DCBOOKS
Malayalam News Literature Website

‘പൊനം’ നിഗൂഢതകൾ ഒളിപ്പിച്ച പുസ്തകം

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ശ്യാം സോർബ എഴുതിയ വായനാനുഭവം

ഒരു പുതിയ പുസ്തകം മൂക്കിനോട് അടുപ്പിക്കുമ്പോൾ കിട്ടുന്ന ഒരു പുത്തൻ മണമുണ്ട്. പുസ്തകങ്ങളെ അത്രമേൽ പ്രണയിക്കുന്നവർ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു മണം. പക്ഷെ കെ എൻ പ്രശാന്തിന്റെ പൊനം പുറപ്പെടുവിക്കുന്ന മണം വല്ലാണ്ട് വ്യത്യസ്തമാണ്. ആദ്യ താളുകളിൽ പുറത്ത് വരുന്ന പുത്തൻ താളുകളുടെ മണം തുടരെ തുടരെ മാറുന്നു… പേജുകളിൽ റാക്കിന്റെ മൂക്ക് തുളക്കുന്ന ഗന്ധം പുറത്ത് വന്ന് തുടങ്ങുന്നു… പിന്നീട് അങ്ങോട്ട് പല താളുകളും പുറത്തു വിടുന്നത് വെടിമരുന്നിന്റെയും കാമം തീർക്കാൻ വേശ്യകളെ തേടി പോകുന്ന ആണിന്റെ ശുക്ലത്തിന്റെയും വിയർപ്പിന്റെയും ഗന്ധമാണ്. വളരെയധികം നിഗൂഢതകൾ വാഴുന്ന ഒരു പുസ്തകം എന്ന് വേണം Textവിശേഷണം കൊടുക്കാൻ. ഭാഷയുടെ പ്രയോഗത്തിൽ ഉൾപ്പെടെ മൊത്തം ഘടനയിൽ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തത പൊനത്തെ വല്ലാണ്ട് വ്യത്യസ്തമാക്കുന്നുണ്ട്. കാസറഗോടൻ ഉൾനാടുകളിലെ കന്നഡയും തുളുവും കലർന്ന ഭാഷാ പ്രയോഗങ്ങൾ.

എഴുത്തിന്റെ, കഥയുടെ ചുരുളിക്കകത്ത് പെട്ട് പോയ ഒരു എഴുത്തുകാരനെ ഇവിടെ കാണാൻ സാധിക്കും. പുറത്തിറങ്ങാൻ വഴി ഇല്ലാത്ത ഒരു കാട്ടിൽ പെട്ട് പോയ എഴുത്തുകാരൻ, എന്നെ വായിക്കുന്ന നിങ്ങളും അതെ കാട്ടിൽ വഴി അറിയാതെ അലയട്ടെ എന്നുള്ള തീരുമാനത്തിൽ, വാശിയിൽ നിന്നുള്ള എഴുത്ത്. വായിച്ചു തീർന്ന് ദിവസങ്ങൾ എടുത്താണ് ഞാൻ ഈ പൊനത്തിൽ നിന്ന് പുറത്ത് കടക്കുന്നത്. പൊനം കൃഷിയിടമാണ്, പക്ഷെ ഈ പൊനം വിളയിക്കുന്നത് റാക്കും, തോക്കും, വെടിമരുന്നും, കാമവും, ലൈംഗീകതയും ഒക്കെ ആണ്. വല്ലാത്തൊരു പകയുടെ ചോരക്കളികളാണ് പൊനത്തിൽ ഉള്ളതെന്ന് പറയേണ്ടതായിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരുകൾ എവിടെയൊക്കെയോ മിന്നിമറഞ്ഞു ഉള്ളിൽ കൂടെ പോകുന്നുണ്ട് എങ്കിൽ കൂടെ ഇപ്പഴും അറിയില്ല ആർക്കു കൊടുക്കണം ഇവിടെ പ്രാധാന്യം എന്ന്.

റാക്ക് എന്ന നാടൻ മദ്യം, അതിന് ഈ നോവലിൽ കൊടുത്തിരിക്കുന്ന ഒരു പ്രാധാന്യം ഉണ്ട്, അതിനെ ചുറ്റി തന്നെയാണ് ഇതിലെ എല്ലാം മുന്നോട്ട് ചലിക്കുന്നത്. സാധാരണ നോവലുകളിൽ ഒരു കഥാപാത്രം കേന്ദ്രമായി വരുന്നത് പോലെ ഇവിടെ ഒരിക്കലും അങ്ങനെ ഒരു കഥാപാത്രത്തെ കേന്ദ്രമാക്കാൻ എനിക്ക് സാധിക്കുന്നേയില്ല. പകയും ചോരയും കോഴിപ്പോരും റാക്കും കാമവും ഒക്കെ ആണ് എന്നെ സംബന്ധിച്ച് ഈ കഥയിലെ കേന്ദ്ര സാന്നിധ്യങ്ങൾ. പല കഥാപാത്രങ്ങളും പ്രണയത്തെ പറ്റി സംസാരിക്കുമ്പോഴും പ്രണയം എന്നൊരു വികാരം എവിടെയും കാണാൻ സാധിക്കുന്നില്ല. ആ പ്രണയത്തിന്റെ ഒക്കെ മുകളിൽ കാമം എന്നൊരു വികാരത്തെ ഇരുത്തിയിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യൻ സിനിമയിലെ gang fight സിനിമകൾ കാണുന്ന പോലെ ഈ പുസ്തകം വായിച്ചു പൂർത്തിയാക്കപ്പെടുന്നു. സംസാരിക്കാനോ എഴുതാനോ തുടങ്ങുമ്പോൾ വല്ലാതെ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട് ഇപ്പഴും പൊനം. നേരത്തെ പറഞ്ഞ പോലെ എഴുത്തുകാരൻ പെട്ട് പോയ ചുഴിയിൽ, ചുരുളിയിൽ വായിക്കുന്ന നിങ്ങളും കുരുങ്ങി കിടക്കട്ടെ എന്ന എഴുത്തുകാരന്റെ വാശി….

ഈ വർഷം ഇറങ്ങിയ നോവലുകളിൽ പൊനത്തിന്റെ സ്ഥാനം ആദ്യമായി തന്നെ കിടക്കും… പൊനം – റാക്കും തോക്കും പെണ്ണും കാമവും ചോരയും പകയും വിളയുന്ന പൊനം….

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.