DCBOOKS
Malayalam News Literature Website

ഏലിയൻ നാഗരികതയ്ക്ക് ഒരു മാനുഷികതയുടെ പരിവേഷം

മായാ കിരണിന്റെ ‘പ്ലാനറ്റ് 9’ എന്ന പുസ്തകത്തിന് ഡോ. അർഷാദ് അഹമ്മദ് എ എഴുതിയ വായനാനുഭവം

Cosmo sci-fi എന്ന genre മലയാളത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. അത്കൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാവും ക്രൈം ത്രില്ലറിൻ്റെ sub genre ആയ Police procedural series മലയാളത്തിൽ പരീക്ഷിച്ച് വിജയിച്ച മായ കിരൺ പ്ലാനറ്റ് 9 എന്ന നോവൽ എഴുതിയതും പ്രസിദ്ധീകരിച്ചതും. ക്രൈം നോവൽ എഴുത്തിന് ആവശ്യമായ തയാറെടുപ്പോ ഭാവനാശക്തിയോ അല്ല സയൻസ് ഫിക്ഷൻ ആവശ്യപ്പെടുന്നത്. വിഷയത്തിലെ അഗാധമായ അറിവിന് ഒപ്പം തികഞ്ഞ താൽപര്യവും ശാസ്ത്രത്തിനു അപ്പുറം സഞ്ചരിക്കുന്ന ഭാവനയും വേണം. ഭാവനയെ യുക്തികൊണ്ട് വിശദീകരിക്കുകയും വേണം. ആ വിശദീകരണം ഒരേസമയം ശാസ്ത്ര കുതുകികളെയും ഫാൻ്റ്‌സി കഥകളെ ഇഷ്ടപ്പെടുന്നവരെയും തൃപ്തിപ്പെടുത്താൻ പര്യാപ്തമായതാവണം. അത്തരത്തിലുള്ള സയൻസ് ഫിക്ഷൻ എഴുത്തുകൾ ആണ് കാലത്തെ അതിജീവിച്ച് വായിക്കപ്പെടുന്നത്. മേരി ഷെല്ലിയുടെ ഫ്രാങ്കേന്സ്റ്റെയിൻ മുതൽ എഴുതിയും വായിച്ചും തുടങ്ങിയ ഈ genre ഇന്ന് ലോകമെമ്പാടും ഒട്ടേറെ വായനക്കാർ ഉള്ള നോവൽ ശാഖയാണ്. അതിൽ തന്നെ ഒട്ടേറെ എഴുത്തുകൾ വന്നിട്ടുള്ള മേഖലയാണ് ഭൂമിക്ക് പുറത്തുള്ള ഭൂമികകളെപറ്റിയുള്ള ‘ ശാസ്ത്രഭാവനകൾ ‘, അഥവാ കോസ്മോ സയൻസ് ഫിക്ഷൻ.

ഭൂമി ലക്ഷ്യമാക്കി വരുന്ന ഏലിയൻ ജീവികൾ കോസ്മോ സയൻസ് ഫിക്ഷൻ്റെ സ്ഥിരം തീമാണ്. അത് തന്നെയാണ് പ്ലാനറ്റ് നയനും പറയുന്നത്. പക്ഷേ, ഈ നോവൽ ഇതേ ആശയത്തെ തികച്ചും പുതുമയുള്ളൊരു കോണിലൂടെ അവതരിപ്പിക്കുന്നു. മനുഷ്യർ ഭൂമിക്ക് ചുറ്റുമുള്ള ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, സൗരയൂഥങ്ങൾ, ഗാലക്സികൾ എന്നിവയിൽ എവിടെയെല്ലാം ജീവനുകൾ ഉണ്ടോ എന്ന് അന്വേഷണം തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. ഇതുവരെയും പൂർണമായും yes എന്ന ഉത്തരം നമുക്ക് ലഭിച്ചിട്ടില്ല. എന്നാൽ ജീവൻ്റെ കണികകൾ ഉണ്ടെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ചൊവ്വയിലും ചന്ദ്രനിലും ഒക്കെ പരീക്ഷണങ്ങൾ തുടരുകയും ചെയ്യുന്നു. നാസയും ഐഎസ്ആർഒ യും അടക്കമുള്ള സ്പേസ് ഏജൻസികൾ ഇതേ ലക്ഷ്യത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥ നേരെ തിരിച്ച് ആലോചിക്കുകയാണ് നോവലിസ്റ്റ്. നമുടെത് പോലെ ഒരു ഭൂമി. അവിടെ കാലങ്ങളായി നിലനിൽക്കുന്ന ഒരു ഏലിയൻ നാഗരികത. അവർ ഭൂമിയിലേക്ക് അവരുടെ സംസ്കാരം വികസിപ്പിക്കാൻ ശ്രമിക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ സയൻസ് ഫിക്ഷൻ എഴുത്തുകൾ മാറ്റിയെഴുതി പുതിയൊരു റിയാലിറ്റി സൃഷ്ടിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. മനുഷ്യർ ചിന്തിക്കുന്നതും ചെയ്യുന്നതും അതിനെക്കാൾ നന്നായി നിർവഹിക്കാൻ കഴിയുന്ന ഒരു ഏലിയൻ സിവിലൈസേഷൻ ഭൂമിക്ക് എത്രത്തോളം ഭീഷണിയായി മാറിയിരിക്കുന്നു എന്ന് നോവൽ വായിച്ച് തന്നെ അറിയണം. ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ കഥ നടക്കുന്നത് പൂർണമായും ഭൂമിയിൽ തന്നെയാണ്, അതേസമയം ഒരു ഏലിയൻ കഥാപാത്രം പോലും നോവലിൽ പ്രത്യക്ഷപ്പെടുന്നില്ല. ഭൂമി കേന്ദ്രമാക്കി ഭൗമേതര ജീവികളുടെ കഥ അവരുടെ അഭാവത്തിൽ പറയാൻ ശ്രമിക്കുന്നത് തികച്ചും കൗതുകം ഉളവാക്കുന്നുണ്ട്.

കോസ്മോ സയൻസ് ഫിക്ഷൻ എന്ന കുടക്കീഴിൽ നിർത്തപ്പെടുമ്പോഴും അനേകം അടരുകളുള്ള ഒരു നോവലാണ് പ്ലാനറ്റ് 9. പോപ്പുലർ സയൻസ് ഫിക്ഷൻ കൈകാര്യം ചെയ്യുന്ന നിരവധി വിഷയങ്ങൾ മാറിമാറി നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അസ്ട്രോണമി, കോസ്മോളജി, ജനെറ്റിക്സ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, എപ്പിഡെമിയോളജി, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ സയൻസ്, ജിയോളജി, ഡിസാസ്റ്റർ സയൻസ് തുടങ്ങി ആധുനിക ശാസ്ത്രം കൈവെക്കുന്ന ഒട്ടേറെ മേഖലകൾ ഇരുനൂറു പേജിൽ താഴെ മാത്രം വരുന്ന ഒരു മലയാളം നോവലിൽ പരാമർശിക്കുന്നത് അങ്ങേയറ്റം പുതുമ തോന്നുന്ന കാര്യമാണ്. അനാവശ്യമായ ഒരു വരിപോലും ഇല്ലാത്ത വിധം അനവധി വിഷയങ്ങളുടെ അപൂർവ സംഗമം നടക്കുന്നുവെങ്കിലും എല്ലാ വസ്തുതകളും വ്യക്തമായി തന്നെ അവതരിപ്പിച്ചു പോകുവാനും അവയുടെ പരസ്പരബന്ധം കൃത്യമായി വിശദീകരിക്കാനും നോവലിസ്റ്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യപക്ഷത്ത് നിന്ന് കഥ പറയുന്നുവെങ്കിൽ തന്നെയും അപരമായി നിൽക്കുന്ന ഏലിയൻ നാഗരികതയ്ക്ക് ഒരു മാനുഷികതയുടെ പരിവേഷം നൽകാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് വേണമെങ്കിൽ സംശയിക്കാം. ഈ സമീപനവും പുതുമ നിറഞ്ഞതും കൂടുതൽ വായനകൾ ആവശ്യപ്പെടുന്നതുമാണ്.

നോവലിൻ്റെ പോരായ്മകൾ ആയി അനുഭവപ്പെട്ടത് ഇടകലർത്തിയുള്ള ഇംഗ്ലീഷ് – മംഗ്ലീഷ് പ്രയോഗങ്ങളാണ്. ഏതെങ്കിലും ഒരു പ്രയോഗം സ്വീകരിക്കുന്നതായിരുന്നു ഒഴുക്കോടെയുള്ള വായനയ്ക്ക് നല്ലത്. ചിലയിടങ്ങളിൽ സസ്പെൻസ് അമിതമായി നിലനിർത്താൻ ശ്രമിച്ചു എന്ന് തോന്നി. നോവലിസ്റ്റ് എഴുതി വന്നിരുന്ന genre ൻ്റേ സ്വാധീനം അവിടവിടെ ദൃശ്യമാവുന്നുണ്ട്.

പ്ലാനറ്റ് 9 ഒരേ സമയം സയൻസ് ഫിക്ഷൻ്റെയും ഡിസ്റ്റോപ്യൻ നോവലിൻ്റെയും ആൾട്ടർനേറ്റീവ് ഹിസ്റ്ററിയുടെയും സസ്പെൻസ് – ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെറിൻ്റെയും സ്വഭാവങ്ങൾ പ്രകടമാക്കുന്നു. ബയോസയൻസിലും കോസ്മോളജിയിലും താൽപര്യം ഉള്ളവർക്ക് നന്നായി ആസ്വദിക്കാൻ കഴിയുന്ന നോവലാണ് ഇത്. നോവൽ ഓഫർ ചെയ്യുന്ന വിവിധ ജ്ഞാനമേഖലകളിലെ well and tightly packed information, വളരെ നന്നായി ഗവേഷണം നടത്തിയാണ് മായ ഈ നോവൽ എഴുതിയത് എന്നു കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും.

ഡോ. അർഷാദ് അഹമ്മദ് എ.

Comments are closed.