഹൂർത്തങ്ങളെ പരിചരിക്കുന്നതിൽ കൂടുതൽ ശ്രദ്ധവച്ചു; അത് ഏറിയ പങ്കും സ്ഥൂലമാണെന്നിരുന്നാൽപോലും. വിവിധ​ങ്ങളായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ ചേഷ്ട​കൾക്ക്, അതിലൂടെ വെളിപ്പെടുന്ന മാനസികസംഘർഷങ്ങൾക്ക് അവ​യിൽ മെല്ലെ തെളിമ കൈവരുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ അങ്ങനെ നോക്കാനുള്ള ചില സാധ്യതകൾ ആ സാഹിത്യം നല്കുന്നുണ്ട്. ഈ ആശ​യത്തെ ഇവിടെ പിന്തുടരേണ്ടതില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസപരിചരണരീതിക്കു മുൻപുതന്നെ, സ്ഥൂലമായെങ്കിലും അതിന്റെ ചില സ്വഭാവങ്ങൾ ഓർമിപ്പിക്കുന്ന പരപ്പാർന്ന ഒരു രംഗകലാസാഹിത്യം നമുക്കുണ്ടായിരുന്നുവെന്ന് ഓർക്കേണ്ടതാണ്. “രാമായണത്തിന്റെ ചരിത്ര​സഞ്ചാരങ്ങൾ’ എന്ന ഈ പഠനത്തിന് രംഗകലാസംസ്‌കാരവുമായി അവിട​വിടെയുള്ള ബന്ധവും ഇങ്ങനെയൊരാലോചനയ്ക്കു പ്രേരണയായി. അതി​ലേക്ക് പിന്നീടുവരാം.

എഴുത്തച്ഛന്റെ കിളിപ്പാട്ടിലൂടെ നാം മനസ്സിലാക്കിയതുപോലെ ലളിതമല്ല രാമായണം, സങ്കീർണത നിറഞ്ഞ ഉള്ളടരുകളോടുകൂടിയതാണത് എന്നു പറയുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിലുണ്ടായ ശ്രദ്ധാർഹ​ങ്ങളായ രാമായണപഠനങ്ങളുടെ ഒരു പ്രവൃത്തി. കഥാസംഗ്രഹരൂപത്തിലുള്ളതും ഭക്തികേന്ദ്രിതവുമായ പഠനങ്ങൾ അക്കാലത്തും പില്ക്കാലത്തും ഉണ്ടാവുന്നുണ്ടെങ്കിലും അവ ഇവിടെ പരിഗണിക്കേണ്ടതില്ല. അല്ലാത്തവയിൽ പ്രധാനപ്പെട്ട മൂന്നെണ്ണം സ്പർശിക്കാതിരിക്കുന്നതു ശരിയുമല്ല. ‘വാല്മീകിയുടെ ലോകത്തിൽ’(1954)എന്ന പേരിൽ പില്ക്കാലത്ത് സമാഹരിച്ചതും ഏകദേശം 1936 കാലത്ത് കേരളകൗമുദി വാരികയിൽ പ്രസിദ്ധീ​കരിച്ചതുമായ ഐ.സി. ചാക്കോയുടെ “രാമായണലേഖന’ങ്ങളാണ് അവ​യിൽ ഒന്ന്. 1940-ന്റെ ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതും പില്ക്കാലത്ത് “ആർഷസാഹിതി’ (1977) എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയതുമായ ദേശമംഗലത്തു രാമവാരിയരുടെ “രാമായണലേഖനങ്ങൾ’ മറ്റൊന്ന്. ഏതാണ്ട് അതേ കാലത്തുതന്നെ കുട്ടികൃഷ്ണമാരാര് രചിച്ചതും “ദന്തഗോപുര’ത്തിൽ ചേർത്തതുമായ ‘വാല്മീകിയുടെ രാമൻ’ (1947) മൂന്നാമത്തേതും. വേറെയുമുണ്ടാവാം. എങ്കിലും പ്രാധാന്യവും സൗകര്യവും പ്രമാണിച്ച് ഇവ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളു. സംസ്‌കൃതപണ്ഡിതരായ ഈ മൂന്നുപേരും വാല്മീകിരാമായണപാഠം വിശകലനം ചെയ്ത് രാമായണത്തെപ്പറ്റിയുള്ള പൊതുധാരണയെ അഥവാ ഭക്തികാവ്യമെന്ന നിലയിലുള്ള അതിന്റെ അസ്തിത്വത്തെ വിമർശി​ക്കുന്നു. അഭിഷേകവിഘ്‌നം നേരിട്ട സന്ദർഭത്തിലും സീത അപഹരിക്കപ്പെട്ടപ്പോഴുമെല്ലാം രാമനിലെ ഈശ്വരത്വമെന്നതിനെക്കാൾ മനുഷ്യത്വമാണു വെളി​പ്പെടുന്നതെന്നു മാരാർ നിരീക്ഷിക്കുന്നതും ശ്രദ്ധാർഹമാണ്. മാത്രമല്ല വാല്മീകിയുടെയും കാളിദാസ​ന്റെയും ആശാന്റെയും സീത എങ്ങനെ രാമനെ അതിവർത്തിച്ചു നില്ക്കു​ന്നുവെന്ന് അദ്ദേഹം സ്ഥാപിക്കുന്നതും പ്രസക്ത​മാണ്.

ആധുനികാർഥത്തിൽ നാം മനസ്സിലാക്കുന്ന സാഹിത്യമായാണ് മാരാര് രാമായണം വായിക്കുന്നത്. ‘ഭാരതപര്യടന’ത്തിൽ അദ്ദേഹം മഹാഭാരതം വായിക്കുന്നതും അങ്ങനെതന്നെ. അയവാർന്ന സാധ്യതകളിൽനിന്ന് ദൃഢ​മായ ചില ആസ്പദങ്ങളിലേക്ക് അർഥത്തെ ക്രേന്ദ്രീകരിക്കുകയെന്നത് ആധുനികമായ സാഹിത്യവായനയുടെ ഒരു പ്രധാനപ്രവൃത്തിയാണെന്നു പറയാം. മാരാരും അത്രത്തോളമില്ലെങ്കിലും ഇതരപണ്ഡിതന്മാരും ചെയ്യു​ന്നതും അതുതന്നെയാണെന്നു തോന്നുന്നു. അർഥത്തിന്റെ പ്രവൃത്തി​മണ്ഡലം വികസിക്കുന്നത് ഒരളവോളം കഥാപാത്രവ്യക്തിത്വത്തെ ചുറ്റിപ്പറ്റിയാണെന്നും പറയണം. ഇതിഹാസപാത്രങ്ങളെ സങ്കീർണ സ്വഭാവത്തോടുകൂടിയ വ്യക്തികളായി പുനർനിർണയിക്കുകകൂടി ഈ സാഹിത്യ​വായനയുടെ സ്വഭാവമാണെന്നു വരാം. മാരാരുടെ നിരൂപണങ്ങളിൽ നല്ലൊരു സ്ഥാനം പാത്രനിരൂപണത്തിനുണ്ടെന്നും അത് പഴയമട്ടിലുള്ള സംസ്‌കൃതസാഹിത്യ സമീപനരീതികളിൽ അത്ര വികസിച്ച ശാഖയല്ലെന്നും ഓർക്കാവുന്നതാണ്.

രാമായണത്തിന്റെ മൂലപാഠമായി വാല്മീകിരാമായണത്തെ കാണു​കയും അതിലെ പാഠത്തോടു കൂറു പുലർത്തിക്കൊണ്ട് സന്ദർഭങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണ് ഈ പഠനങ്ങളിൽ പൊതുവേയുള്ളത്. മാരാര് ഒരു ചുവടുകൂടി മുമ്പോട്ടുവച്ച് പാത്രവ്യക്തിത്വനിരൂപണം നടത്തുകയും ഇതിഹാസത്തിലെ സീതയുടെ പ്രാധാന്യം വ്യക്ത​മാക്കുകയും ചെയ്യുന്നു. എന്തായാലും രാമായണത്തെക്കുറിച്ചുള്ള മനസ്സി​ലാക്കലുകളെ ഇളക്കാനും ഉറപ്പിക്കാനും ഈ വായനകൾ അന്ന് വലിയ സഹായം നല്കി.

ഇതിവിടെ പറഞ്ഞത് ജി. ദിലീപന്റെ ഈ പഠനത്തിന് ആ വായനകളോട് ചില ചേർച്ചകളും അവയിൽനിന്ന് ചില ഇടർച്ചകളും ഉള്ളതുകൊണ്ടാണ്. രണ്ടു നിലയ്ക്കും അതുകൊണ്ട് അവ പ്രസക്തമാണ്. ജി. ദിലീപനും വാല്മീകി​രാമായണത്തെയാണ് സൂക്ഷ്മമായും വിശദമായും അനുസന്ധാനം ചെയ്യുന്നത്. പക്ഷേ, അത് സാമാന്യേന സാഹിത്യമെന്ന വ്യവഹാര​ത്തിന്റെ അർഥമണ്ഡലങ്ങളെ കവിഞ്ഞുപോകുന്നു. മാറിയ കാലത്തിന്റെ അർഥോത്കണ്ഠകളാണ് വാല്മീകിരാമായണവായനയെ ഇവിടെ പ്രവർ​ത്തനക്ഷമമാക്കുന്നത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.