DCBOOKS
Malayalam News Literature Website

ബുലന്ദ്ശഹര്‍ കൊലപാതകം: പൊലീസുദ്യോഗസ്ഥനെ വെടിവെച്ചയാള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ മരിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് നാട്ട് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ ബുലന്ദ്ശഹര്‍- നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

താനാണ് സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി യു.പി പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സുബോധ് കുമാറിന്റെ സര്‍വ്വീസ് റിവോള്‍വര്‍ മോഷ്ടിച്ച വ്യക്തിയെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞത്.

പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബുലന്ദ്ശഹര്‍ ജില്ലയിലെ സിയാന ഗ്രാമത്തില്‍ ഡിസംബര്‍ മൂന്നിന് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ഇത് നിയന്ത്രിക്കുന്നതിനിടെയാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഇരുപത്തിയൊന്നുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Comments are closed.