DCBOOKS
Malayalam News Literature Website

പുനലൂര്‍ ബാലന്‍- പൗരുഷത്തിന്റെ ശക്തിഗാഥ

പുനലൂര്‍ ബാലന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഡോ.വിളക്കുടി രാജേന്ദ്രന്‍ എഴുതിയ ‘പുനലൂര്‍ ബാലന്‍- പൗരുഷത്തിന്റെ ശക്തിഗാഥ’ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

തിരുവനന്തപുരത്ത് പേട്ടയിലെ കൗമുദി ഓഫീസ്. കെ. ബാലകൃഷ്ണൻ എന്ന പത്രാധിപപൗരുഷം അതിപ്രതാപവാനായി വാഴുംകാലം. സർഗധനനും ധിഷണാശാലിയുമായ പത്രാധിപ കേസരിയുടെ സായന്തന “ഡർബാറി’ൽ ഒരു കൂടിക്കാഴ്ചയ്ക്ക് എത്തിയിരിക്കുകയാണ് ഗ്രാമീണ ഗായകനായ കവി പുനലൂർ ബാലൻ. കാലം അമ്പതുകളുടെ തുടക്കത്തിൽ ഒരു ദിനം.

Textപുനലൂരിനടുത്ത് വിളക്കുവെട്ടം എന്ന കുഗ്രാമത്തിൽ നിന്നാണ് കവിയുടെ വരവ്. കവിയാണ് എന്ന് ഊറ്റം കൊള്ളുന്ന മുഖം ഉയർത്തിപ്പിടിച്ച ശിരസ്. നട്ടെല്ല് നിവർത്തിയുള്ള നടത്തം. അൽപ്പം കറുത്തിട്ടാണങ്കിലും നല്ല മുഖശ്രീയുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയ കൗമുദി സഹപത്രാധിപർ കൂടിയായ കവി പഴവിള രമേശൻ അരങ്ങിനു സാക്ഷിയാണ്.

അവർ പരിചയപ്പെടലിൽ നിന്നും കാര്യത്തിലേക്കു കടന്നു. ബാലന്റെ അറിവ് ഒന്നളക്കാനായി പത്രാധിപരുടെ ശ്രമം. ആധുനികകവിതയും വൃത്താലങ്കാരവ്യാകരണങ്ങളും സമകാലികരാഷ്ട്രീയവും വൈജ്ഞാനികരംഗത്തെ പുതുപുത്തൻ ആശയങ്ങളും മാർക്സിയൻ പ്രത്യയശാസ്ത്രവും ഒക്കെ ചർച്ചാവിഷയമായി. ഈ വിഷയങ്ങളിലെല്ലാം ബാലൻ തന്റെ അത്ഭുതകരമായ പ്രതിഭ പ്രകടിപ്പിച്ചു. ഇത്തരം വിഷയങ്ങളിൽ കെ ബാലകൃഷ്ണൻ നേടിയിരുന്ന അറിവിന്റെ ആഴം പരക്കെ ബോധ്യമുള്ള കാര്യമായിരുന്നു. തിരുവനന്തപുരത്ത് വൻകിട ഗ്രന്ഥാലയങ്ങളിൽ നിത്യസന്ദർശകരായി, അറിവിന്റെ അപ്പോസ്തലൻമാരായി ഭാവിച്ചിരുന്നവർ വരെ അക്കാലത്ത് കെ. ബാലകൃഷ്ണനുമായി വാദപ്രതിവാദത്തിന് ഔൽസുക്യം കാട്ടിയവരായിരുന്നില്ല എന്ന് പഴവിള അനുസ്മരിക്കുന്നു. അവിടെയാണ് വിപുലമായി വായിക്കാനോ വിജ്ഞാനം നേടാനോ ഒന്നും അവസരങ്ങളില്ലാത്ത ഒരു ഗ്രാമവാസി (അതും കാട്ടുപത്തനാ പുരം’ എന്ന് കളിയാക്കിപ്പറഞ്ഞിരുന്ന താലൂക്കിൽ നിന്നുള്ളയാൾ), പുനലൂരിൽ നിന്ന് എത്തിയ സ്കൂൾ അധ്യാപകനായ ബാലൻ, പ്രതാധിപരുടെ മുന്നിൽ നിർഭയം തന്റെ വിജ്ഞാനം പ്രദർശിപ്പിച്ചത്. അൽപ്പം ഒരു ഉദ്ധതഭാവത്തോടെ തന്നെ ബാലേട്ടന്റെ മുഖത്തുനോക്കി ഉരുളക്കുപ്പേരി പോലെ നർമഭാസുരമായി സംസാരിച്ച് പുനലൂർ ബാലൻ അടിയൻ ഇവിടെ ഉണ്ട് എന്നല്ല “ഞാൻ ഇവിടെ ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. ഈ തന്റേടം പത്രാധിപർക്ക് ഇഷ്ടമായി താനും. ഈ കൂടിക്കാഴ്ച അതിലെ പങ്കാളികൾക്കും അവിസ്മരണീയമായ ഒരനുഭവമായി.

ഈ സംഗമത്തിനു മുൻപുതന്നെ കൗമുദി ബാലകൃഷ്ണൻ പുന ലൂർ ബാലനെ ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ ചെറുപ്പക്കാരായ കവികളുടെ കൂട്ടത്തിൽ ഏറ്റവും ഭാവനാസമ്പന്നനായ കവിയായി സ്വരപ്രത്യേകതയുള്ള കവിയായി അദ്ദേഹം പുനലൂർ ബാലനെ കണ്ടിരുന്നു. ജനയുഗം, ജ്വാല, വിശ്വരൂപം, വിശ്വകേരളം, പ്രഭാതം, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വന്ന ബാലന്റെ കവിതകളിൽ വേറിട്ടൊരു സ്വരം ഉണ്ടായിരുന്നു. പി.കെ ശിവശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന വിശ്വകേരളത്തിൽ വന്ന കുറത്തി’ എന്ന കവിത കെ ബാലകൃഷ്ണന്റെ പ്രത്യേക പരാമർശത്തിന് അർഹമായി. നാടോടിപ്പാട്ടിന്റെ ശീലിൽ രചിക്കപ്പെട്ട ആ വിപ്ലവകവിതയെപ്പറ്റി പത്രാധിപർ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് നവീനകവിതയെക്കുറിച്ച് എഴുതുമ്പോഴെല്ലാം പുനലൂർ ബാലന്റെ പേര് സൂചിപ്പിക്കാതെ കെ. ബാലകൃഷ്ണൻ ലേഖനം അവസാനിപ്പിച്ചിരുന്നില്ല. കവിയെ നേരിൽക്കാണാതെതന്നെ അത്രകണ്ട് അക്കവിതകളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.