DCBOOKS
Malayalam News Literature Website

ചിത്രകാരന്റെ യാത്രാവഴികളിലൂടെ…

രൂപിക ചൗളയുടെ ‘രാജാ രവിവര്‍മ്മ കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍’ എന്ന പുസ്തകത്തിന് വിവര്‍ത്തകന്‍ പി. പ്രകാശ് എഴുതിയ കുറിപ്പ്

പൂച്ചെണ്ടുകളും കല്ലേറുകളും ഏറ്റുവാങ്ങേണ്ടി വന്ന കലാകാരനാണു രാജാരവിവര്‍മ്മ; അദ്ദേഹം ജീവിച്ചിരുന്ന കാലത്തും മരിച്ചതിനുശേഷവും. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചിത്രകാരന്‍ ആരാണെന്ന ചോദ്യത്തിന് പറയാവുന്ന മറുപടി ‘രവിവര്‍മ്മ’ എന്നുതന്നെയാണ്. ഇന്ത്യയില്‍ ആദ്യമായി പുരാണങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിന് അക്കാദമിക് റിയലിസം വിജയകരമായി പരീക്ഷിക്കുകയും ഛായാചിത്രരചനയില്‍ പാശ്ചാത്യസങ്കേതങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത കലാകാരന്‍ ആരെന്ന ചോദ്യത്തിനും ഉത്തരം അതുതന്നെ. അക്കാര്യത്തില്‍ ആരും തര്‍ക്കത്തിനു വരുമെന്നു തോന്നുന്നില്ല.

അന്‍പത്തെട്ടുവര്‍ഷം മാത്രം നീണ്ട ജീവിതത്തിനിടയില്‍ ഏതാണ്ട് രണ്ടായിരത്തോളം കലാസൃഷ്ടികളാണ് ആ അനുഗൃഹീതകരങ്ങളില്‍നിന്നു പിറന്നത്. അവയില്‍ പലതും അപൂര്‍വ്വമായ കലാമേന്മകൊണ്ട് അനുഗ്രഹിക്കപ്പെട്ടവയുമായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം മുദ്രപ്പകര്‍പ്പുകള്‍ (ഓലി യോഗ്രാഫ്) പുറത്തിറങ്ങിയിട്ടുള്ളതും രവിവര്‍മ്മ ചിത്രങ്ങളുടേതുതന്നെ. വ്യാജപ്പകര്‍പ്പുകളുടെ കാര്യത്തിലും ഒന്നാംസ്ഥാനം മറ്റാര്‍ക്കുമല്ല എന്നതും ഒരു വസ്തുതയാണ്.

ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന ചിരപുരാതന വിശ്വാസവുമായി ഏറ്റുമുട്ടുന്നതാണല്ലോ ‘അങ്ങനെയല്ലാ മനുഷ്യന്‍ ദൈവത്തെയാണ് സൃഷ്ടിച്ചത്’ എന്ന നാസ്തികന്മാരുടെയും യുക്തിവാദികളുടെയും പ്രമാണം. രവിവര്‍മ്മയെ സംബന്ധിച്ച് നമുക്കൊരു കാര്യം ഉറപ്പിച്ചുപറയാം. ഇന്ത്യയില്‍ വളരെ വ്യാപകമായി പ്രചാരത്തിലുള്ള പല ദേവീദേവന്മാരുടെയും ഇന്നു കാണുന്ന രീതിയിലുള്ള ദൃശ്യരൂപത്തിനു നാം കടപ്പെട്ടിരിക്കുന്നത് രവിവര്‍മ്മ എന്ന ചിത്രകാരനോടാണ്. വിദ്യാദേവതയായ ‘സരസ്വതി’യും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയായ ‘ലക്ഷ്മി’യും അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളാണെന്നു പറയുന്നതില്‍ തെറ്റില്ല. അതിന്റെപേരില്‍ പില്ക്കാലത്ത് അദ്ദേഹം ‘കലണ്ടര്‍ കലാകാരന്‍’ എന്ന് വളരെയധികം ആക്ഷേപിക്കപ്പെട്ടുവെങ്കിലും.

സ്ത്രീയുടെ സൗന്ദര്യം ഏറ്റവും ചേതോഹരമായി കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രകാരനും രവിവര്‍മ്മതന്നെയാണ്. ശകുന്തളയും ദ്രൗപദിയും സീതയും ദമയന്തിയും മത്സ്യഗന്ധിയും മോഹിനിയും മേനകയുമൊക്കെ അതിന്റെ മികച്ച ദൃഷ്ടാന്തങ്ങളും. പ്രണയലേഖനമെഴുതുന്ന ശകുന്തളയും കാലില്‍കൊണ്ട മുള്ള് എടുത്തുകളയുന്നതിനായി പിന്നിലേക്കു തിരിഞ്ഞു കാലുയര്‍ത്തിനില്‍ക്കുന്ന ശകുന്തളയും മദ്യചഷകവു മായി കീചകന്റെ അടുത്തേക്കുപോകുന്ന സൈരന്ധ്രിയും ഹംസത്തോടു സന്ദേശം പറഞ്ഞു കൊടു ക്കുന്ന ദമയന്തിയും മാത്രമല്ല അതാ അച്ഛന്‍ വരുന്നു എന്ന ചിത്രത്തിലെ യുവതിയായ അമ്മ യും ദേഹത്ത് നനഞ്ഞൊട്ടിയ പുടവയുമായി കുളക്കടവില്‍ നില്‍ക്കുന്ന തരുണിയുമൊക്കെ മുഗ്ദ്ധമായ നാരീസൗന്ദര്യത്തിന്റെ Textപ്രതീകങ്ങളാണ്. പല രാജാക്കന്മാരും ഈ സൗന്ദര്യം കണ്ടു കണ്‍കുളിര്‍ക്കുന്നതിനു വേണ്ടിയാണ് രവിവര്‍മ്മയുടെ പെയിന്റിങ്ങുകള്‍ അക്കാലത്ത് കനത്ത വില നല്‍കി കരസ്ഥമാക്കാന്‍ തയ്യാറായതുതന്നെ. കൊതുകുവലയ്ക്കുള്ളിലെ നായര്‍ യുവതി തന്നെ വല്ലാതെ ആകര്‍ഷിച്ചതിനാല്‍ അവളെ തനിക്കു സ്വന്തമാക്കിയേ തീരൂ എന്ന് ഒരു ദിവാന്‍ ചിത്രകാരനോടു പറയുകപോലുമുണ്ടായി!

കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതിനും അവര്‍ക്കിടയില്‍ ഏകതാമനോഭാവം ഉണര്‍ത്തുന്നതിനും രവിവര്‍മ്മയുടെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ ഒട്ടൊക്കെ സഹായിച്ചിട്ടുണ്ടാകാമെന്നതു സത്യമാണ്. ഇന്ത്യന്‍ മനസ്സുകളില്‍ അതിപുരാതനകാലം മുതല്‍ സ്ഥാനം പിടിച്ചിട്ടുള്ള പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദര്‍ഭങ്ങള്‍ രവിവര്‍മ്മയുടെ രചന കളിലൂടെ ദൃശ്യരൂപം കൈക്കൊണ്ടപ്പോള്‍ അവ യും ദേശീയബോധം ഉണര്‍ത്താന്‍ വളരെയധികം സഹായകമായി. പക്ഷേ, അരവിന്ദഘോഷിനെയും രവീന്ദ്രനാഥടാഗോറിനെയും സിസ്റ്റര്‍ നിവേദിതയെയുംപോലെയുള്ള ദേശീയനേതാക്കന്മാര്‍ രവിവര്‍മ്മയെ ആദ്യമൊക്കെ പ്രശംസിച്ചെങ്കിലും പിന്നീട് പാശ്ചാത്യമായ ശൈലിയുടെയും സങ്കേതങ്ങളുടെയും പ്രയോക്താവെന്ന നിലയില്‍ അദ്ദേഹത്തെ അതിനിശിതമായി വിമര്‍ശിക്കുകയാണുണ്ടായത്. ചിത്രകലയിലെ ഭാരതീയ പൈതൃകത്തെ നിരാകരിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ഏറ്റവും വലിയ ആക്ഷേപം. ഹൈന്ദവ ദേവീദേവന്മാരെയും മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി നാടകീയ മൂഹൂര്‍ത്തങ്ങളെയും എന്നെന്നും ഓര്‍മ്മിക്കത്തക്കരീതിയില്‍ സ്വന്തം രചനകളിലൂടെ പുനഃസൃഷ്ടിച്ച ഒരു കലാകാരനെ സംബന്ധിച്ച് ഇതൊരുവിരോധാഭാസം ആണെന്നുതന്നെ പറയേണ്ടിവരും.

ഇന്ത്യന്‍ ചിത്രകാരന്മാരില്‍ ഇത്രയധികം ദേശസഞ്ചാരവും നടത്തിയ ഒരാള്‍ വേറേ കാണില്ല. തൊഴില്‍ സംബന്ധമായി തിരുവിതാംകൂറിനു പുറത്ത് മൈസൂര്‍, പുതുക്കോട്ട, മദ്രാസ്, ബറോഡ, ബോംബെ, ഉദയ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം പലതവണ സന്ദര്‍ശനം നടത്തുകയുണ്ടായി. സഞ്ചാരിയായ ചിത്രകാരന്‍ എന്ന വിശേഷണത്തിന് രവിവര്‍മ്മയെ അര്‍ഹനാക്കുന്നതും ഇതുതന്നെ.

ഈ പുസ്തകത്തിന്റെ രചയിതാവായ രൂപിക ചൗള പ്രശസ്തയായ ചിത്രം സൂക്ഷിപ്പുകാരി (കണ്‍സര്‍വേറ്റര്‍)യും ചിത്രകലയെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും അറിയപ്പെടുന്ന കലാലേഖികയുമാണ്. അവരുടെ ഡല്‍ഹി സ്റ്റുഡിയോയില്‍ നിരവധി രവിവര്‍മ്മച്ചിത്രങ്ങളുണ്ട്. 1993-ല്‍ അവര്‍ മുന്‍കൈയെടുത്താണ് ദല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ രവിവര്‍മ്മ പെയിന്റിങ്ങുകളുടെ ഒരു വിപുലമായ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഇതിന്റെ രചനയ്ക്കുവേണ്ടി രൂപിക ചൗള നടത്തിയ ഗവേഷണത്തിന്റെയും കഠിന പരിശ്ര മത്തിന്റെയും സൂചനകള്‍ ഈ പുസ്തകത്തില്‍ തന്നെയുണ്ട്. രവിവര്‍മ്മയുടെ ലഭ്യമായ പെയിന്റിങ്ങുകളെല്ലാം തേടിപ്പിടിച്ച് അവയുടെ മൂലരൂപങ്ങളെവിടെയാണെന്നു കണ്ടെത്തുകയും അവിടങ്ങളില്‍ നേരിട്ടുപോയി ഇപ്പോഴത്തെ ഉടമസ്ഥ രുമായി ബന്ധപ്പെട്ട് ഓരോ പെയിന്റിങിന്റെയും പിന്നിലുള്ള കഥയും ചരിത്രവും മനസ്സിലാക്കുകയും നമുക്കുവേണ്ടി അതൊക്കെ രേഖപ്പെടുത്തുകയും ചെയ്തതിലൂടെ ഈ മഹതി ചെയ്തിട്ടുള്ളത് വലിയൊരു സേവനംതന്നെയാണ്. മഹാനായ ഒരു കലാകാരന്റെ കലാജീവിതത്തിലെ അറിയപ്പെടാത്ത പല അനുഭവങ്ങളും ഇതിലൂടെ വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ രവിവര്‍മ്മയുടെ മനോഹരങ്ങളായ നിരവധി പെയിന്റിങ്ങുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട് എന്നതാണ്. ഒപ്പം ഓരോന്നിനെയും സംബന്ധിച്ച വിശദമായ കുറിപ്പുകളും. ഇത്തരമൊരു ഗ്രന്ഥത്തില്‍ അതിന്റെ സാംഗത്യം കുറച്ചൊന്നുമല്ല.

രാജാരവിവര്‍മ്മയെ അടുത്തറിയാനാഗ്രഹിക്കുന്ന സാധാരണവായനക്കാര്‍ക്കും അദ്ദേഹത്തിന്റെ കലാരചനകളുടെ ആഴങ്ങള്‍ തേടുന്ന കലാവിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഒരനുഗ്രഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മഹാനായ ആ ചിത്രകാരന്റെ മാതൃഭാഷയിലേക്ക് ഇതു മൊഴിമാറ്റം നടത്താന്‍ കഴിഞ്ഞതില്‍ എനിക്കുമുണ്ട് അതിയായ സന്തോഷം; ഒപ്പം ചാരിതാര്‍ഥ്യവും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.