DCBOOKS
Malayalam News Literature Website

സങ്കല്പ ലോകങ്ങളില്‍ അഭിരമിക്കുന്ന പ്രതിമയും രാജകുമാരിയും

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പി. പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മായികമായ ഒരു രചനാ ഇതിവൃത്തമാണ് പ്രതിമയും രാജകുമാരിയും എന്ന കൃതിയെ മറ്റു പത്മരാജന്‍ കൃതികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് .

പ്രതീക്ഷകളില്ലാത്ത, ദുരന്തബോധം വേട്ടയാടുന്ന മനുഷ്യമനസിന്റെ സങ്കീര്‍ണ്ണഭാവം ഒരു തമാശക്കോട്ടയില്‍ സംഭവിക്കുന്ന അത്ഭുതത്തിന്റെ ചിത്രങ്ങളിലൂടെ പത്മരാജന്‍ ആവിഷ്‌ക്കരിക്കുന്നു. മണലാരണ്യത്തിനു നടുവിലെ കോട്ടയില്‍ പ്രതിമയായി നില്‍ക്കുന്ന ചുപ്പന്‍ കോട്ടയുടെ ഉടമസ്ഥനായ ധീരുലാലുമായി പിണങ്ങി നാടുവിടുന്നു. ചുപ്പന്‍ ഗോവിന്ദ് എന്ന പേര് സ്വീകരിക്കുന്നു. അഭ്യാസങ്ങള്‍ നടത്തി പണം വാരികൂട്ടുമ്പോഴും അയാളുടെ മനസില്‍ ദ്വീപും രാജകുമാരിയും നിറഞ്ഞുനിന്നു. രാജകുമാരിയും അവരെ പിന്തുടര്‍ന്നു. അവളുടെ ആലിംഗനങ്ങളും ചുംബനങ്ങളും അവന് ഉള്ളില്‍ പുകഞ്ഞ ചൂടിന് മോചനം നല്‍കി. കാട് അവര്‍ക്ക് പുതിയ സ്വാതന്ത്ര്യം സമ്മാനിച്ചു. ദ്വീപിലെ സ്വര്‍ഗത്തെക്കുറിച്ചുള്ള സ്വപ്നം അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു. എന്നാല്‍ ധീരുലാലിന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി പ്രതിമയെ വിട്ടുകൊടുക്കാന്‍ രാജകുമാരി സമ്മതിക്കുന്നു. ധീരുലാലിനെ പ്രതിമ തകര്‍ത്തെറിയുന്നു. രാജകുമാരിയെ സ്വതന്ത്രയാക്കുന്നു. അവന്‍ വീണ്ടും പ്രതിമയാകുന്നു. രാജകുമാരിയുടെ കണ്ണുനീരിനുപോലും ചലിപ്പിക്കാന്‍ കഴിയാതെ കാലം കടന്നുപോയിട്ടും പ്രതിമയായിത്തന്നെ നിലകൊള്ളുന്നു.

“ഈ നോവല്‍ വായിക്കുമ്പോള്‍ ഏതോ പ്രാചീനമായ കഥാലോകത്തിന്റെ അത്ഭുതങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലാണ് വായനക്കാര്‍. ഈ അനുഭവങ്ങളോടൊപ്പം ലിഫ്റ്റ്, മോട്ടോര്‍ സൈക്കിള്‍, ഫയര്‍ എഞ്ചിന്‍, ഗസ്റ്റ് ഹൗസ്, റഡാറുകള്‍, ക്ലോസ് സര്‍ക്യൂട്ട് ഏര്‍പ്പാടുകള്‍ എന്നിങ്ങനെയുള്ള ആധുനിക ജീവിതത്തിന്റെയും യന്ത്രസംസ്‌കാരത്തിന്റെയും ചിഹ്നങ്ങളെ വിലക്കില്ലാതെ അവതരിപ്പിച്ചു കൊണ്ട് നോവലിലെ അനുഭവ മണ്ഡലത്തെ പത്മരാജന്‍ അഴിക്കാന്‍ കഴിയാത്ത കുരുക്കുകളില്‍ എത്തിക്കുന്നു. അങ്ങനെ സര്‍ഗാത്മകമായ ഒരവിശ്വസനീയതയെ നേരില്‍ കാണുന്നു.” കെ. പി. അപ്പന്‍ നോവലിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.