DCBOOKS
Malayalam News Literature Website

പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍: നരേന്ദ്രമോഡിയുടെ ഇന്ത്യ

സമീപകാല ദേശീയരാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ കൃതിയാണ് ശശി തരൂരിന്റെ The Paradoxical Prime Minister Narendra Modi And His India . കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലു വര്‍ഷക്കാല ഭരണത്തെ ആഴത്തില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് ഈ കൃതിയിലൂടെ.

‘പ്രധാനമന്ത്രി നരേന്ദ്രമോഡി പലപ്പോഴും പുരോഗമനചിന്തകള്‍ക്ക് ശബ്ദം നല്‍കുന്നു (ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥം എന്നൊക്കെ). അതേസമയം ഇന്ത്യന്‍ സമൂഹത്തിലെ അങ്ങേയറ്റം അധമമായ ഘടകങ്ങളെ തന്റെ രാഷ്ട്രീയനിലനില്‍പ്പിനായി കൂട്ടിക്കൊടുക്കുന്നു. തന്റെ സര്‍ക്കാരിന്റെ കാര്യക്ഷമമായ നടത്തിപ്പില്‍ ഊറ്റം കൊള്ളുമ്പോള്‍ രാജ്യത്ത് അരങ്ങേറുന്ന വര്‍ഗ്ഗീയ ലഹളകളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും പശുസംരക്ഷകരുടെ അഴിഞ്ഞാട്ടത്തിനും നേര്‍ക്ക് കണ്ണടയ്ക്കുന്നു. രാജ്യത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചുള്ള തന്റെ ഉല്‍ക്കടമായ അഭിലാഷങ്ങളെക്കുറിച്ച് പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭ തീര്‍ത്തും നിരാശാജനകമായ പ്രകടനം നടത്തുന്നു. ഇങ്ങനെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് അദ്ദേഹം. അപ്പോള്‍ ആരാണ് ശരിക്കുമുള്ള നരേന്ദ്രമോഡി? തന്റെ ജനങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്ന പരിശുദ്ധനായ ഒരു നേതാവോ അതോ തീവ്ര വലതുരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ഇന്ത്യയുടെ ബഹുസ്വരതയെ ഹിന്ദുരാഷ്ട്രമെന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന മതഭ്രാന്തനോ? അതോ ഇവ രണ്ടിനും ഇടയില്‍ നിലകൊള്ളുന്നയാളോ?’ശശി തരൂര്‍ വിലയിരുത്തുകയാണ് തന്റെ കൃതിയിലൂടെ.

നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പുസ്തകം ആരംഭിക്കുന്നത്. അടുത്ത നാലു ഭാഗങ്ങളും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിക്കുകയാണ്. സാമൂഹിക, സാമ്പത്തിക, വിദേശനയങ്ങള്‍, അടിസ്ഥാന മൂല്യങ്ങള്‍ എന്നിവയും അവയിലെ വൈരുദ്ധ്യങ്ങളേയും അക്കമിട്ടു നിരത്തുന്നു. സ്വന്തം വാക്കും പ്രവൃത്തിയുമായുള്ള പൊരുത്തമില്ലായ്മയാണ് ആദ്യ വൈരുദ്ധ്യമായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍: നരേന്ദ്രമോഡിയുടെ ഇന്ത്യ എന്ന പേരില്‍ ഈ കൃതി ഡി.സി ബുക്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജോണ്‍ എം.എല്‍, വി.രാധാമണിക്കുഞ്ഞമ്മ, വി.രാജമ്മക്കുഞ്ഞമ്മ എന്നിവര്‍ ചേര്‍ന്നാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.