DCBOOKS
Malayalam News Literature Website

കാവ്യസങ്കല്പനങ്ങളുടെ പ്രശ്നവൽകരണവും ഭാവുകത്വരൂപീകരണവും

സാബു കോട്ടുക്കൽ എഴുതിയ ലേഖനത്തിന്‍റെ ആദ്യഭാഗം

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ശ്രദ്ധേയമായ കാവ്യങ്ങളിലൊന്നാണ് കുടിയൊഴിക്കൽ. മലയാളകാവ്യപഠന / വിമർശനങ്ങളിൽ കുടിയൊഴിക്കൽപഠനങ്ങൾക്കുള്ള സ്ഥാനം ചെറുതല്ല. കുടിയൊഴിക്കലിനെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള പഠനങ്ങൾ ബഹുഭൂരിപക്ഷവും ഉള്ളടക്കത്തിലെ വർഗ്ഗരാഷ്ട്രീയത്തെ മുൻനിർത്തിയുള്ളവയാണെന്നു കാണാം. എന്നാൽ മലയാളകവിതയുടെ ഭാവുകത്വനിർമ്മിതിയിൽ ഈ കാവ്യം ചെലുത്തിയ സ്വാധീനം
പ്രധാനമാണ്. സവിശേഷമായ പഠനം അർഹിക്കുന്ന വിഷയമാണിത്. ആധുനികകാലത്തെ ക്ലാസ്സിക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ കാവ്യം നമ്മുടെ കാവ്യസങ്കല്പനത്തെയും ഭാവുകത്വത്തെയും പ്രശ്നവൽകരിക്കുന്നുണ്ട്. ഈ വസ്തുത കാര്യമായ പഠനത്തിനു വിധേയമായിട്ടില്ല. കവിതയുടെ സൗന്ദര്യമാനങ്ങളെയും ഭാവുകത്വത്തെയും സംബന്ധിച്ച് സംവാദങ്ങൾ രൂപപ്പെടുന്ന ഇക്കാലത്ത് ഈ കൃതിയെപ്പറ്റി ഇപ്രകാരം ഒരു പഠനം അനിവാര്യമാണ്.കാലത്തന്റെ പരിമിതികളെ അതിലംഘിച്ച് നിലകൊള്ളുന്ന കൃതികളെയാണ് പൊതുവേ ക്ലാസ്സിക്കുകൾ എന്നു വിളിക്കാറുള്ളത്. കാലത്തെ അതിജീവിക്കാൻ കൃതികളെ പ്രാപ്തമാക്കുന്നതിനു പിന്നിൽ പൊതുവായ ചില സങ്കല്പനങ്ങൾ നിലകൊള്ളുന്നുണ്ടാകാം. ക്ലാസ്സിക് കൃതികൾ സ്വയംപൂർണ്ണമാണ് എന്ന് കരുതപ്പെടുന്നു. ഈ ധാരണ സാഹിത്യത്തിന്റെ മികച്ച മാതൃകകളാണ് അവ എന്ന ബോധം സൃഷ്ടിക്കുന്നു.സാഹിത്യത്തെയും ഭാവുകത്വത്തെയും സംബന്ധിച്ച അളവുകോലുകൾ രൂപപ്പെടുത്തുന്നു എന്നതാണ് ക്ലാസ്സിക്കുകൾ നിർവഹിക്കുന്ന മറ്റൊരു ധർമ്മം.

സാഹിത്യത്തെ സംബന്ധിച്ച ബോധപൂർവമോ അബോധപൂർവമോ, പ്രത്യക്ഷമോ പരോക്ഷമോ ആയ സങ്കല്പനങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. സാഹിത്യത്തിന്റെ സൗന്ദര്യത്തെ സംബന്ധിച്ചുള്ള അളവുകോലുകളായി നിലകൊള്ളുന്നതിനും ക്ലാസ്സിക്കുകൾക്കാകുന്നു. സാഹിത്യത്തെയും ജീവിതത്തെയും സംബന്ധിച്ച മനോഭാവങ്ങൾ രൂപപ്പെടുത്തുന്നു, സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ദിശാസൂചനകൾ നൽകുന്നു എന്നിവയുംക്ലാസ്സിക്കുകളെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നു. ഏതുകാലത്തുണ്ടാകുന്ന കൃതിക്കും ക്ലാസ്സിക് പദവിയിലേക്കുയരാനുള്ള യോഗ്യതയുണ്ട് എന്നതും പരിഗണനാർഹമായ കാര്യമാണ്.

കുടിയൊഴിക്കൽ എന്ന കാവ്യം ആധുനികകാലത്ത് രൂപപ്പെട്ട ക്ലാസ്സിക്കൃതിയാണ്. ഇന്നും ആ കൃതിക്ക് ഭാവുകത്വമേഖലയിലുള്ള സ്വീകാര്യത ഇതിന്റെ തെളിവാണ്. ഒരു സവിശേഷ ചരിത്രസന്ധിയെ മാതൃകകളില്ലാത്ത പ്രമേയപരിചരണത്തോടെ അവതരിപ്പിക്കുന്ന കൃതി എന്ന നിലയിൽ ധാരാളം പഠനങ്ങൾക്കും ഈ കൃതി വിധേയമായിട്ടുണ്ട്. ഒരു മധ്യവർഗ്ഗജന്മിയുടെ ആത്മകഥാകഥനരൂപത്തിൽ എഴുതപ്പെട്ട ഈ കൃതി
മലയാളകവിതയുടെ കാവ്യസങ്കല്പനത്തെയും ഭാവുകത്വത്തെയും പ്രശ്നവൽകരി ക്കുന്നുണ്ട്. പിൽകാല മലയാളകവിതയുടെ ഭാവുകത്വരൂപീകരണത്തെ നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിൽ കുടിയൊഴിക്കൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കവിതയിലെ ഭാവുകത്വപ്രതിസന്ധി

കുടിയൊഴിക്കൽ എന്ന കാവ്യത്തിൽ മലയാളകവിത എത്തിനിൽക്കുന്ന ഭാവുകത്വപരമായ പ്രതിസന്ധി വൈലോപ്പിള്ളി അവതരിപ്പിച്ചിട്ടുണ്ട്. ആനിലയ്ക്ക് കുടിയൊഴിക്കൽ വായിക്കപ്പെട്ടിട്ടില്ല.

കുടിയൊഴിക്കൽ എന്ന കാവ്യത്തിൽ മലയാളകവിത എത്തിനിൽക്കുന്നഭാവുകത്വപരമായ പ്രതിസന്ധി വൈലോപ്പിള്ളി അവതരിപ്പിച്ചിട്ടുണ്ട്. ആനിലയ്ക്ക് കുടിയൊഴിക്കൽ വായിക്കപ്പെട്ടിട്ടില്ല. “പുഞ്ചിരി, ഹാ,കുലീനമാം കള്ളം;

നെഞ്ചുകീറിഞാൻ നേരിനെക്കാട്ടാം” എന്നിങ്ങനെയാണ് കാവ്യാരംഭം. നായകനായ ജന്മിയുടെദ്വന്ദ്വവ്യക്തിത്വത്തെ അവതരിപ്പിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. നായകന്റെ ഈ ദ്വന്ദവ്യക്തിത്ത്വത്തിൽ, തന്റെ വർഗ്ഗത്തിന്റെ സ്വത്വത്തെ മുറുകെപ്പിടിക്കുന്ന വ്യക്തിത്വമാണ് ഒന്നാമത്തേത്. രണ്ടാമത്തെ വ്യക്തിത്ത്വം, തന്റെയും തന്റെ
വർഗ്ഗത്തിന്റെയും ചെയ്തികളും നിലപാടുകളും തെറ്റല്ലേ എന്ന് ശങ്കിക്കുന്ന വ്യക്തിയുടേതാണ്. വർഗ്ഗപരമായ രണ്ടു നിലപാടുകളുടെപ്രതിനിധാനമായാണ് ഈ വ്യക്തിത്വങ്ങൾ കവിതയിൽ അവതരിപ്പിക്കപ്പെടുന്നതും വായിക്കപ്പെടുന്നതും. രണ്ടുവർഗ്ഗങ്ങളുടെയും ജീവിതസാഹചര്യങ്ങൾ മാത്രമല്ല, ജീവിതത്തെ ത്തൊട്ടുനിൽക്കുന്ന കവിതയെ സംബന്ധിക്കുന്ന ബോധവും രണ്ടാണെന്ന് കവി തിരിച്ചറിഞ്ഞിട്ടുണ്ട്. കവിതയുടെ ധർമ്മത്തെക്കുറിച്ചും കവിതയിൽ സംഭവിക്കാനിരിക്കുന്ന ഭാവുകത്വപരിണാമത്തെക്കുറിച്ചും വൈലോപ്പിള്ളിക്കുള്ള ഉൾക്കാഴ്ചയുടെ തെളിവായി നിരവധി വസ്തുതകൾ കുടിയൊഴിക്കലിൽനിന്ന് കണ്ടെടുക്കാനാവും. കവിതയിലെ ജന്മിവർഗ്ഗത്തിന്റെ പ്രതിനിധിയായ നായകൻ പുലർത്തുന്ന കാവ്യബോധം തികച്ചും യാഥാസ്ഥിതികമാണ്.

കവിതയുടെ ആരംഭത്തിൽത്തന്നെ ഇങ്ങനെ വായിക്കാം:

“അന്തിയുണ്ടു, പഴങ്ങൾതൻ മാംസം
മന്ദമന്ദം നുണഞ്ഞതിൻശേഷം,
നാലുംകൂട്ടി മുറുക്കി,യിമ്പത്തിൻ
മേളംകൂട്ടി ഞാൻ മേടയിൽ വാഴ്കെ,
വാസരത്തൊഴിലാളികൾ വന്നു
വാതിലിൽ ദൃഢം മുട്ടിയെന്നാലും
മെത്തകൈവിടാതെൻ ഹൃദയത്തിൽ
നിദ്രചെയ്തൊരക്കാവ്യസങ്കല്പം” (2008:342.343 )

മലയാളകവിത ആധുനികതാവാദത്തിന്റെ പ്രബലഘട്ടംവരെ പിന്തുടർന്നുവന്ന കാവ്യബോധവും സൗന്ദര്യ ബോധവും തന്നെയാണ് ഈ നായകനും വച്ചുപുലർത്തുന്നത്. നുണയുംതോറും പുതിയരുചികളെ സംഭാവനചെയ്യേണ്ട വ്യവഹാരരൂപമാണ് കവിത എന്ന ബോധമാണ് അത്. മലയാളകവിത നൂറ്റാണ്ടുകളായി പരിലാളിച്ചുപോന്ന ഫ്യൂഡലിസ്റ്റ് സൗന്ദര്യബോധം തന്നെയാണ് ഇത്. മുകളിൽ ഉദ്ധരിച്ച വരികളിൽ ജന്മിയായ നായകന്റെ പ്രവൃത്തികളെ ക്രമപ്പെടുത്തുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉണ്ടുതികഞ്ഞ്,പഴങ്ങളുടെ മാംസം നുണഞ്ഞ്, മുറുക്കിരസിച്ച്, ഒടുവിൽ കവിതയുടെ ആനന്ദത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇവിടുത്തെ ക്രമം.

ഫ്യൂഡൽകാവ്യരതിയുടെ ആഘോഷത്തെയാണ് ഈ കവിതാഭാഗം സംവേദനംചെയ്യുന്നത് എന്ന് വ്യക്തം. അന്നത്തിനു മുട്ടില്ലാത്തയാളാണ് നായകൻ. പകൽസമയത്തെ ശ്രമങ്ങളെല്ലാം അവസാനിച്ച് വിശ്രമസുഖാലസ്യത്തിലേക്ക് അയാൾ കടക്കുന്ന മുഹൂർത്തമാണ് അന്തി. ഉണ്ടുതികഞ്ഞാൽ പിന്നെ ശരീരം ആവശ്യപ്പെടുന്നത് രതിയുടെ
ആനന്ദമാണ്. ആഗ്രഹിക്കുന്ന രതി എപ്പോഴും സാദ്ധ്യമല്ലായ്കയാൽ അതിനെ മറ്റെന്തെങ്കിലുംകൊണ്ട് പകരം വയ്ക്കേണ്ടതുണ്ട്. പഴങ്ങളുടെ മാംസം എന്ന പ്രയോഗത്തിലൂടെ പരോക്ഷരതിയുടെ സുഖം ആസ്വദിക്കലാണ് വിവരിക്കപ്പെടുന്നത്. അതുകഴിഞ്ഞാണ് മുറുക്കിരസിക്കൽ. ഇപ്രകാരം ശരീരത്തിന്റെ തൃഷ്ണകൾ ശമിപ്പിച്ചതിനുശേഷമാണ് ആത്മാവിന്റെ ദാഹം തീർക്കാൻ കവിതയുടെ ഭാവനാലോകത്തേക്ക് ഈ നായകൻ കടക്കുന്നത്. ശീലത്തിലൂടെ , അനുഭവത്തിലൂടെ ക്രമപ്പെട്ടുപോയ ഈ ജീവിതചര്യ  അഭംഗുരം തുടരണമെന്ന ആഗ്രഹമാണ് അയാൾക്കുള്ളത്.

“പോരുമിത്തിരി മെയ്യിനു, സർവ്വം പോര , മാനുഷസത്തപുലർത്താൻ” (2008:361) എന്ന് കാവ്യാവസാനത്തിൽ ഏറ്റുപറയുന്ന നായകന് കവിത നിർവഹിക്കുന്ന ധർമ്മത്തെക്കുറിച്ചുള്ള ദൃഢമായ ബോധമുണ്ട്. ഫ്യൂഡലിസം തകരുകയും ജനകീയ ജനാധിപത്യത്തിലേക്ക് നാടുവികസിക്കുകയും പുതിയജനവർഗ്ഗം കരുത്താർജ്ജിക്കുകയും
ചെയ്തത് അംഗീകരിക്കാൻ വിസമ്മതിക്കുന്ന ജന്മിയാണ് കാവ്യാരംഭത്തിൽ കാണുന്ന നായകൻ. കവിതയുടെ മൂല്യ – സൗന്ദര്യസങ്കല്പങ്ങൾ മാറുന്നത് അയാൾക്ക് അംഗീകരിക്കാൻ വിഷമമാകുന്നു. ഭൗതിക ജീവിതത്തിൽവന്ന പരിണാമം

തിരിച്ചറിഞ്ഞപ്പോഴും കവിതയുടെ സൗന്ദര്യഘടന മാറണം എന്ന വിചാരം അയാൾക്കുണ്ടാകുന്നില്ല.

Comments are closed.