DCBOOKS
Malayalam News Literature Website

ലാവലിന്‍ കേസ്: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

ദില്ലി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ ഇന്ന് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ലാവലിന്‍ കരാറില്‍ അന്നത്തെ വൈദ്യുതവകുപ്പ് മന്ത്രിയായിരുന്ന പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറിയത് ലാവലിന്‍ കമ്പനിയുടെ അതിഥിയായി പിണറായി വിജയന്‍ കാനഡയില്‍ ഉള്ളപ്പോഴാണ്. കരാറിലൂടെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടാവുകയും അതേസമയം കെ.എസ്.ഇ.ബിക്ക് ഭീമമായ നഷ്ടവുമായിരുന്നുവെന്ന് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താത്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാര്‍ ഒപ്പിട്ടത് പിന്നീടു വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.

Comments are closed.