DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ ശ്രദ്ധേയങ്ങളായ എട്ടു ചെറുകഥകള്‍

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെയും ഇ.എം.എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സര്‍ഗാത്മകതയുടെ നിതാന്തമുദ്ര പതിപ്പിക്കാന്‍ ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്.

പോസ്റ്റ്മാന്‍ എന്ന ഏറ്റവും പുതിയ കഥാസമാഹാരവും ആ രചനാസൗഷ്ഠവത്തിനു നിദര്‍ശനമാകുന്നു. കഥനസമ്പ്രദായത്തില്‍ നിലവിലുള്ളതിനെ മാറ്റിമറിക്കുന്നതരം പുതുമ തേടുന്നതിലും എഴുത്തില്‍ അത് സാര്‍ത്ഥകമായി സന്നിവേശിപ്പിക്കുന്നതിലും കാട്ടുന്ന കയ്യൊതുക്കം മാര്‍ക്കേസ്, നീലേശ്വരം ബേബി തുടങ്ങിയ കഥകളില്‍ വായനക്കാര്‍ക്ക് ബോധ്യമാകും. പ്രശ്‌നസങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ഒരു പരിച്ഛേദം കൂടിയാകുന്നു ഈ കൃതി. സമീപഭൂതകാലത്ത് ഏറ്റവും കൂടുതല്‍ അപനിര്‍മ്മിക്കപ്പെട്ടത് പ്രണയം എന്ന ഉദാത്തമായ വൈയക്തികാനുഭവമാണെന്നു തോന്നുന്നു. കാലാതീതമായൊരു അനുഭൂതിയാണെന്നിരിക്കെ പ്രണയത്തെ ഇവ്വിധം ക്രമഭംഗപ്പെടുത്താനും തിരസ്‌കരിക്കാനും കാലം സജ്ജമാകുന്നുവെന്നൊരു തോന്നല്‍ സുമനസ്സുകള്‍ക്കു കൈവരുന്നതെന്തുകൊണ്ടായിരിക്കും. അത്തരമൊരു സമസ്യയുടെ ഇഴ മെല്ലെ വേര്‍പെടുത്തുവാന്‍ ശ്രമിക്കുന്ന കഥയാണ് പോസ്റ്റ്മാന്‍ എന്നത്. സമയന്ധിതവും കൃത്യനിഷ്ഠവുമായി ജീവിതത്തെയും തന്റെ കര്‍മ്മമണ്ഡലത്തെയും നിയന്ത്രിച്ചിരുന്ന പോസ്റ്റ്മാന്‍ സദാശിവന്‍ പിള്ളയുടെ ജീവിതാനുഭവങ്ങളിലേക്കുള്ള ആഖ്യാതാവിന്റെ പാളിനോട്ടം ചെന്നെത്തുന്ന വിചിത്രമായ അവസ്ഥാവിശേഷമാണ് ഈ കഥ. ഭര്‍ത്താവുമൊത്ത് വിശ്രമജീവിതം നയിക്കുന്ന ഗിരിജ ടീച്ചറോടുള്ള പ്രണയം സദാശിവന്‍പിള്ള ആരുമറിയാതെ മനസ്സില്‍ കൊണ്ടുനടന്നും കത്തുകളെഴുതി പോസ്റ്റുചെയ്യാതെ രഹസ്യമായി സൂക്ഷിച്ചും ഒടുവില്‍ ഭൂമിവിട്ടുപോവുകയാണ്. അതറിയുന്നത് പില്‍ക്കാലത്ത് സദാശിവന്‍പിള്ളയുടെ മകന്‍ അതൊക്കെയും കണ്ടെടുക്കുന്നതോടെയാണ്. പറയപ്പെടാതെപോയ പ്രണയാക്ഷരങ്ങള്‍ തന്നോടൊപ്പം മണ്‍മറയട്ടെയെന്ന് സദാശിവന്‍പിള്ള ആഗ്രഹിച്ചിരുന്നുവെങ്കിലും ആഖ്യാതാവ് അതോരോന്നായി പുതിയ കവറിട്ട് മേല്‍വിലാസമെഴുതി ഗിരിജടീച്ചര്‍ക്ക് അയച്ചുകൊടുക്കുന്നു. അതു കയ്യില്‍കിട്ടുന്നതോടെ അവര്‍ക്കുണ്ടാകുന്ന മാനസാന്തരം പിന്നീട് ആഖ്യാതാവുമായി സദാശിവന്‍പിള്ളയുടെ മകന്‍ വിസ്മയപൂര്‍വ്വം പങ്കുവെയ്ക്കുന്നുണ്ട്.

ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ബുക്കാറാമിന്റെ മകന്‍, ഗുലാം ഹുസൈന്‍, മാര്‍കേസ്, നീലേശ്വരം ബേബി,പോസ്റ്റ്മാന്‍, സോലാപ്പൂര്‍, പുസ്തകശാല എന്നീ എട്ടു കഥകളാണ് ഇതിലെ ഉള്ളടക്കം. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സമയത്തുതന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റ്മാന്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.