DCBOOKS
Malayalam News Literature Website

കൊറോണക്കാലത്തെ ചിന്തകളും അനുഭവങ്ങളും; പി.കെ.ചന്ദ്രന്‍ എഴുതുന്നു

കൊറോണ ലോകജനതയെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണല്ലോ. എന്നാല്‍ ഉര്‍വശീശാപം അര്‍ജുനന് ഉപകാരമായപോലെ കൊറോണ കേരളജനതയെ അഗ്നിശുദ്ധി ചെയ്തിരിക്കയാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഈ മഹാമാരി സ്നേഹത്തിന്റെയും ഒരുമയുടെയും അച്ചടക്കത്തിന്റെയും സേവനത്തിന്റെയും ഒരു പന്ഥാവ് നമുക്കു മുന്നില്‍ തുറന്നിട്ടു. അന്യനാടുകളില്‍ ഈ മഹാമാരി കാരണം ആയിരങ്ങള്‍ മരിച്ചുവീണപ്പോള്‍ കേരളം ഈ വൈറസിന് ഒറ്റ ജീവന്‍ വിട്ടുകൊടുക്കാതെ അതിനെ തളച്ചുനിര്‍ത്തി. ആരോഗ്യപ്രവര്‍ത്തകരുടെയും നാനാ തുറകളിലുള്ള മറ്റനേകം മനുഷ്യസ്നേഹികളുടെയും ത്യാഗനിര്‍ഭരമായ സേവനം ഒന്നുകൊണ്ടുമാത്രമാണ് ഈ കൊച്ചു നാടിന് ഈ നേട്ടം സാധ്യമാക്കിയത്. ഈ സേവനപാഠം നമ്മെ പഠിപ്പിച്ചതാവട്ടെ നിപ്പയും രണ്ടു വെള്ളപ്പൊക്കങ്ങളുമാണ്.ജാതിമതവര്‍ഗവര്‍ണ രാഷ്ട്രീയഭേദമില്ലാതെയുള്ള ജനൈക്യം ലോകത്തിനുതന്നെ മാതൃകയായി. ഈ ഐക്യബോധം അലോസരപ്പെടുത്തിയത് വിരലിലെണ്ണാവുന്നവരെ മാത്രമാണ് അവരെ ജനം അവജ്ഞയോടെ തള്ളുകയും ചെയ്തു.

ഇത്തരം സാഹചര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടെ അഭിമുഖീകരിക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍. ഒരു ചെറിയ തീപ്പൊരി കാണുന്പോള്‍ ഒരു കാട്ടുതീ പ്രതീക്ഷിച്ചാല്‍ നമുക്ക് കടുത്ത നിരാശ ഉണ്ടാവില്ല. എന്റെ അനുഭവം പറയാം, ചൈനയിലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ മഹാമാരി പരത്തി എന്ന വാര്‍ത്ത കാട്ടുതീപോലെ വ്യാപിച്ചു. കേന്ദ്രസാഹിത്യഅക്കാദമിയുടെ അവാര്‍ഡ്നിര്‍ണയക്കമ്മിറ്റി ജൂറിയായി എന്നെ തെരഞ്ഞടുത്തിരുന്നു. ഫെബ്രുവരി 14-ന് ചെന്നൈയില്‍ ജൂറിയോഗം ചേരുന്ന അറിയിപ്പു കിട്ടി.ഉടന്‍ ഞാന്‍ ക്ഷണം നിരസിച്ചു.കാരണം കേരളത്തില്‍നിന്നു ചെല്ലുന്ന എന്നെ എയര്‍പോര്‍ട്ടില്‍ തടഞ്ഞേക്കാമെന്ന് എനിക്കുതോന്നി. അക്കാദമി ഉടന്‍ യോഗം എറണാകുളത്തേക്കു മാറ്റി. കൊറോണക്കാലം ബോറടിയുടെ കാലമാണെന്നാണ് പൊതുവേ പറയുക. എന്നാല്‍ എന്റെ ടൈംടേബിള്‍ തിരക്കേറിയതായി. കൃത്യമായ ടൈംടേബിള്‍ വെച്ചിട്ടാണ് ഞാന്‍ ദിവസം ചിട്ടപ്പെടുത്തിയത്. രാവിലെ അരമണിക്കൂര്‍ നടത്തം അരമണിക്കൂര്‍ യോഗ ഒരു മണിക്കൂര്‍ കൃഷിത്തോട്ട പരിചരണം പിന്നെ വായന.വായന എന്നു പറയുന്പോള്‍ 1,25000 ശ്ലോകങ്ങളുള്ള മഹാഭാരതം പലതവണ വായിച്ചു. ഇപ്പോള്‍ ഒരു പുസ്തകരചനയിലാണ്. പിന്നെ ഡിസി ബുക്സിന്റെ 12 വോള്യങ്ങളുള്ള വിശ്വസാഹിത്യതാരാവലിയും 6 വോള്യങ്ങളുള്ള നമ്മുടെ പ്രകൃതി,നമ്മുടെ സമൂഹം… തൊട്ടുനോക്കിയിട്ടില്ല.വൈകുന്നേരവും വ്യായാമവും കൃഷിയും.ആഹാരക്രമം പൂര്‍ണമായും മാറ്റി.മത്സ്യമാംസാദികള്‍നിര്‍ത്തി.പറന്പിലുള്ള നാലുതരം ചീര, പയര്‍വര്‍ഗങ്ങള്‍,മുരിങ്ങയില, ഇളയപ്ലാവിലയടക്കമുള്ള ഉപ്പേരി,ചെറുപയര്‍,മന്പയര്‍ മുളപ്പിച്ചത് ഗോതന്പുകഞ്ഞി,ഒരുനേരംമാത്രം അരിയാഹാരം പിന്നെ റസിഡന്‍സ് അസോസിയേഷന്‍ മുഖേന കിറ്റ് വിതരണം, കമ്മ്യൂണിറ്റി കിച്ചണിലേക്കു വാഴയില,പയര്‍,നാളികേരം. തളപ്പിട്ട് വാഴയില്‍ കയറി ഇലവെട്ടുന്ന സ്കൂള്‍കുട്ടികളുടെ സേവനത്വര കാണുന്പോള്‍ നമ്മുടെ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്നു പറയാതെ വയ്യ.

Comments are closed.