DCBOOKS
Malayalam News Literature Website

പ്രപഞ്ചമഹാകഥ

ശാസ്ത്രത്തിന്റെ അതിശയലോകത്തിലൂടെ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ബില്‍ ബ്രൈസണ്‍ നടത്തിയ ആഹ്ലാദജനകമായ യാത്രയുടെ വിവരണമാണ് ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിംഗ്’. മഹാവിസ്‌ഫോടനം മുതല്‍ മനുഷ്യസംസ്‌കൃതിയുടെ ഉദയം വരെയുള്ള പ്രപഞ്ച ചരിത്രം സരളവും മനോഹരവുമായി അവതരിപ്പിച്ച ഈ ജനപ്രിയ ശാസ്ത്രപുസ്തകം ലോകമെമ്പാടും വില്പനയില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

2003ല്‍ പുറത്തിറങ്ങിയ ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിംഗ്’ 2009ല്‍ തന്നെ ‘പ്രപഞ്ചമഹാകഥ- എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഹ്രസ്വചരിത്രം‘ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ വായനക്കാരും ആവേശപൂര്‍വ്വമാണ് എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഹ്രസ്വചരിത്രത്തെ വരവേറ്റത്.ശാസ്ത്രാന്വേഷികള്‍ക്കു പകരം ബ്രൈസണ്‍ ലക്ഷ്യം വെയ്ക്കുന്നത് വിരസ വിഷയമെന്നു കരുതി ശാസ്ത്രത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച സാധാരണക്കാരനേയാണെന്നത് കൃതിയുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.

പുസ്തകങ്ങളും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും വായിച്ചും നിരവധി ശാസ്ത്രജ്ഞന്മാരെ നേരില്‍ കണ്ട് അഭിമുഖം നടത്തിയുമാണ് ബ്രൈസണ്‍ ഈ പുസ്തകം തയ്യാറാക്കിയത്. ഈ അന്വേഷണയാത്രയില്‍ ശാസ്ത്രചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒട്ടേറെ പ്രതിഭാശാലികളെ അദ്ദേഹം കണ്ടെത്തുന്നുണ്ട്. ഒപ്പംഅത്ര പ്രശസ്തമല്ലാത്ത വിചിത്ര രീതികളും കൗതുക കഥകളും വെളിപ്പെടുത്തുന്നു. വിരസമാകാമായിരുന്ന ഒരു വിഷയത്തെ ബ്രൈസണ്‍ ജനകീയമാക്കിയെടുത്തത് അങ്ങനെയാണ്. ഒരു കഥാപുസ്തകം പോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചുപോകാമെന്നതാണ് പ്രപഞ്ചമഹാകഥയുടെ വിജയരഹസ്യം. പത്രപ്രവര്‍ത്തകനായ വി. ടി സന്തോഷ് കുമാറാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കിയത്. ഈ കൃതിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

പത്രപ്രവര്‍ത്തകനായിരുന്ന ബില്‍ ബ്രൈസണ്‍ പിന്നീട് ഭാഷാശാസ്ത്രവും യാത്രാവിവരണവും ശാസ്ത്രസാഹിത്യവുമൊക്കെയായി മുഴുവന്‍ സമയ എഴുത്തുകാരനാവുകയായിരുന്നു. ദി ലോസ്റ്റ് കോണ്ടിനന്റ്, മദര്‍ ടങ്ങ്, നെയ്ദര്‍ ഹിയര്‍ നോര്‍ ദേര്‍ , മെയ്ഡ് ഇന്‍ അമേരിക്ക, നോട്‌സ് ഫ്രം എ സ്മാള്‍ ഐലന്‍ഡ്, എ വോക് ഇന്‍ ദ വുഡ്‌സ്, നോട്‌സ് ഫ്രം എ ബിഗ് കണ്‍ ട്രി, ഡൗണ്‍ അണ്ടര്‍ , ആഫ്രിക്കന്‍ ഡയറി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍.

Comments are closed.