DCBOOKS
Malayalam News Literature Website

ഉള്ളു തൊടുന്ന ചിന്തകളുടെ പുസ്തകം

ഒരു കലാലയത്തിലെ ഓഡിറ്റോറിയത്തില്‍ കവിസമ്മേളനം നടക്കുന്നു. കുറച്ചു കുറുമ്പും കുന്നായ്മകളും മേമ്പൊടിയായി തൂളിയ കവിതകളായിരുന്നു കൂടുതലും. കേള്‍വിക്കാരെ എന്നാലൊന്നു നടുക്കിയേക്കാമെന്ന മട്ടില്‍ കച്ചകെട്ടി ഇറങ്ങിയ കവികളുമുണ്ടായിരുന്നു. കുറച്ച് ഇരുട്ടിയപ്പോള്‍ ഒരു അതിഥിയെത്തി. സുഗതകുമാരി ടീച്ചര്‍. പുറത്തപ്പോള്‍ നനുത്തൊരു മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയുടെ പശ്ഛാത്തലത്തില്‍ അവര്‍ രാത്രിമഴയെന്ന കവിത ആലപിച്ചു. എത്ര പെട്ടെന്നാണ് നിലയില്ലാത്തൊരു മൗനം എല്ലാവരെയും കീഴ്പ്പെടുത്തിയത്. ഇടയ്ക്കെപ്പെഴോ വശങ്ങളിലേക്കു നോക്കിയപ്പോള്‍ മിക്കവാറും എല്ലാവരുടെ മിഴികളും സജലങ്ങളായികണ്ടു. ഒരു കവിത കേട്ടാല്‍ നനയുന്ന മട്ടില്‍ ജലരാശി പാവം മനുഷ്യര്‍ എവിടെയാണ് ഒളിപ്പിച്ചുവയ്ക്കുന്നത് ?

ജീവിതത്തിന്റെ തെളിനീരുറവകളിലേക്കു വഴിതെളിക്കുന്ന ചിന്തകള്‍ അവതരിപ്പിക്കുകയാണ് ബോബി ജോസ് കട്ടികാട്. 45 ലേഖനങ്ങളിലൂടെ. ലാളിത്യമാണ് ഈ ലേഖനങ്ങളിലെ എഴുത്തിന്റെ മുദ്ര. ഹൃദ്യമാണ് ഭാവം. ഒരു ദലമര്‍മരം പോലെയോ ഇളംകാറ്റു പോലെയോ തഴുകിയുണര്‍ത്തുന്ന ചിന്തകള്‍. വെളിച്ചവും കൂടുതല്‍ വെളിച്ചവും പകരുന്ന വാക്കുകള്‍. ഒരു പുതിയ മനുഷ്യനായി മാറ്റിയില്ലെങ്കിലും എല്ലാ തിന്‍മകളില്‍നിന്നും മുക്തി നല്‍കിയില്ലെങ്കിലും പാപങ്ങളില്‍നിന്നു പരിഹാരം പ്രതീക്ഷിക്കുന്നില്ലെങ്കിലും കുറേക്കൂടി നല്ല മനുഷ്യനാകാന്‍ കഴിഞ്ഞേക്കും ഈ വാക്കുകളിലൂടെ. സങ്കീര്‍ണതയോ വൈരുദ്ധ്യങ്ങളോ ഇല്ലാതെ ഏറ്റവും ലളിതമായി സൗഹൃദസംഭാഷണം പോലെ അവതരിപ്പിക്കുന്ന ചിന്തകള്‍.

Bobby Jose Kattikad-Ramaneeyam Ee Jeevithamജലത്തിന് ഒരു പ്രശ്നമുണ്ട്. ആദ്യം അതിലേക്കു ചവിട്ടുവാന്‍ ഒരു മടി തോന്നും. ചവിട്ടിയാലോ അകത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്ന അപ്രതിരോധ്യമായ ഒരു കാന്തികശക്തി അതിനുണ്ട്. അതുകൊണ്ടാണ് കുഞ്ഞുങ്ങളെ കടലില്‍ ഇറക്കരുതെന്ന് കടപ്പുറത്തുള്ളവര്‍ ശാഠ്യം പിടിച്ചിരുന്നത്. വേദപുസ്തകങ്ങളൊക്കെ പറയുന്ന കണക്ക് അതുയര്‍ന്നുപൊങ്ങി മുട്ടോളം..അരയോളം..തോളോളം.. ജലസമാധിയാണു നിങ്ങളുടെ വിധിയെങ്കില്‍ ദൈവം കാക്കട്ടെ.

ബോബി ജോസ് കട്ടികാടിന്റെ ചിന്തകള്‍ ക്രിസ്ത്യന്‍ വിശാസങ്ങളും ആചാരങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല. ഹിന്ദു തത്ത്വചിന്തയും ബുദ്ധനുമൊക്കെ ഇവിടെ ഉദാരമായി കടന്നുവരുന്നു. നന്‍മയുള്ള വാക്കുകള്‍ തോരാമഴ പോലെ പെയ്യുന്നു. സ്നേഹം സമുദ്രമായി പൊതിയുന്നു. സാന്ത്വനമെന്ന ആകാശത്തിനു ചുവട്ടില്‍ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ അഭയം കണ്ടെത്തുന്നു.

ബുദ്ധന്റെ ഒരു ശിഷ്യനെക്കുറിച്ചുള്ള കഥ നോക്കുക.

ആ ശിഷ്യന്‍ ബുദ്ധിയില്‍ പിന്നാക്കമായിരുന്നു. എത്ര ശ്രമിച്ചിട്ടും പ്രാര്‍ഥനകളും ഗീതങ്ങളുമൊന്നും മനഃപാഠമാക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ മറ്റു ശിഷ്യന്‍മാര്‍ ഇയാളെ കളിയാക്കുന്നതും പതിവായിരുന്നു. ഒരുദിവസം ബുദ്ധന്‍ ബുദ്ധിയില്ലാത്തവന്‍ എന്നാക്ഷേപിക്കപ്പെട്ട ശിഷ്യനെ അടുത്തുവിളിച്ചു പറഞ്ഞു: പ്രാര്‍ഥനകള്‍ മനഃപാഠമാക്കാന്‍ നിനക്കു കഴിയുന്നില്ലല്ലോ. ഇനി നീ ഒരു കാര്യം ചെയ്യുക. ഗോപുരകവാടത്തിലേക്കു പോകുക. ഇവിടെ വരുന്ന ഭക്തരുടെ ചെരുപ്പുകള്‍ വൃത്തിയാക്കുക.

അനുസരിക്കാന്‍ അറിയാമായിരുന്ന, ചോദ്യം ചെയ്യുന്നതിന്റെ അഹങ്കാരം തീരെ ഇല്ലാതിരുന്ന ശിഷ്യന്‍ ഗുരു പറഞ്ഞതു കേട്ടു. ഗോപുരകവാടത്തില്‍ അയാള്‍ വര്‍ഷങ്ങളോളം ഭക്തരുടെ ചെരുപ്പുകള്‍ തുടച്ചുവൃത്തിയാക്കി സന്തോഷത്തോടെ ജോലി ചെയ്തു.

ഇനിയാണ് അതിശയം. പ്രാര്‍ഥനകള്‍ മനഃപാഠമാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പഴി കേട്ട ആ ശിഷ്യനു ബോധോധയം ലഭിച്ചു. ബുദ്ധനെ അനുഗ്രഹിച്ച അതേ അറിവിന്റെ വെളിച്ചം. അയാളെ കളിയാക്കിയ ശിഷ്യരാകട്ടെ പ്രാര്‍ഥനകളും ചൊല്ലി അഹങ്കാരത്തിന്റെ സിംഹാസനങ്ങളില്‍ ബോധോധയം കാത്തുകഴിയുന്നു.

അറിവിനെക്കുറിച്ചു പറയുമ്പോള്‍ സരസ്വതി ദേവിയെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ. അറിവിന്റെ, വിദ്യയുടെ, ജ്ഞാനത്തിന്റെ ദേവത ഇരിക്കുന്നതു താമരപ്പൂവില്‍ ! അറിവു കൂടുന്തോറും ഭാരം കൂടുകയല്ല, കുറയുകയാണ് എന്നു മനസ്സിലാക്കാന്‍ ഇതിലും നല്ല ഉദാഹരണം വേണോ.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ബോബി ജോസ് കട്ടികാടിന്റെരമണീയം ഈ ജീവിതം‘ എന്ന പുസ്തകത്തിന് ജി.പ്രമോദ് എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ ഓൺലൈൻ

Comments are closed.