DCBOOKS
Malayalam News Literature Website

സമര സ്മൃതികളിൽ പുന്നപ്ര വയലാറിന് എഴുപത്തിയഞ്ചിന്റെ അഗ്നി ചിറകുകൾ

 

readers corner

“ഉയരും ഞാൻ നാടാകെ, പടരും ഞാൻ ഒരു പുത്തൻ ഉയിർ നാടിനേകിക്കൊണ്ടുയരും വീണ്ടും…” പുന്നപ്ര വയലാർ സമരത്തിന് ശേഷം ഒട്ടും വൈകാതെയാണ് പി. ഭാസ്ക്കരൻ അദ്ദേഹത്തിന്റെ ‘വയലാർ ഗർജിക്കുന്നു’ എന്ന ഖണ്ഡകാവ്യത്തിൽ ഈ വരികൾ എഴുതിയത്.
പുന്നപ്രയും – വയലാറും ആലപ്പുഴയിലെ ചൊരിമണൽ ഗ്രാമങ്ങൾ മാത്രമായിരുന്നു, 1946 ഒക്‌ടോബർ വരെ. അതിനുശേഷം ഇന്ത്യയിലെ തൊഴിലാളിവർഗ സമരങ്ങളുടെ ചരിത്രപുസ്‌തകത്തിൽ ആ ഗ്രാമങ്ങൾക്ക്‌ പുതിയ പേരുവന്നു; “രക്തസാക്ഷി ഗ്രാമങ്ങൾ”. അതു കൊണ്ടു തന്നെ കേരള ചരിത്രത്തിലെ രക്തത്തുള്ളിയാണ് പുന്നപ്ര– വയലാർ സമരം എന്നു പറയാം.1946 ഒക്ടോബർ 24നു പുന്നപ്രയിലും 27നു വയലാറിലുമുണ്ടായ രക്തച്ചൊരിച്ചിലിൽ എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. ജന്മിത്തത്തിന്റെയും അടിച്ചമർത്തലിന്റെയും ദുരിതം അനുഭവിച്ച ആലപ്പുഴയിലെ തൊഴിലാളികളും തിരുവിതാംകൂർ ദിവാന്റെ പട്ടാളവും തമ്മിലുണ്ടായ ചോര കൊണ്ട് ഒപ്പുവച്ച ആ പോരാട്ടത്തിന് 75 വയസ്സ് തികയുന്നു. പുന്നപ്ര- വയലാർ എന്നീ രണ്ടു വാക്കുകൾ ഒറ്റ വാക്കായതിന്റെ എഴുപത്തിയഞ്ചാം വാർഷികം. എഴുപത്തിയഞ്ചു വർഷം പിന്നിടുമ്പോളും നാടിനെ ഉണർത്തിയ വരികൾ ജന ഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു.പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ത്യാഗം പകർത്താൻ ‘കഴിവറ്റ തൂലികേ ലജ്ജിക്കു നീ…’ എന്നാണ് ഭാസ്കരൻ മാഷ് എഴുതിയിട്ടുള്ളത്. ഈ ഗ്രാമങ്ങൾ പിന്നീട് പാട്ടിനും കഥയ്‌ക്കും നാടകത്തിനും സിനിമയ്‌ക്കുമൊക്കെ ഭൂമികയൊരുക്കി.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ പി. കൃഷ്ണപിള്ളയാണ് പുന്നപ്ര വയലാർ സമരത്തിന്റെ സംവിധായകൻ.
പുന്നപ്രയിലെയും വയലാറിലെയും ചോരച്ചാലുകൾ ചേർന്നൊഴുകി പിൽക്കാലമിത്രയും പോരാട്ടങ്ങളുടെ കൊടികളെ ചുവപ്പിച്ചു. അന്നത്തെ നിശ്ശബ്ദത പിന്നെയങ്ങോട്ട് അടിച്ചമർത്തലിനെതിരെ മുദ്രാവാക്യങ്ങളുടെ തരംഗം സൃഷ്ടിച്ചു. പുന്നപ്രയിലെയും വയലാറിലെയും സമരചരിത്രങ്ങൾക്ക്‌ വളരെ അധികം സമാനതകൾ ഉണ്ട്. അതു കൊണ്ടു തന്നെ പുന്നപ്ര – വയലാർ എന്നത്‌ ഒറ്റ സ്ഥലമാണെന്നുപോലും ചിന്തിക്കുന്നവരുണ്ട്‌, ഇന്നും. യഥാർഥത്തിൽ പുന്നപ്ര അമ്പലപ്പുഴ താലൂക്കിലെയും വയലാർ ചേർത്തല താലൂക്കിലെയും വ്യത്യസ്‌ത ഭൂപ്രദേശങ്ങളാണ്‌. രണ്ടു ഗ്രാമവും തമ്മിൽ 30 കിലോമീറ്ററോളം ദൂരമുണ്ട്‌. എന്നാൽ, പുന്നപ്ര–-വയലാറിനെ ഒരു പ്രദേശമായി ആളുകൾ മനസ്സിലേറ്റുന്നത്‌, ആ ഗ്രാമങ്ങളുടെ വിപ്ലവബോധം സൃഷ്ടിച്ച ചരിത്രത്തിന്റെ അസാമാന്യമായ സാദൃശ്യംകൊണ്ടാണ്‌.

വിപ്ലവങ്ങളുടെ ആരംഭം :

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ആദ്യം പാർട്ടിയുണ്ടാകുന്നത്. 1936-ൽ തിരുവിതാംകൂർ കയർഫാക്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ പണിമുടക്കു നടന്നു. ഇതിനു നേതൃത്വം നൽകിയത് കേരളത്തിന്റെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ പി. കൃഷ്ണപിള്ളയായിരുന്നു. അദ്ദേഹം അന്ന് അറസ്റ്റിലായി. 1938-ൽ തിരുവിതാംകൂർ ട്രേഡ് യൂണിയൻ ആക്ട് വന്നു. 600 നാട്ടുരാജ്യങ്ങളിൽ ആദ്യമായി ഇങ്ങനെ ആക്ടുണ്ടായത് ഇവിടെയാണ്. അക്കാലത്ത് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ജന്മിത്വം ശക്തമായിരുന്നു. രാജവാഴ്ചയും രാജാവിന്റെ ഇംഗിതം നടപ്പാക്കാൻ സർ സി.പി.യുടെ കിങ്കരന്മാരും അശ്രാന്ത പരിശ്രമത്തിലായിരുന്നു.ബ്രിട്ടീഷ് സർക്കാരുമായുള്ള ചങ്ങാത്തം തന്നെയായിരുന്നു അന്നത്തെ രീതി. കയർ ഫാക്ടറിയല്ലാതെ ആലപ്പുഴയിൽ മറ്റൊരു കാര്യമായ വ്യവസായമൊന്നുമില്ല. യൂറോപ്യന്മാരുടെയും നാട്ടിലെ ജന്മിമാരുടെയും കയർ ഫാക്ടറികളുണ്ടായിരുന്നു. ജന്മിമാരുടെ ഗുണ്ടകൾ തൊഴിലാളികളെ ഉപദ്രവിക്കുന്നത് അവകാശം പോലെയായിരുന്നു. പിടിച്ചുകെട്ടി തല്ലുക, സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതി. ഇതിനെതിരായ പ്രതിരോധം കമ്യൂണിസ്റ്റു പാർട്ടി എല്ലായിടത്തും തുടങ്ങി. ഇതുവളർന്നുവന്നാണ് കയർ ഫാക്ടറി തൊഴിലാളികൾ പണിമുടക്കിയതും പിന്നീട് ആക്ട് വന്നതും.

സർ സി.പി.യുടെ പട്ടാളവും ജന്മിമാരുടെ ഗുണ്ടകളും ചേർന്നുള്ള അക്രമം സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് പോരാട്ടത്തിലേക്ക് കടക്കുന്നത്.അങ്ങനെ പോരാട്ടം കടുക്കാൻ തുടങ്ങി.ആദ്യം ആകാശത്തു നിന്നൊരു മുന്നറിയിപ്പു വന്നു. പട്ടാള നിയമത്തിന്റെ പ്രഖ്യാപനം. മാരകായുധങ്ങൾ കൊണ്ടുനടക്കരുത്, കൂട്ടംകൂടരുത്, പ്രസംഗവും പ്രകടനവും പാടില്ല – പട്ടാളത്തിന്റെ ലഘുലേഖകൾ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പാറി വീണു.

സ്വതന്ത്ര തിരുവിതാംകൂർ എന്നൊരു വാദം സർ സി.പി. മുന്നോട്ടുവെച്ചു. സ്വാതന്ത്ര്യം കിട്ടുമെന്ന തോന്നൽ വന്നപ്പോൾ മറ്റു നാട്ടുരാജ്യങ്ങളൊക്കെ അതിനോട് ചേർന്നുപോകുന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈദരാബാദ് നൈസാം, തിരുവിതാംകൂർ രാജാവ് എന്നിവരൊക്കെ എതിർക്കുന്നവരായിരുന്നു. ഇന്ത്യൻ യൂണിയനിൽനിന്ന് വേർപെട്ട് സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദത്തിനെതിരായ രാഷ്ട്രീയമായ പോരാട്ടമായിക്കൂടി പുന്നപ്ര വയലാർ സമരം മാറി. ട്രേഡ് യൂണിയൻ അവകാശങ്ങൾക്കൊപ്പം പ്രായപൂർത്തി വോട്ടവകാശവും നേതാക്കൾ ചോദിച്ചു. ഇതിന്റെ കൂടിയാലോചനയ്ക്കായി സർ സി.പി. യൂണിയൻ നേതാക്കളെ വിളിച്ചു. ചർച്ചയ്ക്കു പോയ ടി.വി.തോമസിന് ഇരിക്കാൻ ഒരു കസേരപോലും കൊടുത്തില്ല. ഉയർന്ന പീഠത്തിലിരിക്കുകയായിരുന്ന സി.പി.ക്കു മുന്നിൽ അത്രയും പൊക്കമുള്ള മേശയുടെ പുറത്ത് ടി.വി. കയറിയിരുന്നു. പ്രായപൂർത്തി വോട്ടവകാശം ഒഴിച്ചുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സർ സി.പി. പറഞ്ഞു. എന്നാൽ, പ്രായപൂർത്തി വോട്ടവകാശം അംഗീകരിക്കുകയും സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദം ഉപേക്ഷിക്കുകയും ചെയ്താൽ മറ്റെല്ലാ ഡിമാൻഡുകളും വേണ്ടെന്നുവെക്കാമെന്നായിരുന്നു ടി.വി.യുടെ മറുപടി. ഇതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് സർ സി.പി.യുടെ പട്ടാളം ഉപദ്രവങ്ങൾ തുടങ്ങി. ഇത് പോരാട്ടത്തിലേക്കു നയിക്കുകയായിരുന്നു.

പോരാട്ടത്തിന്റെ തുടക്കം :

1946 ഒക്ടോബർ 23-ന് പുന്നപ്രയിൽ ആദ്യപോരാട്ടം നടന്നു. വയലാറിൽ 27-നായിരുന്നു വെടിവെപ്പ്. വയലാർ അന്ന് ദ്വീപാണ്. എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. നൂറുകണക്കിന് എന്നു മാത്രം പറയാം. പുന്നപ്ര, കാട്ടൂർ, മാരാരിക്കുളം, മുഹമ്മ, വയലാർ, ഒളതല, മേനാശേരി എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളും കല്ലും വടിയും കൊണ്ടു പട്ടാളത്തിന്റെ തോക്കുകളെ നേരിടാനിറങ്ങിയവർ രക്തം കൊണ്ടു ചരിത്രത്തെ സാക്ഷ്യപ്പെടുത്തി.വെടിയേറ്റു മരിച്ചവരെയും മുറിവേറ്റവരെയും പിടികൂടിയവരെയും പട്ടാളവണ്ടികളിൽ വാരിവലിച്ചിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ കൊണ്ടുവന്ന് പെട്രോൾ ഒഴിച്ച് തീവെച്ചു ദഹിപ്പിച്ചു. അങ്ങനെയാണ് വലിയ ചുടുകാട് പുന്നപ്ര വയലാർ രക്തസാക്ഷി നഗരിയായത്. അവിടെയാണ് സ്മരണാമണ്ഡപങ്ങൾ. പുന്നപ്രയിൽ വെടിയേറ്റു മരിച്ചവർക്ക് പുന്നപ്ര കടൽത്തീരത്താണ് മണ്ഡപം. മേനാശ്ശേരിയിലും ഒളതലയിലും അവിടെത്തന്നെയാണ് മണ്ഡപങ്ങൾ.അവിടെത്തെ ഓരോ മൺതരികളും ത്യാഗങ്ങളുടെ കഥകൾ പറയുന്നുണ്ട്.

പുന്നപ്ര വയലാർ സമരം സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ സമരമുറയായി മാറി.ഭാഷ സംസ്ഥാനം രൂപീകരിക്കണമെന്ന കാഴ്ചപ്പാട് സ്വതന്ത്ര ഇന്ത്യയിൽ അതിശക്തമായി ഉയർത്തി കൊണ്ട് വരുന്നതിനു അടിത്തറയിട്ട പ്രക്ഷോഭം കൂടെയാണ് പുന്നപ്ര വയലാർ.അമേരിക്കൻ മോഡൽ അറബികടലില് ഐക്യ കേരളം സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തി മുന്നോട്ട് വന്ന പ്രക്ഷോഭത്തിന്റെ അലകൾ കൂടിയാണ് 1956 ലെ കേരള സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ചത്.

പുന്നപ്ര വയലാറിൽ ഒഴുകിയ രക്തം പാഴായില്ല. അടുത്തവർഷം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി. 600 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തോടെ തിരുവിതാംകൂർ രാജഭരണം അവസാനിച്ചു. സ്വതന്ത്ര തിരുവിതാംകൂർ എന്ന സർ സി.പി.യുടെ ദിവാസ്വപ്നം പൊലിഞ്ഞു. ഇന്ത്യ ഒന്നാണ് എന്ന ആശയം സാക്ഷാത്കരിക്കരിക്കാനായി തിരുവിതാംകൂറിലെ കമ്യൂണിസ്റ്റുകാർ ജീവരക്തം കൊണ്ട് സൃഷ്ടിച്ചത് ത്യാഗോജ്ജ്വല ചരിത്രമാണ്.ഇന്നും ഓർമ്മകളിൽ മായാതെ കിടക്കുന്ന ചരിത്രം.

-ശബ്ന ശശിധരൻ

Comments are closed.