DCBOOKS
Malayalam News Literature Website

പൊയ്കയില്‍ അപ്പച്ചന്റെ രാഷ്ട്രഭാവന

കെ.വി ശശി

സാമാന്യാര്‍ഥത്തില്‍ കോളനീകരണവും സവിശേഷമായി ഗുരുവും കെട്ടഴിച്ചുവിട്ട ആത്മേബാധത്തിന്റെ ഈ വൈദ്യുതകാന്തിക മേഖലയിലാണ് പൊയ്കയില്‍ അപ്പച്ചന്‍ ജനിച്ചു ജീവിച്ചത്. അപ്പച്ചന്‍ ജനിച്ച് ഒമ്പതു വര്‍ഷം കഴിയുമ്പോള്‍ (1888) അരുവിപ്പുറത്ത് രാ്രഷ്ടനിര്‍മാണത്തിന്റെ ആദ്യശില ഉറച്ചുകഴിഞ്ഞിരുന്നു. ഈ രാഷ്ട്രനിര്‍മ്മാണത്തിന്റെ മറ്റൊരു വഴിയായിരുന്നു അപ്പച്ചന്‍. ഇത് ഒരേ സമയം ഗുരുവും അയ്യങ്കാളിയുമടങ്ങുന്ന കര്‍മമേഖലയുടെ തുടര്‍ച്ചയും വിച്ഛേദവുമാണ്.

കേരളീയനവോത്ഥാനത്തിന്റെ മുഖ്യപ്രമേയം മതമൂല്യങ്ങളുടെ പരിഷ്‌കരണമായിരുന്നു. സത്യം, സമത്വം, മാനവികത തുടങ്ങിയ തികച്ചും (കോളനി)ആധുനികമായ ജീവിതമൂല്യങ്ങള്‍ മതങ്ങളില്‍ ലീനമായുണ്ട് എന്ന (അ)ബോധം ഇന്ത്യന്‍ നവോത്ഥാനമെന്ന പോലെ കേരളീയനവോത്ഥാനവും സ്വകാര്യാഭിമാനമായി പുലര്‍ത്തിപ്പോന്നു. അതുകൊണ്ട്, മതത്തിന്റെ മേല്‍മൂടിയായി വര്‍ത്തിക്കുന്ന അഴുക്കുവസനങ്ങള്‍ നീക്കിയാല്‍ ആദിമവിശുദ്ധി കണ്ടെത്താമെന്നും അങ്ങനെ സനാതനമായ ആ വിശുദ്ധി വീണ്ടെടുക്കുന്നതിലൂടെ മനുഷ്യര്‍ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം(ദേശം എന്നുമാവാം) നിര്‍മിക്കാമെന്നും നവോത്ഥാനചിന്തകള്‍ പൊതുവെ ഉറച്ചുവിശ്വസിച്ചുപോന്നു. ഗാന്ധിജി രാമരാജ്യസങ്കല്പം മുന്‍നിര്‍ത്തി സനാതനമതനവീകരണത്തിന് ശ്രമിച്ചത് ഈ (അ)ബോധം എത്രമേല്‍ ഗാഢമായിരുന്നുവെന്നു ഇന്ന് ബോധ്യപ്പെട്ടുവരുന്നുണ്ട്. ഈ സാമാന്യബോധത്തിനെതിരെ ബലിഷ്ഠമായി നിലയുറപ്പിച്ചതിനാല്‍ അംബേദ്ക്കര്‍ സനാതനികളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും മുഖ്യശത്രുവായി എന്നതും ചരിത്രം.

Pachakuthiraകരുണയും സഹാനുഭൂതിയും മൂല്യങ്ങളെന്ന നിലയില്‍ മാനുഷികകമാണെങ്കിലും, സഹസ്രാബ്ദങ്ങള്‍ ചരിത്രത്തില്‍, വിഭവാധികാരമേഖലയില്‍നിന്ന് നിയമങ്ങളും നാനാവിധ അധികാരപ്രരൂപങ്ങളും കൊണ്ട് ആട്ടിയകറ്റി, പ്രാകൃതവും കഠിനവുമായ അടിമജീവിതം അനുഭവിക്കാന്‍ കീഴൊതുക്കിയ ജനതയ്ക്ക് ആത്മാഭിമാനവും പൗരത്വവും നേടുന്നതിന് അവ ഉപകരിക്കുന്നില്ല. വിഭവാധികാരം ഭരണാധികാരത്തിന്റെ കൂടി ഫലശ്രുതിയാണ്. (ഇതുമൂലം ഹിന്ദുക്കളുടെ വിഭവം വിഭജിച്ചുപോകുമെന്നും അങ്ങനെ അവര്‍ക്ക് സാമൂഹ്യാധികാരം നഷ്ടപ്പെടുമെന്നും ഗാന്ധിജി ഭയന്നു. അംബേദ്ക്കര്‍ ഹിന്ദുമതത്തിന്റെ ശത്രുവാണ് എന്ന് ഇന്നത്തെ ഹിന്ദുപരിവാരത്തിന് മാതൃകയാകുംവിധം ശബ്ദമുണ്ടാക്കുവാന്‍ ഗാന്ധിജി നിര്‍ബന്ധിതനായിത്തീര്‍ന്നത് അതുകൊണ്ടാണ് എന്നതും ഓര്‍മിക്കുക).

ഇംഗ്ലീഷും വക്കീലും കോടതിയും നിയമസംഹിതകളും ഇവയുടെ ആന്തരചൈതന്യമായി വര്‍ത്തിക്കുന്ന യുക്തിയും ലോകവിമോചനത്തിന്റെ രൂപകങ്ങളായാണ് കോളനിസന്ദര്‍ഭത്തില്‍ പ്രവര്‍ത്തിച്ചത്. അപരിഷ്‌കൃതരായ തദ്ദേശീയരെ പരിഷ്‌കരിച്ച് സംസ്‌കാരത്തിലേക്ക് നയിക്കുകയെന്ന ദൗത്യമായിരുന്നു കോളനീകരണം നിര്‍വഹിച്ചത് എന്ന് അത് തദ്ദേശീയരെ അബോധത്തില്‍ ബോധ്യപ്പെടുത്തി. (വാസ്തവത്തില്‍ പരിഷ്‌കരണദൗത്യമെന്ന (സിവിലൈസിങ് മിഷന്‍) നിലയില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ചെയ്തത് നിഷ്ഠുരമായ രക്തമൂറ്റലിനപ്പുറം മറ്റൊന്നുമായിരുന്നില്ലെന്ന് മാര്‍ക്‌സ് പിന്നീട് പറയുകയുണ്ടായി.) മെക്കാ
ളെ ഇച്ഛിച്ചപോലെ, സാംസ്‌കാരികദല്ലാള്‍മാരുടെ വര്‍ഗത്തെ അതു പരുവപ്പെടുത്തിയെടുത്തു. യന്ത്രമായിത്തീര്‍ന്ന പുതുഹൈന്ദവത ഉണ്ടായിത്തീരുന്നതങ്ങനെയാണ്. ഇതാണ് ഗാന്ധിജിയില്‍ അബോധമായി സാന്ദ്രീഭവിച്ചത്. ആ സംഹാരയന്ത്രത്താല്‍ത്തന്നെ അദ്ദേഹം അവസാനിക്കാനിടവന്നതും അങ്ങനെയാണ്.

ശുദ്ധവും ആര്‍ഷവുമായ പൗരാണികഇന്ത്യയെ കണ്ടെത്തുക, അതിന്റെ രീതിപദ്ധതികള്‍ അവതരിപ്പിക്കുക എന്നിവ കോളനീകരണത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു. ഭഗവദ്ഗീത, അര്‍ഥശാസ്ത്രം, കാമസൂത്രം, മനുസ്മൃതി തുടങ്ങി ഹൈന്ദവശാസ്ത്രഗ്രന്ഥങ്ങള്‍ കണ്ടെടുക്കുന്നു. അങ്ങനെ യന്ത്രമായിത്തീര്‍ന്ന പുതുഹൈന്ദവതതന്നെ കോളനീകരണം നിര്‍മിച്ചെടുത്തു പ്രദര്‍ശിപ്പിച്ചു. വൈദികസാഹിത്യവും ഗീതയുമെല്ലാം ഹൈന്ദവമതഗ്രന്ഥങ്ങളാക്കി പീഠവല്‍ക്കരിക്കപ്പെട്ടു. പൗരാണികമെന്ന് വിളിക്കാവുന്ന ഒരു ഹൈന്ദവയന്ത്രം അങ്ങനെ രൂപപ്പെട്ടു. അത് വിമര്‍ശനരഹിതം സ്വീകരിക്കപ്പെട്ടു. ഹിന്ദ്‌സ്വരാജ് ഈ ജ്ഞാനപരിസരത്താണ് രൂപപ്പെട്ടത്. ഗാന്ധിജിയുടെ ഹൈന്ദവത കോളനീകരണം യന്ത്രമാക്കി പരുവപ്പെടുത്തിയ ഹൈന്ദവതയാണെന്ന് സാരം. ആധുനികതയും അതിന്റെ ഉടല്‍പൂണ്ട രൂപമായ കോളനീകരണവും പഴയ ജഗന്നാഥന്റെ ധര്‍മപദവികള്‍ സ്വയം ഏറ്റെടുത്തു. യൂറോപ്പ് എന്ന മാതൃകാസ്ഥാനത്തേക്ക് പരിഷ്‌കരിച്ച് വൃത്തിവല്‍ക്കരിച്ചെടുക്കാനുള്ള അസംസ്‌കൃതജീവിതങ്ങളായി കീഴാളരെയും സ്ത്രീകളെയും അത് കണ്ടു. ഇതാണ് ഗാന്ധിജിയെ അബോധത്തില്‍ രൂപപ്പെടുത്തിയ ജ്ഞാനമാതൃക. അതുകൊണ്ടാണ് സ്ത്രീകളും കീഴാളരും ഗാന്ധിജിക്ക് യഥാക്രമം പരീക്ഷണവസ്തുക്കളും പരിഷ്‌കരണോപാദാനങ്ങളുമായിത്തീര്‍ന്നത്. കേരളീയസന്ദര്‍ഭത്തില്‍ നാരായണഗുരുവിന്റെയും ഇന്ത്യനവസ്ഥയില്‍ അംബേദ്ക്കറുടെയും ഇടപെടലുകള്‍ ഇന്ത്യാചരിത്രത്തിലെ മൗലികവിച്ഛേദങ്ങളായിത്തീരുന്നതിവിടെയാണ്. ഒരു സമൂഹത്തിന്റെ പുരോഗതി മനസ്സിലാക്കുവാന്‍ ആ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിച്ചാല്‍ മതിയെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്.

പൂര്‍ണ്ണരൂപം വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.