DCBOOKS
Malayalam News Literature Website

ഇമ്മാനുവൽ കരേയ്‌റിന്റെ ഹൊറര്‍ ത്രില്ലര്‍ ‘പ്രതിയോഗി’

‘താങ്കളുടെ കത്തിനു മറുപടിയെഴുതാന്‍ ഇത്രയേറെ വൈകിയതിന്റെ കാരണം അതിലെ നിര്‍ദേശങ്ങളോടുള്ള എതിര്‍പ്പോ താല്പര്യരാഹിത്യമോ അല്ല. പ്രാഥമികാന്വേഷണം പുരോഗമിക്കുന്നതിനിടെ താങ്കളുമായി കത്തിടപാടുകള്‍ നടത്തരുതെന്ന് എന്റെ അഭിഭാഷകന്‍ വിലക്കിയിരുന്നതുകൊണ്ടാണ്. മൂന്ന് മനോരാഗപരിശോധനകള്‍ക്കും മൊത്തം 250 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനും ശേഷം ഇന്നിപ്പോള്‍ എന്റെ ചി്ന്തകള്‍ക്ക് അടുക്കും ചിട്ടയും എന്റെ മനസ്സിനു സ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നതുകൊണ്ട് താങ്കളുടെ ലക്ഷ്യം നേടാന്‍ എനിക്കു സഹായിക്കാന്‍ കഴിയും.

യൂറോപ്പിനെ നടുക്കിയ അഞ്ചുകൊലപാതകങ്ങള്‍ നടത്തിയ ജീന്‍ ക്ലോഡ് റൊമാന്‍ഡ് പ്രതിയോഗി എന്ന നോവലിന്റെ ഗ്രന്ഥകാരനായ ഇമ്മാനുവല്‍ കരേയ്‌റിന് അയച്ച കത്തില്‍നിന്ന്.

ഒന്നിനു പിറകേ ഒന്നായി കളവുകള്‍ പറയേണ്ടി വരുമ്പോള്‍ നിങ്ങളുടെ ജീവിതം തന്നെ ഒരു കള്ളക്കഥയായി മാറും. ജീന്‍ ക്ലോഡ് റൊമാന്‍ഡിന്റെ ജീവിതവും ഒരു കള്ളക്കഥയായി മാറുന്നതും ഒരു നുണയിലൂടെയാണ്. ലോകാരോഗ്യസംഘടനയിലെ ഒരു ഗവേഷകനാണ് താന്‍ എന്നാണ് ജീന്‍ ക്ലോഡ് റൊമാന്‍ഡ് തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചിരുന്നത്. നീണ്ട ഇരുപതു വര്‍ഷക്കാലം ഒരു കളവിനു പിറകേ ഒന്നൊന്നായി കളവുകള്‍ പറഞ്ഞ് തന്റെ രഹസ്യജീവിതം നയിച്ചു. പക്ഷേ ഒരിക്കല്‍ തന്റെ എല്ലാ കള്ളത്തരവും പുറംലോകം മനസ്സിലാക്കും എന്ന ഘട്ടം വന്നപ്പോള്‍ അയാള്‍ തന്റെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് ചെയ്തത്.

പ്രതിയോഗി
പ്രതിയോഗി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അരുംകൊലാപാതകങ്ങളുടെ കഥ ആസ്പദമാക്കി ഫ്രഞ്ച് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ ഇമ്മാനുവല്‍ രേയ്‌റ്‌ രചിച്ച പ്രതിയോഗിയാണ് ജീന്‍ ക്ലോഡ് റൊമാന്‍ഡ് എന്ന വ്യാജ ഡോക്ടറുടെ കഥ പറയുന്നത്. 1993 ജനുവരി 9നാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന അഞ്ച് കൊലപാതകങ്ങള്‍ ഫ്രാന്‍സിലെ രണ്ട് സ്ഥലങ്ങളിലായി നടക്കുന്നത് അതും ഒരേ കുടുംബത്തിലെ അഞ്ച് പേര്‍. തന്റെ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയുംമാണ് ആ വ്യാജ ഡോക്ടര്‍ കൊലപ്പെടുത്തിയത്.

മാനസിക സംഘര്‍ഷങ്ങളെ ബാഹ്യമായി പ്രകടിപ്പിക്കുന്നതില്‍ വിലക്ക് നിലനിന്നിരുന്ന കുടുംബ പശ്ചാത്തലവും, സാങ്കലപിക കഥകള്‍ മെനഞ്ഞെടുക്കാനുള്ള സ്വന്തം അമിതാസക്തിയും ആയിരിക്കണം ഒരുപക്ഷേ ജീന്‍ ക്ലോഡ് റൊമാന്‍ഡിനെ ഒരു കൊലപാതകി ആക്കിത്തീര്‍ത്തത്. തന്റെ പഠനകാലം മുതല്‍ സാങ്കല്പിക കഥകള്‍ പറയുകയും അത് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ജീന്‍ ക്ലോഡ് റൊമാന്‍ഡിനെ നമുക്ക് ഈ നോവലില്‍ കാണാന്‍ കഴിയും. ഏകാന്തപ്രിയനായ, സുഹൃത്തുക്കള്‍ ആരുമില്ലായിരുന്ന ബാല്യത്തില്‍ ക്ലോഡ് എന്ന സാങ്കല്പിക പെണ്‍സുഹൃത്തുന്റെ സാമീപ്യത്തില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു ജീന്‍ ക്ലോഡ് റൊമാന്‍ഡ്. തന്റെ ഏകാന്തജീവിതത്തിലേക്ക് ഫ്‌ലോറന്‍സ് എന്ന പെണ്‍കുട്ടി കടന്നു വരുന്നതോടെ അയാളുടെ ജീവിതം മാറി എന്ന പ്രതീക്ഷയുണരുന്നു. എന്നാല്‍ തന്റെ നുണക്കഥകളുടെ അന്ത്യം ജീന്‍ ക്ലോഡ് റൊമാന്‍ഡ് കുറിച്ചത് യൂറോപ്യന്‍ രാജ്യങ്ങളെ ആകമാനം ഞെട്ടിച്ച നിഷ്ഠൂരതയുടെ സാക്ഷ്യവുമായാണ്.

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും സംവിധായകനുമായ ഇമ്മനുവല്‍ കരേയ്‌റ്‌ തന്റെ തൂലികയില്‍ ജീന്‍ ക്ലോഡ് റൊമാന്‍ഡിന്റെ യഥാര്‍ത്ഥ ജീവിതം നോവലാക്കിയപ്പോള്‍ അത് അനുവാചകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലെത്തിക്കുന്ന അനുഭവമായി മാറി. ഈ കഥയെപറ്റി വികാരങ്ങളില്ലാതെ ചിന്തിക്കുക അസാധ്യാമാണ് തന്നെയുമല്ല ഇതിനു പിന്നില്‍ നിഗൂഡമായി ഒളിഞ്ഞു കിടക്കുന്ന ഏതോ ഒരു കാരണവും ഉണ്ട് എന്ന് വായനക്കാരനെ ചിന്തിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. എഴുത്തുകാരന്‍ ഈ കഥയ്ക്ക് ഒരു അന്ത്യം കുറിക്കുന്നില്ല. ഈ രചന ഒരു പാതകമാണ് അല്ലെങ്കില്‍ ഒരു പ്രാര്‍ത്ഥനയാണ് എന്ന നിലയില്‍ ആണ് ഗ്രന്ഥകാരന്‍ തന്റെ നോവല്‍ അവസാനിപ്പിക്കുന്നത്. നോവലിസ്റ്റ് ഒരു ഡോക്യുഫിക്ഷന്റെ ആഖ്യാനശൈലി പിന്തുടരുന്നതും ഈ പുസ്തകത്തിന്റെ വായനാനുഭവത്തെ സവിശേഷമായ ഒന്നാക്കിത്തീര്‍ക്കുന്നു. ലോകസാഹിത്യത്തില്‍ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെടുകയും മറ്റു പലഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും വിഖ്യാതചലച്ചിത്രമാകുകയും ചെയ്തിട്ടുള്ള ഈ നോവല്‍- പ്രതിയോഗി– മൂലകൃതിയുടെ ഭംഗി ഒട്ടുംതന്നെ ചോരാതെ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തിരിക്കുന്നത് ജോസ് വടക്കന്‍ ആണ്.

തയ്യാറാക്കിയത് വിനീത് ഇ വി

Comments are closed.