DCBOOKS
Malayalam News Literature Website

കലഹക്കുടയുടെ ഒറ്റക്കാല്‍

കെ ജി എസ്- ന്റെ ‘പൂക്കൈത’എന്ന കവിതാ സമാഹാരത്തെക്കുറിച്ച് ഡോ.ആസാദ് എഴുതിയ പഠനത്തില്‍ നിന്നും

അമ്പതാണ്ടെത്തിയിരിക്കുന്നു കെ ജി എസിന്റെ കാവ്യവൃത്തിക്ക്. ‘താരാവൃത രജനി കണക്കെ താരാര്‍ന്നെഴുമൊരു വന്‍ തരുവുണ്ടെന്‍ ശോക ശ്യാമമനസ്സില്‍’ എന്നു തുടങ്ങുന്ന വൃക്ഷത്തിന് അമ്പതു വയസ്സായി.

ബംഗാളും നിശ്ശബ്ദതയും അയോദ്ധ്യയുമെല്ലാം അരനൂറ്റാണ്ടില്‍ എത്താറായി. ഈ ആഴ്ചയും അതേ തലപ്പൊക്കമുള്ള കെ ജി എസ് കവിത നാം വായിക്കുന്നു. ‘കൂടാതാട്ടം’. രണ്ടു പതിറ്റാണ്ടിന്റെ രാഷ്ട്രീയവാസ്തവത്തില്‍ പണിത കാവ്യശില്പം. മുപ്പത്തിയൊമ്പതു കൊല്ലം മുമ്പ് ബി. രാജീവന്‍, Textയാഥാര്‍ത്ഥ്യത്തിന്റെ ഉറച്ച പാറയില്‍ കൊത്തിയെടുക്കപ്പെടുന്ന ഈ കവിത നാളെയുടെ കവിതയാണെന്ന് കെ ജി എസ് കവിതകള്‍ക്ക് അവതാരിക എഴുതി. അതിപ്പോഴും കവിതയുടെ സത്യം.

കവികള്‍ നമുക്കു ധാരാളമുണ്ടായിട്ടുണ്ടെങ്കിലും നമുക്കു നമ്മെത്തന്നെ കാട്ടിത്തരാന്‍ പോന്നവര്‍ കുറച്ചേ ഉണ്ടായിട്ടുള്ളൂ എന്നും രാജീവന്‍ എഴുതി. കെ ജി എസിന്റെ കവിതകളിലൂടെ കടന്നുപോകുന്ന ഓരോരുത്തരും ആ വേദനയും ആനന്ദവുമറിഞ്ഞു. മലയാളിയുടെ വഴികള്‍, നിത്യജീവിതത്തിന്റെ അകമ്പുറങ്ങള്‍ അവിടെ പതിഞ്ഞു കിടക്കുന്നു.

കൂടിയാട്ടമാണു നമുക്കു പരിചിതം. എളുപ്പവും. കൂടാതാട്ടമാണതെന്ന സത്യം പലര്‍ക്കുമറിയാം. പക്ഷേ, പറയാനുള്ള ധൈര്യം, തന്നെത്തന്നെ അഴിച്ചു പണിയാന്‍ ധൈര്യമുള്ള കവിക്കേ കാണൂ. ആ ധൈര്യം അധികം സഹയാത്രികരോ അനുയായികളോ ഇല്ലാതെ ഒറ്റത്തടി വൃക്ഷമായി ഇതാ നിവര്‍ന്നു നില്‍ക്കുന്നു.

”ഭദ്രമെന്‍ കൂറും വീറും കൂടിയാടുന്ന കാഴ്ച, വീടേ, നീ മിണ്ടാതിരിപ്പോളം. മിണ്ടിയാല്‍ അഴിയുമെന്‍ പ്രൗഢികള്‍ക്കകമേ തുന്നല്‍. ഊര്‍ന്നുവീഴുമെന്‍ ഉടുത്തുകെട്ടുകള്‍ തേപ്പുകള്‍’ എന്ന് അവനവനെ കീറിയാരംഭിക്കുന്ന ശസ്ത്രക്രിയ ഒമ്പതു ഖണ്ഡങ്ങളായി വര്‍ത്തമാനത്തെ തുറക്കുന്നു. വീടൊരു മാമൂല്‍ക്കോവില്‍. അയിത്തങ്ങളും മേജ്ജാതിച്ചിട്ടകളും ആഢ്യ ഈണങ്ങളും കണ്ടംബെച്ച വേഷപ്രതാപവും ആട്ടപ്രകരവും സെഡ് കാറ്റഗറി സുരക്ഷയും വീട്ടുമൗനത്തിലുണ്ട്. വീടുമിണ്ടിത്തുടങ്ങിയാല്‍ ‘ചൂളുമോ ഞാന്‍ ആ നഗ്‌നതയില്‍?’ എന്നു കവി. നിശ്ശബ്ദത ഭൂമിയില്‍ വളര്‍ത്തുന്ന വ്യംഗ്യാര്‍ത്ഥങ്ങളെ മറ്റേതു കവി ഇത്ര സൂക്ഷ്മമായി പിന്തുടര്‍ന്നിട്ടുണ്ട്?

മാറാനും മാറ്റാനും പുറപ്പെട്ടവര്‍ പാരമ്പര്യത്തിന്റെ ഭാരത്തിലേക്കു വഴങ്ങി. അതിനാടിയ വേഷങ്ങളേറെ. മുഖ്യം ചെഗുവേര വേഷം. അജ്ഞാതവനങ്ങളിലെ പോരാളിവേഷത്തില്‍
നിന്ന് അതെന്നെ സുതാര്യതയെ ചവിട്ടിയാഴ്ത്തിയ അതാര്യതയുടെ ചില്ലുമാളികയായ മാളിലേക്ക് എത്തിച്ചുള്ളു. എങ്കിലും വിട്ടുപോകുന്നില്ല ചെഗുവേര ശൗര്യം. ഈ സംഘര്‍ഷം മലയാളിയുടെ ഇടതുപക്ഷ പൊതുബോധത്തിന്റെ ഉള്‍പ്പിടച്ചില്‍ തന്നെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.