DCBOOKS
Malayalam News Literature Website

ചരിത്രസംഭവങ്ങളില്‍നിന്ന് മെനഞ്ഞെടുത്ത കൃതി: ജി.സുബ്രഹ്മണ്യം

1950-ല്‍ എഴുതിയ ഈ കഥയെക്കുറിച്ച് പുതിയ തലമുറപോലും നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു. ഈ കഥയില്‍ വരുന്ന സ്ഥലങ്ങള്‍ കാണാന്‍ വായനക്കാര്‍ ഇപ്പോഴും പൊന്നിയിന്‍ സെല്‍വന്‍ ടൂര്‍ നടത്തുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവലായ പൊന്നിയിന്‍ സെല്‍വന്‍ തമിഴില്‍നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ ഞാന്‍ ആദ്യം വിചാരിച്ചപ്പോള്‍, ചില വസ്തുതകള്‍ എന്റെ ഓര്‍മയില്‍ വന്നു. 70 വര്‍ഷങ്ങള്‍ മുമ്പ് രചിച്ച ഈ നോവല്‍ എക്കാലത്തെയും മാസ്റ്റര്‍പീസ് ആണ്. സുന്ദരമായ തമിഴില്‍ രചിച്ച ഈ നോവല്‍ അനുവാചകരെ പിടിച്ചിരുത്തിയ ഒന്നാണ്. കല്‍ക്കി എന്ന തമിഴ് മാസികയില്‍ മൂന്നരവര്‍ഷമായി എല്ലാ ആഴ്ചയും വന്നിരുന്ന ഈ നോവല്‍ വായിക്കാത്ത തമിഴ് പ്രേമികള്‍ ചുരുക്കമാണ്. അഞ്ചുഭാഗങ്ങള്‍, ഇരുനൂറില്‍പരം അദ്ധ്യായങ്ങള്‍, Textഒരുപാട് തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെല്ലാമുള്ള ഈ കൃതിയുടെ നേരായ ഒരു തര്‍ജ്ജമ ഈ കാലത്തെ വായനക്കാര്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍ പറ്റും എന്ന് തോന്നാത്തതിനാല്‍, മൂല ഗ്രന്ഥത്തിന്റെ സത്ത ചോര്‍ന്നുപോകാതെ ശ്രീ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആശയത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്താതെ കാച്ചിക്കുറുക്കി, വായനക്കാരുടെ മുമ്പില്‍ എത്തിക്കുന്ന ഒരു ദൗത്യമാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

1950-ല്‍ എഴുതിയ ഈ കഥയെക്കുറിച്ച് പുതിയ തലമുറപോലും നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു. ഈ കഥയില്‍ വരുന്ന സ്ഥലങ്ങള്‍ കാണാന്‍ വായനക്കാര്‍ പൊന്നിയിന്‍ സെല്‍വന്‍ ടൂര്‍ നടത്തുന്നു. ഇത് സിനിമയാക്കാന്‍ M G R- ന്റെ കാലം മുതല്‍ ഉദ്യമങ്ങള്‍ നടന്നു, പക്ഷേ, വിജയിച്ചില്ല. പുതിയ ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്, അപ്പോഴേക്കും മഹാമാരി പടര്‍ന്നു പിടിച്ചതിനാല്‍ കാലതാമസം ഉണ്ടാവും എന്ന് തോന്നുന്നു ചെറുപ്പം മുതല്‍ തമിഴ് ഭാഷയോട് അഭിനിവേശം ഉണ്ടായിരുന്നു. ആ ഭാഷ എഴുതാനും വായിക്കാനും അറിയാമായിരുന്ന എന്റെ അമ്മയുടെയും മൂത്ത സഹോദരിയുടെയും സഹായത്താല്‍ മലയാള അക്ഷരങ്ങള്‍ക്കൊപ്പംതന്നെ തമിഴ് അക്ഷരമാലയും പഠിച്ചു. അതിന്റെ ഉപയോഗം ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി ഉപയോഗിച്ചു. എഴുത്തുകാരും വായനക്കാരും വിവാദപ്രിയരല്ലാതിരുന്ന ആ നല്ല കാലങ്ങളില്‍ എഴുതപ്പെട്ട ഒരു പാട് പുസ്തകങ്ങള്‍ ഉണ്ട്. കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഇല്ലാത്ത ആ കാലത്ത് ചരിത്ര നോവല്‍ എഴുതാന്‍ കഥാകൃത്ത് അനുഭവിച്ച വിഷമവും ചെയ്ത അധ്വാനവും ശ്ലാഘനീയം തന്നെ.

ചരിത്ര കഥാപാത്രങ്ങളുടെ കൂടെ തന്റെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും കൂട്ടിയിണക്കി ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം മെനഞ്ഞെടുത്ത ഈ കൃതി അനുവാചകരുടെ മുമ്പാകെ സമര്‍പ്പിക്കുന്നു. ആ മഹാനായ എഴുത്തുകാരന് എന്റെ പ്രണാമം.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.