DCBOOKS
Malayalam News Literature Website

പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

യുവതിയുടെ പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരുള്‍പ്പെടുന്ന അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. ശശിയുടെ വിശദീകരണം കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി

ശശി ലൈംഗികഅതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയായിരുന്നുവെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധത്തില്‍ ശശി സംഭാഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ മുഖ്യതെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ നിലപാടിനെച്ചൊല്ലി കമ്മീഷനില്‍ തര്‍ക്കവുമുണ്ടായി.വനിതാ നേതാവിന്റെ പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ. ബാലന്റ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായിട്ടാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Comments are closed.