DCBOOKS
Malayalam News Literature Website

സമകാലിക രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്ര രഹസ്യങ്ങള്‍ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങളാണ് ബി.രാജീവന്റെ പ്രളയാനന്തര മാനവികത-ശബരിമലയുടെ പശ്ചാത്തലത്തില്‍. സംഘപരിവാര്‍ രാഷ്ട്രീയവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് ബി. രാജീവന്‍ എഴുതിയ ചില ലേഖനങ്ങളും ചില സുഹൃത്തുക്കള്‍ നടത്തിയ അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കലുഷമായിത്തീര്‍ന്ന കേരള രാഷ്ട്രീയമാണ് ഇതില്‍ ആദ്യം ചേര്‍ത്തിട്ടുള്ള ലേഖനങ്ങളുടെ അടിയന്തര സന്ദര്‍ഭമെങ്കിലും മറ്റു ലേഖനങ്ങളെല്ലാം സംഘപരിവാര്‍ രാഷ്ട്രീയത്തെ അഖിലേന്ത്യാ പശ്ചാത്തലത്തില്‍ സമീപിക്കുന്നവയാണ്.

ഗാന്ധിവധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ജനത പുറംതള്ളിയ സംഘപരിവാര്‍ രാഷ്ട്രീയം മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി ഇന്ന് എങ്ങനെ ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ന്നു? എന്താണ് ഈ വിജയത്തിലേക്ക് അവരെ നയിച്ച രാഷ്ട്രീയരസതന്ത്രരഹസ്യം? ഇതിനെ നിര്‍വ്വീര്യമാക്കുന്നതിനുള്ള ബദല്‍ രാഷ്ട്രീയ രസവിദ്യ എന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പുസ്തകത്തില്‍ ചേര്‍ത്ത ലേഖനങ്ങളിലൂടെ അന്വേഷിക്കുന്നത്. ഇത്തരമൊരു ബദല്‍ രാഷ്ട്രീയ അന്വേഷണത്തിന് തന്നെ പ്രാപ്തനാക്കിയ പശ്ചാത്തലം പാശ്ചാത്യ ആധുനികതയുടെയും ആധുനിക മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും പരിമിതികള്‍ തുറന്നു കാട്ടിത്തരുന്ന മാര്‍ക്‌സിന്റെ പില്‍ക്കാല രചനകളും ഗാന്ധിയുടെയും അംബേദ്കറിന്റെയും രാഷ്ട്രമീമാംസകള്‍ ഇന്ന് കൈവരിക്കുന്ന പരസ്പര പൂരകത്വവും ചേര്‍ത്ത് അര്‍ത്ഥവത്താക്കുന്ന ബദല്‍ ആധുനികതയുടെ ഒരു നൂതന ജ്ഞാനമണ്ഡലമാണെന്ന് ബി.രാജീവന്‍ പറയുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവര്‍ക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രളയാനന്തര മാനവികത-ശബരിമലയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.