DCBOOKS
Malayalam News Literature Website

ജോസ് പനച്ചിപ്പുറത്തിന്റെ കഥാസമാഹാരം: പുലിക്കും വെടിക്കും തമ്മില്‍

പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിന്റെ  കഥാസമാഹാരമാണ് പുലിക്കും വെടിക്കും തമ്മില്‍. ‘ആനകേറാമല, ഖസാക്ക്; ഒരു പ്രോലിറ്റേറിയന്‍ വായന’, ‘ഓപ്പറേഷന്‍ മായ’, ‘ഐ.ടി പുരം സെല്‍ഫി’ തുടങ്ങിയ ഒമ്പതു കഥകളുടെ സമാഹാരമാണ് പുലിക്കും വെടിക്കും എന്ന പുസ്തകം. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ വ്യഥിതസഞ്ചാരം നടത്തുന്ന കേവലമനുഷ്യരുടെ തീക്ഷാണാനുഭവങ്ങള്‍ അവതരിപ്പിക്കുകയാണ് ജോസ് പനച്ചിപ്പുറം ഈ കഥകളിലൂടെ.

പുലിക്കും വെടിക്കും തമ്മില്‍
പുലിക്കും വെടിക്കും തമ്മില്‍

ഓണാഘോഷത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ വേട്ടക്കാരനില്‍നിന്നും വെടിയേറ്റ് ഐ സി യുവില്‍ കിടക്കുന്ന പൊറിഞ്ചു പുലിക്കാരന്റെ മനസിലൂടെ വികസിക്കുന്ന കഥയാണ് ‘പുലിക്കും വെടിക്കും’ തമ്മില്‍. പുലികളിയുടെ ചരിത്രവും പുലികളിക്കാരുടെ ജീവിതവും ഇതിവൃത്തമാകുന്ന ഈ കഥയില്‍ വിശ്വസാഹിത്യകാരന്‍ പൗലോകൊയ്‌ലോയും കടന്നുവരുന്നുണ്ട്. എന്നാല്‍ ‘ഖസാക്ക്; ഒരു പ്രോലിറ്റേറിയന്‍ വായന’ എന്ന കഥയിലാകട്ടെ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്നനോവലിലെ കഥാപാത്രങ്ങളും സ്ഥലവും കാലവും എല്ലാം പരാമര്‍ശിക്കപ്പെടന്നുണ്ട്. ഗിരിജാകുമാരി എസിന്റെ ചിന്തകളിലൂടെ കടന്നുപോകുന്ന ‘ഓപ്പറേഷന്‍ മായ’ പോലീസ് ലോകത്തെ ചില വെളിപ്പെടുത്തലുകാണ് പങ്കുവയ്ക്കുന്നത്. ഐ ടി രംഗത്തെ ജീവിത ചുറ്റുപാടുകളും ആളുകളുടെ ഇടപെടലും വിഷയമാകുന്ന കഥയാണ് ‘ഐ ടി പുരം സെല്‍ഫി’. സമകാലിക സംഭവങ്ങളും കടന്നുവരുന്നുണ്ട് ഈ കഥയില്‍.

നമുക്ക് പരിചിതമായ സ്ഥകാലരാശിയില്‍.. നാം കേട്ടതും കണ്ടതും വായിച്ചതുമായ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ജോസ് പനച്ചിപ്പുറം ഈ കഥകള്‍ രചിച്ചിരിക്കുന്നത്. നമുക്കറിയാവുന്ന കഥാപാത്രങ്ങളാണ് അവയിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഈ കഥകകള്‍ ലളിതലും സുന്ദരവുമായി വായനക്കാരന് അനുഭവപ്പെടും.

Comments are closed.