DCBOOKS
Malayalam News Literature Website

വയലാർ രാമവർമയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

Vayalar
Vayalar

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.. എനിക്കിനിയൊരു ജന്മംകൂടി… -വയലാര്‍

മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ ജീവിതം സിനിമയാകുന്നു. ‘ബാല്യകാലസഖി’ എന്ന ചിത്രത്തിനു ശേഷം പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഘവപ്പറമ്പിലെ വയലാർ സ്‌മൃതി കുടീരത്തിന് മുന്നിൽ നിന്നും ഭാരതി രാമവർമ്മയും മകൻ വയലാർ ശരത് ചന്ദ്രവർമ്മയും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നാണ് സിനിമ ഒരുങ്ങുന്നുവെന്ന വിവരം പ്രഖ്യാപിച്ചത്.

വയലാർ ജീവിതം, മലയാള സിനിമയുടെ സുവർണ്ണകാലം, പുന്നപ്ര-വയലാർ സമരം എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ സിനിമയെന്ന തലത്തിലാണ് പ്രമേയാവതരണം. തികച്ചും ജീവിതഗന്ധിയായൊരു ചലച്ചിത്ര കാവ്യമെന്ന നിലയിലാണു തിരക്കഥയുടെ രൂപകൽപന. കവിയുടെ ജീവിതത്തിന്റെ സുപ്രധാന സംഭവങ്ങൾ, വ്യഥകൾ, Textആഹ്ലാദങ്ങൾ, അസുലഭ മുഹൂർത്തങ്ങൾ തുടങ്ങി വയലാറിന്റെ ദീപ്തമായ കാലഘട്ടത്തിന്റെ നേർക്കാഴ്ചയാവും സിനിമ. ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുകയാണ്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. വയലാറിനെക്കുറിച്ച് ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ ചെയ്ത സംവിധായകൻ കൂടിയാണ് പ്രമോദ്. ലൈൻ ഓഫ് കളേഴ്‌സിന്‍റെ ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയാണ് വയലാര്‍ നമ്മുടെ മനസ്സില്‍ അനശ്വരനായിത്തീര്‍ന്നത്. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ ഇന്നും മരണമില്ലാതെ നില്‍ക്കുന്നു. വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു കയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കു കയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ മലയാളത്തിന്റെ നിസ്തുലസൗന്ദര്യമാണ്.

1928 മാര്‍ച്ച് 25നാണ് വയലാര്‍ രാമവര്‍മ ജനിച്ചത്.. ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി അല്‍പ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവര്‍ത്തിച്ച വയലാര്‍ 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.

വയലാര്‍ രാമവര്‍മ്മയുടെ ‘വയലാർ കൃതികൾ സമ്പൂർണ്ണം ‘ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യുക.

 

 

Comments are closed.