DCBOOKS
Malayalam News Literature Website

കവയിത്രിയായ സരോജിനി നായിഡു

മാര്‍ച്ച് 02- സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം

ചേപ്പാട് ഭാസ്‌കരന്‍ നായര്‍ എഴുതിയ ‘സ്വാതന്ത്ര്യസമര യോദ്ധാക്കള്‍’ എന്ന പുസ്തകത്തില്‍ നിന്നും

റ്റു കുട്ടികളെപ്പോലെ ഇംഗ്ലിഷ്ഭാഷ പഠിക്കാന്‍ ആ കൊച്ചുപെണ്‍കുട്ടിക്കും പ്രയാസമായിരുന്നു. ഇംഗ്ലിഷില്‍ പണ്ഡിതനായിരുന്ന അച്ഛന് അതില്‍ വിഷമം തോന്നി. എങ്ങനെയും മകളെ ഇംഗ്ലിഷ് അഭ്യസിപ്പിക്കണമെന്ന് ആ പിതാവ് ഉറച്ചു. മേലില്‍ ഇംഗ്ലിഷില്‍ മാത്രമേ തന്നോടു സംസാരിക്കാവൂ എന്ന് അദ്ദേഹം മകളോടു നിര്‍ദേശിച്ചു. മകള്‍ അത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം മകള്‍ ഇക്കാര്യം മറന്നുപോയി. അച്ഛനോട് ഇംഗ്ലിഷില്‍ സംസാരിക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിനു കോപംവന്നു. പകല്‍ മുഴുവന്‍ അദ്ദേഹം മകളെ ഒരു ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടു. മകള്‍ക്ക് തന്റെ തെറ്റു മനസ്സിലായി. അച്ഛന്റെ നിര്‍ദേശം താന്‍ ഇനി അക്ഷരംപ്രതി പാലിക്കുമെന്ന് അവള്‍ പ്രതിജ്ഞയെടുത്തു. ‘കേവലം ഒന്‍പതു വയസ്സുമാത്രമുണ്ടായിരുന്ന ആ പെണ്‍കുട്ടി ക്രമേണ ഇംഗ്ലിഷ് ഭാഷ നന്നായി പഠിക്കുവാന്‍തുടങ്ങി. അവള്‍ അതില്‍ പാണ്ഡിത്യം സമ്പാദിക്കുകകൂടി ചെയ്തപ്പോള്‍ അച്ഛന് ഏറെ സന്തോഷമുണ്ടായി. പില്‍ക്കാലത്ത് ഇംഗ്ലിഷില്‍ മനോഹര കവിതകള്‍ രചിക്കുകയും ‘ഏഷ്യയുടെ വാനമ്പാടി’എന്ന് അറിയപ്പെടുകയും ചെയ്ത സരോജിനി നായിഡുവായിരുന്നു ആ കൊച്ചുപെണ്‍കുട്ടി.

1879 ഫെബ്രുവരി 13-ന് ഹൈദരാബാദില്‍ ഒരു ബംഗാളി കുടുംബത്തിലാണ് സരോജിനി ജനിച്ചത്. അച്ഛന്‍ അഘോരനാഥ് ചതോപാദ്ധ്യായ. അമ്മ വരദസുന്ദരീദേവി. ബഹുഭാഷാപണ്ഡിതനായിരുന്നു അച്ഛന്‍. അമ്മ നല്ലൊരു കവിതാസ്വാദകയും ചില ഗാനങ്ങളുടെ രചയിതാവുമായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലംമുതല്‍ സരോജിനിക്ക് കവിതയോടു താത്പര്യം തോന്നി. അമ്മയില്‍നിന്നാണ് കാവ്യരചനാഭിരുചി നേടിയെടുത്തത്. പതിനൊന്നാമത്തെ വയസ്സില്‍ സരോജിനി ആദ്യത്തെ കവിത രചിച്ചു. ‘കായലിലെ പെണ്‍കൊടി’ എന്ന പേരിലുള്ള ഈ കവിതയ്ക്ക് 1300 വരികളുണ്ടായിരുന്നു.

പന്ത്രണ്ടാമത്തെ വയസ്സില്‍ സരോജിനി മെട്രിക്കുലേഷന്‍ പരീക്ഷ ഒന്നാംക്ലാസ്സില്‍ ഒന്നാമതായി പാസ്സായി. പ്രശസ്ത കവി ഹരീന്ദ്രനാഥ ചതോപാദ്ധ്യായ സരോജിനിയുടെ സഹോദരനായിരുന്നു. ആരോഗ്യം മോശമായതിനാല്‍ സരോജിനിക്ക് ഉപരിപഠനത്തിന് തരപ്പെട്ടില്ല. വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന കാലത്ത് അവള്‍ ധാരാളം കവിതകള്‍ വായിക്കുകയും പുതിയ ഒട്ടേറെ കവിതകള്‍ രചിക്കുകയും Textചെയ്തു. ആ കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് അച്ഛന്‍ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ആയിടയ്ക്ക് സരോജിനിയുടെ ഒരു കവിത ഹൈദരാബാദ് നൈസാം വായിക്കാനിടയായി. ഒരു കൊച്ചുപെണ്‍കുട്ടിയാണ് ഈ കവിത എഴുതിയതെന്നറിഞ്ഞപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. അവളുടെ പഠനത്തിന് ഒരു സഹായധനം അദ്ദേഹം അനുവദിച്ചു. പതിമൂന്നാമത്തെ വയസ്സിലാണ് 2000 വരികളുള്ള ഒരു നാടകം അവള്‍ രചിച്ചത്.

1895-ല്‍ ഉപരിപഠനത്തിനായി സരോജിനി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിലെ കിങ്‌സ് കോളജിലും പിന്നീട് കേംബ്രിഡ്ജിലെ ഗിര്‍ട്ടണിലും അവര്‍ പഠിച്ചു. അവിടത്തെ ഗ്രന്ഥാലയങ്ങള്‍ അവരെ വളരെയേറെ ആകര്‍ഷിച്ചു. ഒരു കവയിത്രിയാകുവാന്‍ ഇംഗ്ലണ്ടിലെ ജീവിതം സരോജിനിയെ ഏറെ സഹായിച്ചു. പ്രശസ്ത സാഹിത്യനിരൂപകരായ എഡ്മണ്ട് ഗോസ്, ആര്‍തര്‍ സൈമണ്‍സ് എന്നിവരുമായി സരോജിനി ഉറ്റബന്ധം പുലര്‍ത്തി. തന്റെ കാവ്യരചനയ്ക്ക് അവര്‍ രണ്ടുപേരും ഒട്ടേറെ പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്ന് പില്ക്കാലത്ത് അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം വീണ്ടും മോശമായതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിശ്രമത്തിനായി സ്വിറ്റ്‌സര്‍ലന്റിലും ഇറ്റലിയിലും കുറെക്കാലം അവര്‍ താമസിച്ചു. കവിതാരചനയെ സംബന്ധിച്ച് ഒട്ടേറെ പ്രായോഗികപാഠങ്ങള്‍ അക്കാലത്ത് സരോജിനി മനസ്സിലാക്കി. കവിതയുടെ മാധ്യമം ഇംഗ്ലിഷാകണമെന്നും അവര്‍ നിശ്ചയിച്ചു.

1898 സെപ്റ്റംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സരോജിനി വിവാഹിതയായി. ഡോ. ഗോവിന്ദരാജലു നായിഡുവായിരുന്നു ഭര്‍ത്താവ്. അവര്‍ക്ക് ജയസൂര്യ, രണധീരാ എന്നീ രണ്ടു പുത്രന്മാരും പത്മജ, ലൈലാമണി എന്നീ രണ്ടു പുത്രിമാരും ജനിച്ചു. പത്മജാനായിഡു പിന്നീട് ബംഗാളില്‍ ഗവര്‍ണറായിരുന്നു. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സരോജിനി ക്രമേണ ആകൃഷ്ടയായി. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു അനൈക്യമാണെന്ന് അവര്‍ ഉദ്‌ബോധിപ്പിച്ചു. ശിശുവിവാഹം, പര്‍ദാസമ്പ്രദായം എന്നിവയ്‌ക്കെതിരായി അവര്‍ പ്രചാരണം നടത്തി. സ്ത്രീക്ക് പുരുഷനോടൊപ്പം സമൂഹത്തില്‍ തുല്യപരിഗണന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യുവജനസമ്മേളനങ്ങളില്‍ പങ്കെടുത്ത് അവര്‍ ചെയ്ത പ്രസംഗം പരക്കെ പ്രശംസ നേടി. സദസ്യരെ ഇളക്കിമറിക്കുന്ന ആ പ്രസംഗശൈലി ആരും ഇഷ്ടപ്പെടുമായിരുന്നു. സ്ത്രീസ്വാതന്ത്ര്യം, ഹിന്ദു-മുസ്‌ലിം മൈത്രി എന്നിവയ്ക്ക് അവര്‍ മുന്തിയ പരിഗണന നല്‍കി.

സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ സരോജിനി ക്രമേണ പങ്കെടുക്കാന്‍ തുടങ്ങി. ഇന്ത്യയൊട്ടാകെ സമരപ്രചാരണാര്‍ത്ഥം അവര്‍ സഞ്ചരിക്കുകയും അനേകം പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തുതന്നെ സരോജിനി ഇന്ത്യയില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി അടുത്ത് ഇടപഴകിക്കഴിഞ്ഞിരുന്നു. സ്വദേശിപ്രസ്ഥാനത്തിലും ആവേശപൂര്‍വ്വം അവര്‍ പങ്കെടുത്തു. ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു സരോജിനിയുടെ രാഷ്ട്രീയഗുരു. അദ്ദേഹമാണ് അവരെ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി അടുപ്പിച്ചത്.

1914-ല്‍ ലണ്ടനില്‍വച്ചാണ് സരോജിനി ഗാന്ധിജിയുമായി ആദ്യമായി കണ്ടുമുട്ടിയത്. ഗാന്ധിജി അപ്പോഴേക്കും ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. ലണ്ടനില്‍ ഗാന്ധിജിയെ സ്വീകരിക്കാനെത്തിയ വമ്പിച്ച ജനക്കൂട്ടത്തെക്കണ്ട് അവര്‍ അഭിമാനംകൊണ്ടു.

1915-ല്‍ ബോംബെയില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘ഉണരുക’ എന്ന കവിത ചൊല്ലി ശ്രോതാക്കളുടെ പ്രശംസ സരോജിനി പിടിച്ചുപറ്റി. ഗാന്ധിജിയുടെ ഒരു ഉറ്റ അനുയായിത്തീര്‍ന്ന അവര്‍ 1919 മുതല്‍ അദ്ദേഹവുമൊത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. ഗാന്ധിജിയുടെ നിര്‍ദേശാനുസരണം ഇന്ത്യയൊട്ടാകെ അവര്‍ പര്യടനം നടത്തി. വനിതകളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു അവരുടെ കര്‍ത്തവ്യം.1925-ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍വച്ച് സരോജിനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വനിത ആദ്യമായിട്ടായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം അലങ്കരിച്ചത്. സരോജിനിയുടെ പ്രഭാഷണം ജനങ്ങളെ ആവേശംകൊള്ളിച്ചു. സത്യഗ്രഹസമരത്തില്‍ അവര്‍ പല പ്രാവശ്യം അറസ്റ്റുചെയ്യപ്പെട്ടു. ജാലിയന്‍വാലാബാഗ് ദുരന്തത്തെപ്പറ്റി അവര്‍ വിവരിക്കുമ്പോള്‍ സ്ത്രീജനങ്ങള്‍ പൊട്ടിക്കരയുമായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അവരുടെ പ്രസംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി.

നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഗാന്ധിജി ജയിലിലായി. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി പ്രയത്‌നിക്കുവാനുള്ള ചുമതല ഗാന്ധിജി സരോജിനിയെ ഏല്പിച്ചു. 1942-ല്‍ സരോജിനിയും അറസ്റ്റിലായി. പൂനായിലെ ആഗാഖാന്‍ കൊട്ടാരത്തിലാണ് അവരെ തടങ്കലില്‍ പാര്‍പ്പിച്ചത്. 1944-ല്‍ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് അവര്‍ മോചിപ്പിക്കപ്പെട്ടത്. ഒട്ടേറെ പ്രാവശ്യം ജയില്‍വാസമനുഭവിച്ച സരോജിനി വനിതകളുടെ അനിഷേദ്ധ്യ നേതാവായിരുന്നു.

കവയിത്രിയായ സരോജിനി നായിഡു

വിശ്വപ്രശസ്തയായ ഒരു കവയിത്രിയാണ് സരോജിനി നായിഡു. ‘ഗോള്‍ഡന്‍ ത്രെഷോള്‍ഡ്’ (സുവര്‍ണദേഹളി) ആണ് അവരുടെ പ്രഥമകൃതി. ഭാവഗീതങ്ങളുടെ ഒരു സമാഹാരമാണിത്. പ്രശസ്ത ഇംഗ്ലിഷ് നിരൂപകന്‍ ആര്‍തര്‍ സൈമണ്‍സാണ് ഈ കൃതിയുടെ അവതാരിക എഴുതിയിട്ടുള്ളത്. ബ്രിട്ടീഷ് പത്രങ്ങള്‍ ഏറെ പ്രശംസിച്ച കൃതിയാണിത്. രണ്ടാമത്തെ കാവ്യസമാഹാരമാണ് ‘ബേര്‍ഡ് ഓഫ് ടൈം’ (കാലവിഹംഗം). ബ്രിട്ടീഷ് നിരൂപകന്‍ എഡ്മണ്ട് ഗ്യൂസാണ് ഈ കൃതി അവതരിപ്പിച്ചിട്ടുള്ളത്. ‘ബ്രോക്കണ്‍ വിങ്’ (ഒടിഞ്ഞ ചിറക്) എന്നാണ് മൂന്നാമത്തെ കൃതിയുടെ പേര്. ‘തകര്‍ന്ന തംബുരു’ (കവിതാസമാഹാരം), ‘പ്രഭാഷണങ്ങളും കുറിപ്പുകളും’ എന്നീ കൃതികളും അവരുടേതായിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം സരോജിനി ഉത്തര്‍പ്രദേശ് ഗവര്‍ണറായി. ഭാരതത്തിലെ പ്രഥമ വനിതാ ഗവര്‍ണര്‍ എന്ന സ്ഥാനത്തിന് അവര്‍ അര്‍ഹയായി. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് അവര്‍ തീര്‍ത്തും ശയ്യാവലംബിയായി. 1949 മാര്‍ച്ച് 2-ന് 70-ാം വയസ്സില്‍ ആ ഗാനകോകിലം അന്ത്യനിദ്രയില്‍ ലയിച്ചു.

വിശ്വപ്രശസ്തയായ ഒരു കവയിത്രി, സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടയാളി, ഉജ്ജ്വലയായ വാഗ്മി, ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അക്ഷീണം യത്‌നിച്ച മനുഷ്യസ്‌നേഹി എന്നീ നിലകളിലെല്ലാം സരോജിനി നായിഡു എന്നെന്നും സ്മരിക്കപ്പെടും.

സരോജിനിയുടെ ഒരു ഭാവഗീതം

മയിലാഞ്ചി മരത്തിന്‍ കൊമ്പില്‍
കുയില്‍ പാടി വിളിപ്പൂ മെല്ലെ
ഇലനുള്ളിയെടുക്കാന്‍ പോരൂ
സഖിമാരേ വേഗം വേഗം!
വധുവിന്‍ തൂനെറ്റിക്കണിയാന്‍
അരുണാഭ കലര്‍ത്തും ചായം,
ചെഞ്ചൊടികള്‍ക്കഴകരുളീടാന്‍
താംബൂലത്തിന്റെ ചുവപ്പും.
ലില്ലിപ്പൂപോലെ തുടുക്കും
ചെല്ലക്കൈവിരലില്‍ ചാര്‍ത്താന്‍
പദതാരിന്നരുണിമ ചേര്‍ക്കാന്‍
മയിലാഞ്ചിത്തളിരുകള്‍ മാത്രം.

വിവ: പി. നളിനകുമാരി

കൂടുതല്‍ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ

Comments are closed.