DCBOOKS
Malayalam News Literature Website

പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം

വില്‍സണ്‍ റോക്കിയുടെ ‘ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് -കഥയുടെ നൂപുര ധ്വനികള്‍’ എന്ന പുസ്തകത്തില്‍ നിന്നും

ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു കൊലപാതകത്തെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണമാണ് ‘ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്.’ 1951-ല്‍ ഈ കഥയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നുകഴിഞ്ഞപ്പോള്‍ ഗാര്‍സിയ മാര്‍കേസ് അതില്‍ താത്പര്യം കാണിച്ചിരുന്നില്ല. കാരണം, അദ്ദേഹം ഈ സംഭവം ഒരു കഥയ്ക്ക് വിഷയമാക്കിയാല്‍ അത് അപ്പോഴും ജീവനോടെയിരിക്കുന്ന യഥാര്‍ത്ഥ കഥാപാത്രങ്ങളെ ബാധിക്കും. ഗാര്‍സിയ മാര്‍കേസിന്റെ അമ്മ അവര്‍ക്ക് വ്യക്തിപരമായി പരിചയമുള്ള ആള്‍ക്കാരെ പറ്റി എഴുതരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഗാര്‍സിയ മാര്‍കേസിന് ഒരു കാര്യത്തില്‍ വളരെയധികം താത്പര്യം തോന്നിയിരുന്നു: അതായത്, ഈ കൊലപാതകം ഒഴിവാക്കാനാവുന്ന Textഒന്നായിരുന്നു. കൊല നടത്തിയവര്‍ തന്നെ ഈ ക്രൂരകൃത്യത്തില്‍ വലിയ താത്പര്യമൊന്നും കാണിച്ചിരുന്നില്ല. അവര്‍ അതുകൊണ്ടുതന്നെ പലരോടും തങ്ങള്‍ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാന്‍ പോവുകയാണെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ആരും അവരെ തടയുവാന്‍ ശ്രമിച്ചില്ല എന്നത് ഗാര്‍സിയ മാര്‍കേസിന് വളരെ വിചിത്രമായിത്തോന്നി.

അഭിമാനത്തെക്കുറിച്ചും അതിനു വിപരീതമായ ദുരഭിമാനത്തെക്കുറിച്ചും അഥവാ, അപമാനത്തെക്കുറിച്ചുമാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സല്‍മാന്‍ റുഷ്ദി പറയുന്നു. വികാരിയോ (ഇരട്ട) സഹോദരന്മാര്‍ സാന്തിയാഗോ നാസറിനെ കൊല്ലുവാന്‍ പോകുകയാണെന്ന് ഒട്ടേറെ ആളുകള്‍ കേട്ടിരുന്നു. വികാരിയോ ഇരട്ടകള്‍ക്ക് ഈ പകരംവീട്ടല്‍ നടപ്പിലാക്കുവാന്‍ വലിയ താത്പര്യമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് അവര്‍ ഇതു പലരോടും പറഞ്ഞത്. അയാളെ കൊല്ലുകയെന്നത് അവരുടെ ചുമതലയായിരുന്നു. ജനങ്ങള്‍ ഈ ക്രൂരകൃത്യം ചെയ്യുന്നതില്‍നിന്നും അവരെ തടയുമെന്നാണ് അവര്‍ കരുതിയിരുന്നത്. അങ്ങനെ സാന്തിയാഗോ നാസറിനെ കൊല്ലുവാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ജനങ്ങള്‍ പക്ഷേ, വിചാരിച്ചത് അവര്‍ ഇത്തരമൊരു അഭിമാനപ്രശ്‌നത്തില്‍ ഇടപെടരുതെന്നാണ്. എല്ലാവര്‍ക്കും ശക്തമായ കാരണങ്ങളും പറയാനുണ്ട്. ചിലര്‍ പേടി തോന്നിയതിനാല്‍ ഇടപെട്ടില്ല, ചിലര്‍ ഇക്കാര്യം മറന്നുപോയി. ചിലര്‍ ഭീഷണി ഗൗരവമായി എടുത്തില്ല. ചിലര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഇഷ്ടമല്ലായിരുന്നു. ഈ മരണത്തിന് അതിന്റേതായ അനന്തരഫലം സമൂഹത്തിലുണ്ട്. ക്ലോറ്റില്‍ഡേ അര്‍മാന്റയുടെ ഭര്‍ത്താവ് ഡോണ്‍ റോജേലിയോ ഡിലോഫ്‌ളോര്‍ ഈ കൊലപാതകം കണ്ട് നടുങ്ങി മരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതു കണ്ട് ലാസറോ അപോന്റെ സസ്യഭക്ഷണം മാത്രം കഴിക്കുന്ന വെജിറ്റേറിയനായി മാറുന്നു. ഹോര്‍ട്ടെന്‍സിയോ ബൗട്ട് ഭ്രാന്തനായി മാറുന്നു. ആന്‍ജലോ വികാരിയോ ജീവിതരീതിതന്നെ മാറ്റി ബായാര്‍ഡോ സാന്‍ റോമന് കത്തുകളയയ്ക്കുന്നു. ഒടുവില്‍ ഇത് അവരുടെ സമാഗമത്തില്‍ കലാശിക്കുന്നു. (അയാള്‍ കത്തുകളൊന്നും പൊട്ടിച്ച് വായിക്കുന്നില്ലെങ്കിലും).

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമൂഹം സ്ത്രീക്കും പുരുഷനും വ്യത്യസ്തമായText അളവുകോലുകള്‍ സ്വീകരിക്കുന്നതും സ്ത്രീയോട് കടുത്ത വിവേചനം കാട്ടുന്നതും ഈ നോവലില്‍ ഗാര്‍സിയ മാര്‍കേസ് വിമര്‍ശിക്കുന്നു. മരിയ അലജാന്‍ഡ്രിന സെര്‍വാന്റിസിന്റെ വേശ്യാലയം സമൂഹത്തിന്റെ കപട സന്മാര്‍ഗ്ഗബോധത്തിനും ഭീഷണിയായി നിലനില്‍ക്കുന്നു. ഗ്രാമത്തിലെ ചെറുപ്പക്കാര്‍ അവരുടെ ദുഃഖങ്ങള്‍ മറക്കുന്നത് അവളുടെ മടിയിലാണ്. അവളായിരുന്നു കഥാകൃത്തിന്റെ തലമുറയിലെ ചെറുപ്പക്കാരെ ലൈംഗിക ജീവിതത്തിലേക്ക് ആനയിച്ചിരുന്നത്. സാന്തിയാഗോ നാസര്‍ കന്യകമാരെ മയക്കിയെടുക്കുന്നതിലും ലൈംഗികമായി അവരെ ഉപയോഗിക്കുന്നതിലും കുപ്രസിദ്ധനായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരിയായ കുശിനിക്കാരിയുടെ മകളെ (ഡിവിന ഫ്‌ളോര്‍) അയാള്‍ മയക്കിയെടുക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ നോവലില്‍ കാണുന്നുണ്ട്. എങ്കിലും ആരും പുരുഷന്‍മാരില്‍ കുറ്റമൊന്നും കാണുന്നില്ല. എന്നാല്‍ ആന്‍ജല വികാരിയോ കന്യകയല്ലെന്ന് അറിയുമ്പോള്‍ അവളെ അപമാനിക്കുകയും സ്വന്തം അച്ഛനമ്മമാരുടെ അടുക്കല്‍ തിരിച്ചേല്പിക്കുകയും ചെയ്യുന്നു.

ഈ പുസ്തകം കത്തോലിക്കാസഭയുടെ നിലപാടുകളെ വിമര്‍ശിക്കുന്നു. സാന്തിയാഗോ നാസര്‍ അന്ന് തോട്ടത്തില്‍ പോകാത്തത് മെത്രാന്‍ അന്ന് ആ നഗരം സന്ദര്‍ശിക്കുന്നതുകൊണ്ടാണ്. മെത്രാന്‍ നദിയിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്നതല്ലാതെ കരയ്ക്കിറങ്ങുന്നില്ല. തിരക്കിട്ട് ജനങ്ങളെ ആശീര്‍വദിച്ചശേഷം അദ്ദേഹം യാത്ര തുടരുന്നു. കരയ്ക്കിറങ്ങാന്‍ മടിക്കുന്നതിലൂടെ മെത്രാന്‍ ജനങ്ങള്‍ക്ക് സഭയിലുള്ള വിശ്വാസവും പ്രതീക്ഷയും തള്ളിക്കളയുന്നു. മെത്രാന്റെ ദൗര്‍
ബല്യം അയാളുടെ സുഖലോലുപതയും ഭൗതികസുഖങ്ങളിലുള്ള ആസക്തിയും കാണിക്കുന്നു.

പത്രപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന റിപ്പോര്‍ട്ടിങ് ശൈലിയാണ് കഥ പറയാന്‍ ഗാര്‍സിയ മാര്‍കേസ് ഇവിടെ ഉപയോഗിക്കുന്നത്. ഒരു മരണത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയാണ് അയാള്‍. പലപ്പോഴും വേദനിപ്പിക്കുന്ന, പകുതി മാത്രം സത്യമായ, അവ്യക്തമായ ഓര്‍മ്മകളിലൂടെയാണ് അയാള്‍ സഞ്ചരിക്കുന്നത്. പലപ്പോഴും അവ്യക്തമായ വ്യാഖ്യാനങ്ങളിലൂടെയും പരസ്പരം ഖണ്ഡിക്കുന്ന അര്‍ത്ഥതലങ്ങളിലൂടെയും അയാള്‍ സഞ്ചരിച്ചിരുന്നു. എന്താണ് സംഭവിച്ചത്? എങ്ങനെ സംഭവിച്ചു? ഇക്കാര്യങ്ങള്‍ അറിയാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് സല്‍മാന്‍ റുഷ്ദി പറയുന്നു.

കഥാകൃത്ത് നോവലിന്റെ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് പലവട്ടം മുന്നോട്ടും പുറകോട്ടും സഞ്ചരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന, സമയക്രമം തെറ്റിച്ചുള്ള വിവരണങ്ങളിലൂടെ പണ്ട് നടന്ന കൊലപാതകം പുനരാവിഷ്‌കരിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ, അര്‍ത്ഥം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായ ഒരു കടങ്കഥ സൃഷ്ടിക്കുവാനാണ് കഥാകൃത്ത് ശ്രമിക്കുന്നതെന്ന് മാനബേന്ദ്ര ബന്ദോപാധ്യായ അഭിപ്രായപ്പെടുന്നു. കുറ്റകൃത്യം ഒരു മതപരമായ ചടങ്ങുപോലെ പലവട്ടം കഥയില്‍ ആവര്‍ത്തിക്കപ്പെടുന്നു. കുറ്റകൃത്യം നടന്നരീതിയും അതിനെ എങ്ങനെ നോവലില്‍ പുനരാവിഷ്കരിക്കുന്നു എന്നതും തമ്മില്‍ ഈ നോവലില്‍ ഒരു താരതമ്യപഠനം നടക്കുന്നുണ്ട്. പൊട്ടിപ്പോയ ഒരു കണ്ണാടിയുടെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ഒട്ടിക്കുന്നതുപോലെ, പൊട്ടിപ്പോയ ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ പെറുക്കി അടുക്കിവച്ച് ഒരു ചിത്രം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് കാര്‍ലോസ് അലോണ്‍സോ പറയുന്നു.

കഥ പറയുന്നയാള്‍/കഥാകൃത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തകനായി കൊല്ലപ്പെട്ടയാളെ പരിചയമുള്ളവരെയും കുറ്റകൃത്യം നേരില്‍ കണ്ടവരെയും കുറ്റകൃത്യം ചെയ്തവരെയും നേരില്‍ക്കണ്ട് അഭിമുഖം നടത്തുന്നു. കഥ പുരോഗമിക്കുന്നത് വളരെ സാവധാനമാണ്. ഉദ്യോഗസ്ഥരുടെ ഓര്‍മ്മകളില്‍നിന്ന്, കച്ചവടക്കാരില്‍നിന്ന്, പരദൂഷണം നടത്തുന്നവരില്‍നിന്ന്, വേശ്യകളില്‍നിന്ന്-കഥയ്ക്ക് രൂപവും ഭാവവും ലഭിക്കുന്നു. കഥ പറയുകയല്ല, പകരം മുറിഞ്ഞു
പോയ കഥയുടെ പല കഷണങ്ങള്‍ ചേര്‍ത്തുവയ്ക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.