DCBOOKS
Malayalam News Literature Website

അഹം പൊലിഞ്ഞ് അഭാവത്തിൽ…

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് ഡോ. പി .സുരേഷ് എഴുതിയ വായനാനുഭവം

‘നിരുപാധികമാം സ്‌നേഹം
ബലമായ് വരും ക്രമാല്‍
അതാണഴ,കതേ സത്യം
അത് ശീലിക്കല്‍ ധര്‍മവും’
എന്ന് അക്കിത്തം. വാസ്തവത്തില്‍ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഏറ്റവും അന്വര്‍ത്ഥമായ വിശേഷണപദം നിരുപാധികത എന്നതല്ലേ? പ്രണയത്തില്‍ ഉപാധികള്‍ രൂപപ്പെട്ടാല്‍ പിന്നെയതെങ്ങനെ പ്രണയമാകും?

‘സ്‌നേഹമെന്നു നാം ഓമനപ്പേരിട്ട –
തോമനേ രണ്ടുപേരുടെ സ്വാര്‍ത്ഥമോ?’ എന്ന് സച്ചിദാനന്ദന്‍ ചോദിക്കുന്നുണ്ട്. സ്‌നേഹമെന്ന ഓമനപ്പേരുകൊണ്ട് ഏത് സ്വര്‍ത്ഥതയെയും നമുക്ക് ഒളിച്ചു കടത്താം.

‘മമത എന്ന് പേരിട്ട കൊച്ചു കൊച്ചു സ്വാര്‍ത്ഥതകള്‍’ എന്ന് സച്ചിദാനന്ദന്‍ Textമറ്റൊരിടത്തെഴുതുന്നുണ്ട്. മമത എന്ന വാക്കുതന്നെ എന്റേത് എന്ന സ്വാര്‍ത്ഥതയെ സൂചിപ്പിക്കുന്നു. ഒരുതരത്തിലാലോചിച്ചാല്‍, എല്ലാ പ്രണയത്തിലും എന്റേത് എന്ന സ്വാര്‍ത്ഥതയുണ്ട്. നാമതിനെ പ്രണയമെന്ന് തെറ്റി വിളിക്കുന്നു എന്നു മാത്രം.

എന്നാല്‍ അഹം അലിഞ്ഞു പോവുകയും പ്രണയിക്കുന്നവര്‍ എല്ലാ വ്യക്തിഗതഭാവങ്ങളും വെടിഞ്ഞ് അഭാവത്തിന്റെ പരകോടിയിലെത്തുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പ്രണയം.
‘പ്രണയം എന്നെ ചെറുതാക്കുന്നുവെങ്കില്‍ ഞാനൊരു മണല്‍ത്തരിയോളമാവട്ടെ’ എന്ന് സി.ജെ തോമസ്. വലിയൊരു പാറക്കല്ലിന് മണല്‍ത്തരിയാവാനും മണല്‍ത്തരിക്ക് ഹിമാലയമാകാനും
ശേഷി നല്‍കുന്ന രാസവിദ്യയാണ് പ്രണയം.

ജോയ്‌സ് കില്‍മര്‍ എന്ന അമേരിക്കന്‍ കവി
‘പ്രണയത്തിന്റെ വിളക്ക് ‘ എന്ന കവിതയില്‍ ഇങ്ങനെ എഴുതുന്നുണ്ട്:
‘ഓ, സ്വര്‍ണ്ണപ്രകാശമേ,
വീഞ്ഞു പോലുള്ള വെട്ടമേ,
വെളിച്ചത്തെക്കുറിച്ചുള്ള
നിങ്ങളുടെ ഗീര്‍വാണങ്ങള്‍
എത്ര നിഷ്പ്രഭം!

എന്റെ ഹൃദയത്തിലെ
ഈ ഇത്തിരിവെട്ടം നോക്കൂ
നക്ഷത്രത്തേക്കാള്‍
എന്തൊരു വെളിച്ചമാണതിന്!’
നക്ഷത്രേക്കാളും സൂര്യനേക്കാളും വെട്ടമുള്ളത് എന്ന് അനുഭവിച്ചവര്‍ക്ക് തോന്നുന്ന, ഇരുട്ടു കീറുന്ന വജ്രസൂചിയാണ് പ്രണയം!

പറഞ്ഞും പാടിയും എഴുതിയും ഇനിയും മടുത്തിട്ടില്ലാത്ത പ്രണയത്തിന്റെ മാന്ത്രികതയെക്കുറിച്ചാണ് ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവല്‍.

മലയാള നോവലില്‍ പുതുമയുടെ എന്തെങ്കിലും വിച്ഛേദം സൃഷ്ടിക്കുവാനോ ആഖ്യാനത്തിന്റെ അസാധാരണ വഴികളിലൂടെ സഞ്ചരിക്കാനോ നോവലിസ്റ്റിന് ഉദ്ദേശ്യമേയില്ല. മലയാള നോവല്‍ ചരിത്രം ഇതിനെ എങ്ങനെ വിലയിരുത്തുമെന്നും തിട്ടമില്ല. പക്ഷേ, നമ്മുടെയൊക്കെ ഹൃദയങ്ങളിലെ ഏകാന്തദ്വീപുകളിലേക്ക് ആഹ്ലാദത്തിന്റെയും വേദനയുടെയും അലകളായി വന്നു തൊടാന്‍ പ്രേമനഗരത്തിനു കഴിയുമെന്നുറപ്പ്.

‘പെട്ടെന്ന് എന്റെകണ്ണുകള്‍ നിറഞ്ഞൊഴുകി ഞാന്‍ എന്തെന്നില്ലാതെ പൊട്ടിക്കരഞ്ഞു. നിലത്തു പാകിയ ഇളംതവിട്ടു നിറമുള്ള ടൈലില്‍ കണ്ണുനീരുകള്‍ വീണുകൊണ്ടിരുന്നു. അതില്‍ ധ്യാനിച്ചിരിക്കുന്ന രാവിലത്തെ വെയിലിനെ കണ്ടു’ എന്ന് ബിനീഷ് എഴുതുന്നു. പ്രണയത്താല്‍ വിശുദ്ധനായ ഒരു മനുഷ്യന്റെ കണ്ണുനീരായിരുന്നു അത്. ഞാന്‍ / നീ എന്ന ഭേദത്തിനപ്പുറത്ത് അഹം കേന്ദ്രിതമായ എല്ലാ പരിമിതികളെയും മറികടന്ന് ഒരാത്മാവായി പരിണമിക്കുന്ന അഭേദമാണ് പ്രണയം. അത് മനുഷ്യരെ ശുദ്ധീകരിക്കുന്നു. രതിയെപ്പോലും മറികടക്കുന്ന ആത്മനാശത്തിന്റെ ആകാശങ്ങളിലെ നക്ഷത്രമാകുന്നു പ്രണയം.

വാസ്തവത്തില്‍ ഈ നോവല്‍ ഒരു സ്വപ്നത്തിന്റെ ആവിഷ്‌കാരം കൂടിയാണ്. കേരളീയ പുരുഷന്റെയും സ്ത്രീയുടെയും ദമിത കാമനകളുടെ; സ്വതന്ത്രജീവിത കാംക്ഷയുടെ സ്വപ്നം. സദാചാരബോധവും അശ്ലീലതാ സങ്കല്പനങ്ങളും കോട്ടകെട്ടി തടഞ്ഞുവെച്ചിരിക്കുന്ന മനുഷ്യരുടെ അദമ്യമായ ജീവിതകാമനകളാണ് ഈ രചനയിലൂടെ ഉടല്‍ രൂപമാര്‍ജ്ജിക്കുന്നത്. യാഥാര്‍ത്ഥ്യമെന്ന് ഭ്രമിപ്പിക്കുന്ന സങ്കല്പത്തിന്റെ ആഖ്യാനം കൂടിയാണിത്. നീലുവും മാധവും നിങ്ങളും ഞാനും തന്നെ. അകപ്പെട്ട അടഞ്ഞ ലോകത്തിന്റെ നാരകീയപരിസരത്തു നിന്ന് മോചിതരായി ജൈവചോദനകളുടെ നൈസര്‍ഗ്ഗികതയിലേക്ക് രക്ഷപ്പെടാന്‍ കൊതിക്കുന്ന മനുഷ്യരുടെ സ്വപ്നമാണ് ഈ നോവലിന്റെ ആഖ്യാനകം.

ഈ നോവല്‍ യൂറോപ്യന്‍ ദേശങ്ങളില്‍ ഒട്ടും സ്വീകാര്യമാവില്ല. കാരണം അവിടെ മനുഷ്യ ബന്ധങ്ങള്‍ ഏറെ തുറന്നതും സ്വതന്ത്രവുമാണ്. അവര്‍ ആദിമവും അപരിഷ്‌കൃതവുമെന്ന് നമ്മുടെ നിസ്സഹായമായ പ്രണയ നിലവിളികളെ വിലയിരുത്തും!

പ്രണയം പോലും അസാധ്യമാവുന്ന; രമണന്‍ എന്നു പറയുമ്പോള്‍ മരണന്‍ എന്നു കേള്‍ക്കുന്ന; ‘പ്രേമമേ നിന്‍ പേരു കേട്ടാല്‍ പേടിയാം’ എന്നു പാടേണ്ടി വരുന്ന ഒരു സമൂഹത്തിലേ ഈ നോവല്‍ സാധ്യമാവൂ. അത്തരമൊരു സംസ്‌കൃതിക്കുള്ള ഷോക്ക് ചികിത്സ കൂടി ഈ ചെറു നോവല്‍ നിര്‍വ്വഹിക്കുന്നുണ്ട്.

അപ് മാര്‍ക്കറ്റ് ഫിക്ഷന്‍ എന്ന പേരില്‍ ലോകമെമ്പാടും വളര്‍ന്നു വരുന്ന പുതിയതരം ആഖ്യായികകളുടെ ഗണത്തിലേക്ക് ചേര്‍ത്തു വെയ്ക്കാവുന്നതാണ് ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.