DCBOOKS
Malayalam News Literature Website

നോക്കുകൂലി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി

നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. പിന്നീട് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയും അദ്ദേഹം നിലപാടു വിശദീകരിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കും. ഇക്കാര്യം ആലോചിക്കുന്നതിനു പ്രധാന ട്രേഡ് യൂണിയന്‍ സംഘടനകളുടെ യോഗം ഉടനെ വിളിച്ചുചേര്‍ക്കും.

നോക്കിനില്‍ക്കുന്നവര്‍ കൂലി ചോദിക്കുന്ന സ്ഥിതി ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും സംസ്ഥാനത്ത് ഈ പ്രവണത നിലനില്‍ക്കുകയാണ്. തൊഴിലാളി സംഘടന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ പ്രവൃത്തിക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ജോലി സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതും അവസാനിപ്പിച്ചേ പറ്റൂ. ഈ നിയമവിരുദ്ധ പ്രവണത ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ല.

വ്യവസായരംഗത്ത് ദുഷ്‌പേരുണ്ടാക്കുന്നതു നോക്കുകൂലിയും തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന പ്രവണതയുമാണ്. അല്ലാതെ തൊഴില്‍പ്രശ്‌നങ്ങളൊന്നും കേരളത്തില്‍ ഒരു വ്യവസായത്തെയും ബാധിച്ചിട്ടില്ല. തൊഴില്‍പ്രശ്‌നങ്ങള്‍മൂലം ഒരു വ്യവസായവും മുടങ്ങിയിട്ടില്ല. തൊഴിലാളികളെക്കുറിച്ചു വ്യവസായികള്‍ക്കും പരാതിയില്ല. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുമ്പോഴാണ് ഇക്കാര്യം വിശദീകരിച്ചത്.

 

Comments are closed.