DCBOOKS
Malayalam News Literature Website

‘പിറ’ എന്റെ അമ്മക്കും അച്ഛനും വേണ്ടിയുള്ള സമര്‍പ്പണം : സി.എസ്. ചന്ദ്രിക

CS Chandrika

പിറ‘ കൂടുതൽ വായിക്കപ്പെടുമ്പോൾ എനിക്ക് എത്രയധികമാണ് സന്തോഷം എന്ന് പറയാനറിയില്ല. കാരണം ഈ നോവൽ എൻ്റെ അമ്മക്കും അച്ഛനും വേണ്ടിയുള്ള സമർപ്പണമാണ്. പൊന്നിയെ ഗർഭിണിയായിരിക്കുമ്പോഴാണ് ഈ നോവൽ എഴുതിത്തീർത്തത്. മാതൃഭൂമി വാരികയിൽ വന്നു കൊണ്ടിരുന്ന സമയത്ത് വലിയ പ്രതികരണമായിരുന്നു. അതുമായി ബന്ധപ്പെട്ട് കുറേ നല്ല ഓർമ്മകളുമുണ്ട്. ഖണ്ഡ:ശയായി വരുന്ന നോവൽ വായിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് വിളിച്ചതും അഭിപ്രായങ്ങൾ പറഞ്ഞതും വായിക്കുന്നവരുടെ കത്തുകൾ വന്നതുമൊക്കെ.

പൊന്നി ജനിച്ച സമയത്താണ് പുസ്തകമായി നോവൽ ഇറങ്ങുന്നത്. മാതൃഭൂമി ബുക്സിൽ നിന്ന്. മാതൃഭൂമി ബുക്സ് അന്ന് തുടങ്ങുന്നതേയുള്ളു.. ആദ്യത്തെ അദ്ധ്യായം വാരികയിൽ വന്ന ദിവസം ആദ്യം ചോദിച്ചത് മാതൃഭൂമിയാണ്. വാക്കു കൊടുത്തു . പിറ്റേ ദിവസമാണ് ഡി.സിയിൽ നിന്ന് ശ്രീകുമാർ വിളിക്കുന്നത്. വാക്കു പാലിച്ചു. ഒമ്പത് വർഷം കാത്തു കാത്തിരുന്ന് ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ പിന്നെ ‘പിറ’ക്ക് എന്തു സംഭവിക്കുന്നു എന്ന് ശ്രദ്ധിച്ചില്ല. പ്രകാശനം പോലും നടന്നില്ല. പക്ഷേ പിറ വായിച്ച ഉടനെ ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത കെ.കുഞ്ഞുകൃഷ്ണൻ സർ വിളിച്ചു. രണ്ടു തവണ. അദ്ദേഹം നോവലിനെക്കുറിച്ച് മാത്രം സംസാരിച്ചു. പിറക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടണമെന്നാഗ്രഹിക്കുന്നു എന്നും പറഞ്ഞാണ് വെച്ചത്. മാതൃഭൂമിയിലെ സുധീറാണ്, കുഞ്ഞുകൃഷ്ണൻ സർ നോവൽ വായിച്ച് വലിയ സന്തോഷത്തിലാണ്, എന്നെ വിളിക്കുമെന്ന് പറഞ്ഞത്. പിന്നെ ഞാൻ കാണുന്നത്, മാതൃഭൂമി വാരികയിൽ പിറയെ കുറിച്ച് കുഞ്ഞുകൃഷ്ണൻ സാറിൻ്റെ ഗംഭീരമായ റിവ്യു ആണ് .

ഞാൻ വീണ്ടും എൻ്റെ മോൾടെ ലോകത്തേക്ക് മാത്രം ഒതുങ്ങി. പിന്നെയാണ്, എന്നെ അമ്പരപ്പിച്ച് ഒരു ദിവസം ഡോ. ടി.കെ. രാമചന്ദ്രൻ ഫോണിൽ വിളിച്ചത്. ടി.കെ. വിളിക്കുന്നതിന് തൊട്ടു മുമ്പ് എന്നെ പ്രവീൺ വിളിച്ചു , ‘ ടി.കെ ക്ക് നിങ്ങളോട് സംസാരിക്കണം. നിങ്ങളുടെ നോവലിനെക്കുറിച്ച് ഞങ്ങളിവിടെ സംസാരിച്ചുകൊണ്ടിരിക്കാണ്. ഫോൺ നമ്പർ കൊടുക്കുന്നു ‘ . അവർ കെ.ടി.മുഹമ്മദിൻ്റ വീട്ടിലിരുന്നാണ് സംസാരിക്കുന്നത് എന്നോ മറ്റോ പ്രവീൺ പറഞ്ഞത് ഓർക്കുന്നു. അപ്പോൾ Textതന്നെ ടി.കെ. വിളിച്ചു. നോവലിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വാനോളമുയർന്നു. വെർജീനിയ വുൾഫിനെയൊക്കെ കൂട്ടത്തിൽ ടി.കെ. പരാമർശിച്ചു. ടി.കെ, പിറയെക്കുറിച്ച് എഴുതും എന്നു പറഞ്ഞു. ഇതൊക്കെ ഇന്നോളം ഞാൻ എൻ്റെ മനസ്സിൽ സൂക്ഷിച്ചു വെച്ചു. വലിയ അവാർഡുകൾ കിട്ടിയതു പോലെ . ടി.കെ. അകാലത്തിൽ മരിച്ചു പോയി.

പ്രായമായവർ പിറ വായിച്ച് എന്നെ ഒത്തിരി ഇഷ്ടപ്പെടുന്നതറിയാം. പൊന്നിയേയും കൊണ്ട് ഡോ.അമറിനെ കാണാൻ വീട്ടിലേക്ക് ചെല്ലുമ്പോഴൊക്കെ ഡോക്ടറുടെ അച്ഛൻ പിറയിലെ ഓരോ കഥാപാത്രത്തേയും കുറിച്ച് സംസാരിക്കുമായിരുന്നു. അച്ഛൻ യൂണിവേഴ്സിറ്റി കോളേജിലെ റിട്ടയേഡ് ഇംഗ്ലീഷ് അദ്ധ്യാപകനാണ്. ഒരിക്കൽ ദീദിയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ ദീദി ചിരിച്ചു കൊണ്ട് പറഞ്ഞു, ഇവിടെ ചന്ദ്രികക്ക് ഒരാരാധകനുണ്ട്. ദീദിയുടെ അച്ഛനാണ്.

വേണു പറഞ്ഞു, പിറ ആരെങ്കിലും സിനിമ ചെയ്യാനായി സമീപിച്ചാൽ, ഒന്ന് അറിയിക്കണേ എന്ന്. കയ്യിലുള്ള പുസ്തകത്തിൽ വേണു തൻ്റെ സിനിമ കാണുകയാണെന്ന് തോന്നി.

അങ്ങനെയങ്ങനെ … ആദ്യ രണ്ടു വർഷം പറന്നു പോയി. എവിടേക്കും ഞാൻ അവാർഡിനൊന്നും അയച്ചില്ല. എഴുത്തുകാരാണ് അതൊക്കെ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയുകയുമില്ലായിരുന്നു. അതൊക്കെ പ്രസാധകരല്ലേ ചെയ്യേണ്ടത്! ഞാൻ എൻ്റെ പൊന്നിയെ വളർത്താൻ ഓരോരോ ജോലികളിൽ കഠിനമായി അദ്ധ്വാനിക്കുകയായിരുന്നു. ഒരു ദിവസം എൻ്റെ അമ്മ ചോദിച്ചു. മോൾടെ നോവലിന് അവാർഡ് ഒന്നും കിട്ടിയില്ലേ എന്ന്. എൻ്റെ അശ്രദ്ധക്ക് എന്നെ സ്നേഹമുള്ളവരൊക്കെ ചീത്ത പറഞ്ഞു. അതൊന്നും സാരമില്ല. അന്ന് വിളിച്ചപ്പോൾ ടി.കെ പറഞ്ഞിട്ടുണ്ടായിരുന്നു, ഈ നോവൽ ഇപ്പോഴല്ലാ , ഭാവിയിലാണ് കൂടുതൽ വായിക്കപ്പെടുക, മനസ്സിലാക്കപ്പെടുക എന്ന്. ഞാനത് വിശ്വസിക്കുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ എം.എ ക്ക് പിറ പഠിപ്പിക്കുന്നുണ്ട് എന്ന് ഞാനറിയുന്നത് പോലും ഈയടുത്ത്‌, യാദൃച്ഛികമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ രശ്മി പറയുമ്പോഴാണ്.
ഇതിനിടയിൽ തമിഴിൽ പരിഭാഷ വന്നു. ഇപ്പോൾ ഇംഗ്ലീഷിൽ പരിഭാഷ നടക്കുന്നുണ്ട്.

ഡി.സി. ബുക്സ് ആണ് ഇപ്പോൾ പിറ പ്രസിദ്ധീകരിച്ചിരിക്കുന്നത് .

ഇത്രയും എഴുതിയത് മനോഹരൻ പേരകം പിറയെക്കുറിച്ച് എഴുതിയത് കണ്ടപ്പോഴാണ്. മനോഹരൻ ഇന്നലെ ഫോണിൽ വിളിച്ചപ്പോൾ ചോദിച്ചു, പിറ എഴുതി 16 വർഷമായിട്ടും രണ്ടാമത്തെ നോവൽ എഴുതാതിരുന്നതെന്തുകൊണ്ടാണ്? ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്.

സി.എസ്. ചന്ദ്രിക

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.