DCBOOKS
Malayalam News Literature Website

‘പൊനം’; രോമകൂപങ്ങളെ ചൂടുപിടിപ്പിക്കുന്ന വീര്യദ്രവം

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ഉമർ ടി കെ എഴുതിയ വായനാനുഭവം

പൊനം രണ്ടാം പതിപ്പിറങ്ങിയപ്പോള്‍ പ്രശാന്തിനോട് പറഞ്ഞു. പത്താം പതിപ്പ് ആയിട്ടേ ഞാന്‍ വായിക്കൂ. മറ്റൊന്നും കൊണ്ടല്ല, വായന ഏറക്കുറെ മുഴുവനായി നിന്നു പോയിട്ട് മൂന്നു വര്‍ഷത്തോളമാകുന്നു. ഇടയ്ക്ക് പ്രചാരം നേടിയ ഒരു ഡിറ്റക്ടീവ് നോവല്‍ വായിക്കാന്‍ തുടങ്ങി. എങ്ങിനെയൊക്കെയോ അത് തീര്‍ത്തു എന്നു പറഞ്ഞാല്‍ മതി. പിന്നെ തുടര്‍ച്ചകളുണ്ടായില്ല. അതിനിടയില്‍ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികള്‍ പലതും വാങ്ങി വെച്ചിട്ടും തൊടാന്‍ മടിച്ച് നിന്നു. പാതിവഴിയില്‍ നിന്നു പോകുമോ എന്ന പേടി. പലരും വഴക്കു പറഞ്ഞിട്ടുണ്ട്, വായനയൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ പേരില്‍. സന്തോഷം കിട്ടാനാണ് വായിക്കുന്നതെങ്കില്‍ എനിക്ക് കൃഷിയില്‍ നിന്ന്, ബഡിങ്ങും ഗ്രാഫ്റ്റിങ്ങും നടത്തി പുതിയ ചെടികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന്, ഓരോ ദിവസവും അതിന്റെ വളര്‍ച്ച കാണുന്നതില്‍ നിന്ന് പുതിയ പുതിയ വെറൈറ്റി പഴച്ചെടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് സന്തോഷവും ത്രില്ലും ലഭിക്കുന്നെങ്കില്‍ വായന തന്നെ വേണമെന്നുണ്ടോ എന്നു ഞാന്‍ തിരിച്ചു ചോദിക്കും.

ഏതായാലും നാലു ദിവസം മുമ്പ് മേശപ്പുറത്തു കിടന്ന പൊനം എടുത്തു തുടക്കം വെറുതെ വായിക്കാന്‍ നോക്കി. അപ്പോള്‍ ഭാര്യ ഇടപെട്ടു: അവിടെ വെക്ക്. ഞാന്‍ വായിച്ചു പകുതിയാക്കിയതാ. പിറ്റേന്ന് സന്ധ്യക്ക് ഞാനാ പുസ്തകം കൈയിലെടുത്തു. പത്തു പേജിനപ്പുറം പോകാനാവില്ല എന്ന് മനസ്സില്‍ വിചാരിച്ചെങ്കിലും തെറ്റി. വായന രാത്രി വൈകിയും നീണ്ടു. അടുത്ത ദിവസം പകല്‍ വായിക്കാന്‍ പറ്റിയില്ല. രാത്രിയും പിറ്റേന്ന് രാവിലെയും കൊണ്ട് അത് തീര്‍ത്തു.

Textകഥ നടക്കുന്ന ഭൂമികയില്‍ നിന്ന് പത്തു മുപ്പത്തഞ്ചു കിലോമീറ്ററപ്പുറത്തുള്ള എന്റെ നാട്ടില്‍ ഒരു കുന്നിന്‍ ചെരിവ് മുഴുവന്‍ കത്തിച്ച് നെല്ലു വാളിയത്, പൊനം കൃഷി നടത്തിയത് എന്റെ ബാല്യത്തിലെ ഒരു വിദൂര സ്മരണയാണ്. വെന്ത് കരിഞ്ഞ ആ കുന്നില്‍ ചെരിവും കരിഞ്ഞ മരങ്ങളും തര്‍ക്കോവ്‌സ്‌കിയുടെ ഒരു സിനിമയിലെ ദൃശ്യം പോലെ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. പക്ഷേ വഴി തെറ്റുന്ന ചെങ്കല്‍പ്പരപ്പുകള്‍ നിറഞ്ഞ കരിമ്പുനം പോലെ വന്യമായിരുന്നില്ല എന്റെ നാട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഏറ്റുമുട്ടലല്ലാതെ മനുഷ്യര്‍ തമ്മില്‍ പകയും കൊലയും ഉണ്ടായിരുന്നില്ല.

ഇടക്കിടെ പത്രത്താളുകളില്‍ ബന്തടുക്കയിലും സമീപപ്രദേശങ്ങളിലും ആളുകള്‍ വെടിയേറ്റു മരിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അല്‍ഭുതപ്പെടാറുണ്ടായിരുന്നു. അത് പ്രവര്‍ത്തിക്കുന്ന വഴികള്‍ പൊനം എനിക്കു മനസ്സിലാക്കിത്തന്നു. കോഴിപ്പോരും ചോരക്കളികളും നിറഞ്ഞ ആ നാടിന്റെ സൂചനകള്‍ പ്രശാന്തിന്റെ ഗ്വാളിമുഖയിലും ഗോപീകൃഷ്ണന്റെ കാസര്‍കോടന്‍ കഥയിലും മറ്റുമുണ്ടായിരുന്നു. ഇത്രയും വന്യമായ ഒരു ഭൂപ്രകൃതിയും ജീവിതവും മലയാളത്തില്‍ അപൂര്‍വ്വമാണ്. പകയും പ്രതികാരവും നായാട്ടും രതിയും ഉത്സവമായി കൊണ്ടാടുന്ന ഒരു വിചിത്രലോകം. കഥകളും കഥകളും കഥകളും പിണഞ്ഞു ചുറ്റിയ ഈ പൊനത്തിലേക്ക് പ്രവേശിച്ചാല്‍ നമ്മളും വഴി തെറ്റും. കഥാപാത്രങ്ങളെല്ലാം ചിലപ്പോള്‍ മാറി മറിയാം. കാലവും മാറി മറിയാം. പക്ഷേ കരിമ്പുനം എന്ന ദേശം അനാദിയായി അവിടെ ഉണ്ട്. അതിലൂടെ പല തലമുറകള്‍ കടന്നുപോകും.

കരിമ്പുനത്തോടു ചേര്‍ന്നു നില്‍ക്കുന്ന കാട്ടിലെ വില പിടിച്ച മരങ്ങളും ചന്ദന മരങ്ങളുമാണ് ആ നാടിന്റെ വിധി നിര്‍ണയിച്ചത്.

ചിരുതയുടെ വരവോടെയാണ് പൊനത്തിന്റെ കഥകള്‍ തുടങ്ങുന്നത്. രത്യുത്സവങ്ങളുടെ കൊടി ചിരുതയില്‍ നിന്ന് പാര്‍വ്വതിയിലൂടെ രമ്യയിലൂടെ കൈമാറപ്പെടും. ആ മൂന്നു തലമുറകള്‍ക്കിടയിലെ മരംകൊള്ളയുടെയും ഒറ്റിന്റെയും പകയുടെയും കൊലയുടെയും രതിയുടെയും ആഘോഷങ്ങള്‍. അത് തലമുറ കൈമാറുന്ന കുറെ മനുഷ്യര്‍. സാധാരണ നോവലിലെ പോലെ നായകന്മാരോ നായികമാരോ അവിടെയില്ല. കരിമ്പുനമാണ് പ്രധാനം. ചിരുതയ്ക്കു മുമ്പും ഇതേ ജീവിതങ്ങള്‍ അവിടെ ആവര്‍ത്തിച്ചിട്ടുണ്ടാകാം. ഭാവിയില്‍ ഇതു തന്നെ ആവര്‍ത്തിക്കാനിരിക്കുന്നു എന്ന സൂചനയിലാണ് നോവല്‍ അവസാനിക്കുന്നതും. അനാദിയായ ചരിത്രത്തിലെ മൂന്നു തലമുറയിലെ കുറെ മനുഷ്യരുടെ കഥകളാണ് നോവലിസ്റ്റ് വരച്ചിടുന്നത്. നിഗൂഢമായ കുടക് കാടുകളും അതിനോടു തൊട്ടു കിടക്കുന്ന ചെങ്കല്‍പ്പരപ്പുകള്‍ നിറഞ്ഞ കരിമ്പുനത്തിന്റെ ഭൂപ്രകൃതിയും അവിടുത്തെ മനുഷ്യരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ നാടിന്റെ ദൈവത്തിനു പോലും വെടിയേറ്റു വീണ മൃഗങ്ങളുടെ മാംസം കഴിച്ചാലേ തൃപ്തിയാവൂ.

കഥകള്‍ കേള്‍ക്കാനായി അവിടെയെത്തുന്ന കഥാകൃത്തും പകയുടെ ചങ്ങലയിലെ ഒരു കണ്ണിയാണ്. പക്ഷേ ആ പകയ്ക്ക് കഥ കൊണ്ട് പകരം വെക്കാനാണ് ആഖ്യാതാവ് ശ്രമിക്കുന്നതെങ്കിലും അയാള്‍ നോക്കി നില്‍ക്കെ ആ ബാറ്റണുമായി മറ്റൊരാള്‍ മുന്നോട്ടു കുതിക്കുന്നു.

എനിക്കു നഷ്ടപ്പെട്ടു വായനയുടെ വീര്യം നിറഞ്ഞ ആനന്ദത്തെ തിരിച്ചു കൊണ്ടു വന്നതില്‍ നോവലിസ്റ്റിന് നന്ദി.

പൊനം വീഞ്ഞിന്റെ കാല്പനിക ലഹരി ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതല്ല. ഇത് മുന്തിയ റാക്കാണ്. രോമകൂപങ്ങളെ ചൂടുപിടിപ്പിക്കുന്ന വീര്യദ്രവം. കാട്ടിലെ ഔഷധവേരുകള്‍ ചേര്‍ത്ത് വാറ്റിയ അന്നനാളം പൊള്ളിക്കുന്ന സൊയമ്പന്‍ റാക്ക്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.