DCBOOKS
Malayalam News Literature Website

അന്നും ഇന്നും അവന് കൗമാരത്തിന്റെ സ്‌നേഹഭാവമായിരുന്നു…

ബിജു കാഞ്ഞങ്ങാടിനെ അനുസ്മരിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി വി ഷാജികുമാര്‍

കാലത്തില്‍ വിടവാങ്ങിയ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാടിനെ അനുസ്മരിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി വി ഷാജികുമാര്‍.

പി വി ഷാജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ബിജുവിനെ ആദ്യം കാണുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍. അന്നത്തെ സാഹിത്യവേദിയുടെ വെള്ളിയാഴ്ച ചര്‍ച്ചകളിലൊന്നില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയില്‍ ഒന്നാംസ്ഥാനം നേടിയ എന്റെ നാട്ടുകാരനായ നൗഷാദലിക്കൊപ്പം വന്നതായിരുന്നു അവന്‍. ഫിസിക്‌സ്‌ക്ലാസ് മുറിയിലെ ഉഷ്ണച്ചൂടില്‍ സാഹിത്യവേദിയിലെ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത് ബിജു. അവന്റെ ഉത്തരങ്ങള്‍ കാവ്യബോധമില്ലാത്ത എനിക്ക് മനസിലായില്ല.
അന്ന് ബിജുവിന്റെ കവിതകള്‍ മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി വരുന്നുണ്ട്. ആദ്യകാവ്യസമാഹാരം ഉടന്‍ ഇറങ്ങുന്നുണ്ടെന്ന് കൂടെക്കൂടിയവരോട് അവന്‍ പറഞ്ഞു. ഴ എന്നായിരുന്നു ആ പുസ്തകത്തിന് ഇട്ട പേര്. ഒരു പുസ്തകത്തിന് അങ്ങനെ പേരിടാമോയെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

അന്നും ഇന്നും അവന് കൗമാരത്തിന്റെ സ്‌നേഹഭാവമായിരുന്നു, പ്രായക്കൂടുതലായിട്ടും ഞാനവനെ ബിജു എന്ന് വിളിക്കാന്‍ കാരണവും അതാവാം.

അവന്റെ കവിതകളെയും വരകളെയും അവനെയും അടുത്തറിയുന്നത് കാസര്‍ഗോഡ് എല്‍ബിഎസ് എഞ്ചിനിയറിങ്ങ് കോളേജില്‍ എം സി എ പഠിക്കുമ്പോള്‍. അതികാലത്ത് വീട്ടില്‍ നിന്നിറങ്ങി, കാഞ്ഞങ്ങാട്ടെത്തി കിഴക്കുംകരയിലെ അവന്റെ കുഞ്ഞുവീട്ടിലേക്ക് ഞാന്‍ നടക്കും. പുസ്തകങ്ങളും ചിത്രങ്ങളും ഓഡിയോ കാസറ്റുകളും നിറഞ്ഞ അവന്റെ കുടുസ്സ് മുറി. അവിടെ പുല്‍പ്പായയിലിരുന്ന്, ലിറ്റില്‍ഫ്‌ലവര്‍ സ്‌കൂളില്‍ അവന്‍ അധ്യാപനത്തിനിറങ്ങും വരെ ഞങ്ങള്‍ സംസാരിച്ചിരിക്കും. പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന്റെ പാട്ടുകള്‍. ചൗരസ്യയുടെ ഈണങ്ങള്‍. അവന്റെ അനിയന്റെയും അമ്മയുടെയും ചേച്ചിയുടെയും കരുതലാര്‍ന്ന സ്‌നേഹം. അവന്റെ കൈയ്യിലെ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വിവരിക്കുന്ന വലിയ പുസ്തകങ്ങളില്‍ നിന്നാണ് ഞാന്‍ വാന്‍ഗോഗിനെയും ഗോഗോളിനെയുമൊക്കെ അറിയുന്നത്.

രാജേഷ് എഡിറ്ററും അംബികാസുതന്‍ മാഷ് സ്റ്റാഫ് എഡിറ്ററുമായിരുന്ന ‘മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിര്‍’ എന്ന നെഹ്‌റുകോളേജ് മാഗസിന്‍ ലേ ഔട്ട് ചെയ്യുമ്പോള്‍ ബിജുവിനൊപ്പം രാത്രിയോ പകലോ എന്നില്ലാതെ ദിവസങ്ങളോളം ഒന്നിച്ചുണ്ടായിരുന്നു. അവന്റെ ഗംഭീരമാര്‍ന്ന വരകളും തനിമയാര്‍ന്ന ലേ ഔട്ടും അല്‍ഭുതത്തോടെ ഞാന്‍ കണ്ടുനിന്നിട്ടുണ്ട്. മലയാള മനോരമയുടെ മികച്ച കാമ്പസ് മാഗസിനുള്ള അവാര്‍ഡ് അതിനായിരുന്നു. അവനില്‍ നിന്നാണ് ഞാന്‍ കവര്‍ ഡിസൈനും ലേഔട്ടും മനസിലാക്കിയത്.
ബിജുവിന്റെ ആദ്യകവിതാപുസ്തകം ഡി.സി.ബുക്‌സ് ഇറക്കിയപ്പോള്‍ പഠനം എഴുതാനുള്ള നിയോഗം എനിക്കായിരുന്നു. അതവന്റെ നിര്‍ബന്ധം, ശാഠ്യം. യാദൃശ്ചികമാവാം, അവന്റെ പുസ്തകം ഇറങ്ങിയ അതേ നേരത്ത് എന്റെ ആദ്യകഥാസമാഹാരവും ഡി സി ബുക്‌സില്‍ നിന്ന് പുറത്തുവന്നു. സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു കോളേജില്‍ വെച്ച് ഞങ്ങളുടെ പുസ്തകങ്ങള്‍ ഒന്നിച്ച് പ്രകാശനം ചെയ്യാമെന്ന് പറഞ്ഞത് അംബികാസുതന്‍ മാഷായിരുന്നു. ബിജു തന്നെ പ്രകാശനത്തിന്റെ ബ്രോഷറിന് മനോഹരമായ രൂപം കല്‍പ്പിച്ചു. വര്‍ണ്ണക്കടലാസില്‍ രണ്ട് പുസ്തകങ്ങള്‍ ഒന്നിച്ചുപൊതിഞ്ഞ് ചുവന്ന റിബ്ബണ്‍ കെട്ടിയതും അവന്‍. കോളേജ് ഹാളില്‍ വെച്ച് അനി മാഷ് (വി.എസ്. അനില്‍കുമാര്‍) പുസ്തകങ്ങള്‍ ഒന്നിച്ച് പ്രകാശിപ്പിക്കുമ്പോള്‍ ഒന്നിച്ചിറങ്ങിയതിന്റെയും ഒന്നിച്ച് പ്രകാശനം നടത്താന്‍ കഴിഞ്ഞതിന്റെയും ആനന്ദവും സന്തോഷവും ഞങ്ങള്‍ക്കുണ്ടായിരുന്നു.

ബിജു പോയി എന്ന് പുലര്‍ച്ചെ അറിയുമ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞത് ഒന്നിച്ച് പൊതിഞ്ഞ ഞങ്ങളുടെ ആദ്യപുസ്തകങ്ങള്‍. ‘തൊട്ടുമുമ്പ് മഞ്ഞയിലയോട്’ എന്നായിരുന്നു ആ പുസ്തകത്തിന് അവനിട്ട പേര്. മരണത്തിന് തൊട്ടുമുമ്പുള്ള പറച്ചിലായിരുന്നു അതിന്റെ ആഴം. ഒന്നിച്ചുണ്ടായിരുന്നവരില്‍ ഒരാള്‍ പോകുന്നു. ഒന്നിച്ചുള്ള ഓര്‍മകള്‍ ബാക്കിയാവുന്നു. ഒന്നിച്ചുനടന്ന എത്രയോ പകലുകള്‍, രാത്രികള്‍.. അവന്‍ വായിച്ചുകേള്‍പ്പിച്ച കവിതകള്‍..

വരച്ചുകാണിച്ച ചിത്രങ്ങള്‍..
വര്‍ത്തമാനങ്ങള്‍..
കണ്ണുകള്‍ കൊണ്ടുള്ള അവന്റെ ചിരികള്‍..
ഇനിയൊന്നുമില്ലല്ലോ..!

വലിയ കാന്‍വാസില്‍ അവന്‍ വരച്ച പെയിന്റിങ്ങ് വീട്ടിലെ ചുമരില്‍ ഇപ്പോഴുമുണ്ട്, നീണ്ടുകിടക്കുന്ന വയലുകളുടെ ഏകാന്തതയിലേക്ക് ദൈന്യതയോടെ നോക്കിനില്‍ക്കുന്ന ഒരു കുട്ടിയുടെ ചിത്രം, അവന്‍ എനിക്ക് സമ്മാനിച്ചത്.. ആ കുട്ടിയുടെ ഏകാന്തത ഇപ്പോള്‍ എനിക്ക് മനസിലാവുന്നു..

ബിജൂ… കാണാം

Comments are closed.