DCBOOKS
Malayalam News Literature Website

വന്യവും ഇരുണ്ടതുമായ ലാവണ്യങ്ങളിലൂടെയുള്ള യാത്ര!

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് സുബിന്‍ ജോസ് എഴുതിയ വായനാനുഭവം

സ്വന്തം ജീവിതം കഴിഞ്ഞ്, വീണ്ടും ജീവിക്കാന്‍ മറ്റൊരു ജീവിതമുണ്ടെങ്കില്‍ ഒരു പുരുഷന്‍ ആഗ്രഹിക്കുക അവന്റെ അപ്പന്റെ ജീവിതമായിരിക്കും എന്ന് തോന്നുന്നു – താന്‍ ജനിക്കുന്നതിന് മുന്‍പും കുഞ്ഞായിരിന്നപ്പോഴുമുള്ള അപ്പന്റെ കാലഘട്ടത്തെപ്പറ്റി നിഗൂഢവും സുഖമുള്ളതുമായ ഒരു വിയര്‍പ്പോര്‍മ്മ അവനെ എന്നും ചൂഴ്ന്ന് നില്‍ക്കും … അയാളുടെ ചെറുപ്പത്തിലെ ഇഷ്ടങ്ങള്‍, അമര്‍ത്തി നടന്ന വഴികള്‍, ഇട്ടിരുന്ന വരയുള്ള കോട്ടണ്‍ പോളിസ്റ്റര്‍ ഹാഫ് കൈ ഷര്‍ട്ട്, സിഗരറ്റ് കുറ്റി, വളഞ്ഞും പുളഞ്ഞുമുള്ള ഒരു കസറ്റ് പാട്ട്, പേപ്പറില്‍ പൊതിഞ്ഞ കല്‍ക്കണ്ട കഷ്ണങ്ങള്‍ …

അപ്പന്റെ നല്ല കാലത്താണ് പ്രധാനമായും പൊനം സംഭവിക്കുന്നത് എന്നതാണ് ആദ്യ അഭിനിവേശം. ജോലിക്കു വേണ്ടി, 15 വര്‍ഷം മുന്‍പ് കാസറകോട് നഗരത്തില്‍ വന്ന എനിക്ക് പല യാത്രകളിലൂടെയും പരിചിതമാണ് ഈ എഴുത്ത് ഭൂമിക. വണ്ടിയുടെ ജനാലകള്‍ക്കരികിലിരുന്ന് Textഇരിയണ്ണിയിലെയും, ബേത്തൂര്‍പാറയിലെയും കാടകങ്ങള്‍ക്കുള്ളിലേക്കുള്ള ഒറ്റയടിപ്പാതകളും, കാഴ്ച്ചയുടെ പരിധിയില്‍പ്പെടുന്ന കടും പച്ച ചലനങ്ങളും പലവട്ടം കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. ആ കാടുകള്‍ മേഘങ്ങളായിരുന്നെങ്കില്‍ എന്നും, ആ മേഘങ്ങള്‍ക്ക് മുകളേറി സഞ്ചരിക്കാനായിരുന്നെങ്കില്‍ എന്നും സ്വപ്നം കണ്ടിട്ടുണ്ട് …

ചന്ദ്രഗിരി പുഴ മുതല്‍ കര്‍ണ്ണാടക അതിര്‍ത്തി സുള്ള്യ, ജാല്‍സൂര് വരെയുള്ള പശ്ചിമഘട്ട മലനിരകളുടെ വടക്കേ ചെരിവിടങ്ങളിലെ കാട്ടിലും, പുഴയിലുമാണ് പുനത്തിലെ ആസക്ത ജീവിതങ്ങള്‍ മദിക്കുന്നത്. അറുപതുകളിലേയും, എഴുപതുകളിലെയും വില്ലീസ് ജീപ്പുകളും, റ്റാറ്റ, ലൈലാന്റ് ലോറികളും പെര്‍ളട്ക്ക – ബെള്ളൂര്‍ – മുള്ളേരിയ – പരപ്പ വഴികളിലും, ഇടക്കൊക്കെ തളങ്കര – കാസറകോട് – കാഞ്ഞങ്ങാട് നഗര പരിധികളിലും പെട്രോള്‍ – ഡീസല്‍ പുക തുപ്പി മന്യുഷ്യനും, മരങ്ങളുമായി കയറിയിറങ്ങുന്നുണ്ട്.

അതിര് താണ്ടി വരുന്ന പനിനീര് പോലത്തെ റാക്ക്, പൊള്ളുന്ന കശുമാങ്ങ വാറ്റ്, രഹസ്യ ചേരുവളുള്ള, കുങ്കുമപ്പൂവിട്ട അമൃത് തോല്‍ക്കും മങ്കുറുണി, കാശ് മറിയുന്ന കള്ളത്തടി കടത്ത്, പച്ച കരുമുളക് വെളിച്ചെണ്ണയില്‍ താളിച്ച ഇരട്ടക്കുഴല്‍ നായാട്ട്, ക്രൂരമായ കുടിപ്പക തുടങ്ങിയ വന്യവും ഇരുണ്ടതുമായ ല്യാവണ്യങ്ങളിലുടെയാണ് നോവലിന്റെ യാത്രയെങ്കിലും, പെണ്ണിന്റെ ചൂരും, ആണിന്റെ ചൂടുമാണ് ഈ പുസ്തകത്തെ ചുട്ട് പൊള്ളിക്കുന്നത് … ഇതൊക്കെ ചേരും പടി ചേരുമ്പോള്‍ മനുഷ്യന്റെ / വായനക്കാരന്റെ ഒരു നിഴല്‍ സ്വഭാവം കൂടി രഹസ്യമായി അനാവൃതമാകുന്നു … എഡിറ്റ് ചെയ്യപ്പെട്ട ഒരു ജീവിയും ഈ പുസ്തകത്തിലില്ല … all uncut versions

ഈ ദേശം മുഴുവനും ആഴത്തിലും, നീളത്തിലും ആഴ്ന്ന് പടര്‍ന്നിരിക്കുന്ന വേരുകളുടെ പെണ്‍ പേരുകളാണ് ചിരുത, പാര്‍വ്വതി, രമ്യ. ഇവരിലാരെങ്കിലും ഒരാളുമായി പ്രേമപ്പോര് കൂടാതെ നിങ്ങള്‍ക്കീ നോവല്‍ വായിച്ച് മുന്നോട്ട് പോകാനാവില്ല. ആസ്വാദനം എന്ന അപഥ സഞ്ചാരങ്ങളില്‍ മാധവനെയോ, ശേഖരനെയോ കൂടെക്കൂട്ടാതയോ, ഗണേശനെ സംശയിക്കാതെയോ ഒരു ചുവട് നീങ്ങില്ല. മലയാളം, കന്നഡ, തുളു ഭാഷകളുടെ സാന്നിധ്യം നിങ്ങളെ പഴയൊരു ദക്ഷിണ കാനറ വനപ്രദേശത്ത് കെട്ടിയിടുകയും ചെയ്യും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.