DCBOOKS
Malayalam News Literature Website

വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍: മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനിടെ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് വൈത്തിരി ലക്കിടിക്കു സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘം പണവും ഭക്ഷണവും ആവശ്യപ്പെട്ട് എത്തിയത്. എന്നാല്‍ ആവശ്യം നിരസിച്ച റിസോര്‍ട്ട് ജീവനക്കാര്‍ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു. റിസോര്‍ട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരേ മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. തിരികെ വെടിയുതിര്‍ത്ത പൊലീസ് സംഘം റിസോര്‍ട്ടിലുണ്ടായിരുന്നവരെ പെട്ടെന്നു തന്നെ പുറത്തെത്തിക്കുകയും മാവോയിസ്റ്റുകളെ നേരിടുകയുമായിരുന്നു.

തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് റിസോര്‍ട്ടിന് സമീപം വെടിയേറ്റ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. സംഘം സമീപത്തെ കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെടുന്നതിനിടെയാണ് വെടിയേറ്റത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശം പൂര്‍ണ്ണമായും പൊലീസ് വലയത്തിലാണ്. പുലര്‍ച്ചെയോടെ ലക്കിടിയിലേക്ക് കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇവിടെ തണ്ടര്‍ബോള്‍ട്ടിന്റെ നിരീക്ഷണത്തിലായിരുന്നു.

അതേസമയം മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോഴിക്കോട്-വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Comments are closed.