DCBOOKS
Malayalam News Literature Website

മറ്റൊരു പേര് ഭ്രാന്തിന്: പെരുമ്പടവം ശ്രീധരന്റെ പ്രണയ ഓര്‍മ്മകള്‍

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’

മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.

പുസ്തകത്തില്‍ നിന്നും

എങ്ങനെയാണ് ഒരാള്‍ അയാളുടെ ഇണയെ കണ്ടെത്തുന്നത്? എങ്ങനെയാണ് ഒരു ചെറുപ്പക്കാരന് യാദൃച്ഛികമായി കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നത്? അന്നൊന്നും അത് ആലോചിച്ചിരുന്നില്ല. ആള്‍ക്കൂട്ടത്തിനിടയില്‍വച്ചു കണ്ട അപരിചിതയായ പെണ്‍കുട്ടിയോട് എന്തെന്നില്ലാത്ത ഒരാകര്‍ഷണം തോന്നുന്നു. കണ്ട നിമിഷത്തില്‍ ഹൃദയം തുടിച്ചതില്‍നിന്നാണ് അതറിയുന്നത്. എന്തോ ഒരിഷ്ടം. പിന്നെ ഏകാന്തതകളില്‍ ആ പെണ്‍കുട്ടിയുടെ മുഖം ഓര്‍മ്മിച്ചെടുക്കുന്നു. അങ്ങനെയായിരുന്നു എന്റെ പ്രണയത്തിന്റെ ആരംഭം.

പിന്നെയും കുറെനാള്‍ കടന്നുപോകുന്നു. അപ്പോഴൊക്കെയും ആ പെണ്‍കുട്ടിയുടെ ഓര്‍മ്മ മനസ്സിലിരുന്നു വിങ്ങുന്നു. എന്തൊരു പൊറുതികേടാണെന്നോര്‍ത്ത് ചെറിയ തോതില്‍ അത്ഭുതപ്പെടുന്നു. ഒരു തരം ദാഹം ഹൃദയത്തിന്. ലഹരി. ഉന്മാദം.

ചിലപ്പോള്‍ സ്വയം പരിഹസിക്കുന്നു. ഓര്‍ക്കാപ്പുറത്തു കണ്ട ഒരു പെണ്‍കുട്ടിയെ ഇങ്ങനെ മനസ്സില്‍ കൊണ്ടുനടക്കുന്നതെന്തിന്?
ഏകാന്തതകളില്‍ അവളെ ഓര്‍ക്കുന്നതെന്തിന്?

ഇടയ്ക്ക് ഒരു നടുക്കമുണ്ടാവുന്നു ഹൃദയത്തില്‍. തനിക്കുതോന്നുന്ന ഈ അനുഭവം അവള്‍ക്കുണ്ടാകുമോ?

ആ, ആര്‍ക്കറിയാം!

ഊഹിക്കാനാവുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു അന്ധകാരത്തിലേക്കു നോക്കുന്നതുപോലെയാണ് എന്റെ അവസ്ഥ. ഏതോ ഒരു നിബിഡാന്ധകാരത്തില്‍ ഞാന്‍ നില്ക്കുന്നു. ആ അന്ധകാരത്തില്‍ എനിക്ക് എന്നെ കണ്ടുകൂടാ. എന്നാല്‍ എന്റെ ഹൃദയത്തില്‍ ആ പെണ്‍കുട്ടിയുടെ മുഖമുണ്ട്.  ഹൃദയത്തിനുമുകളില്‍ ഒരു നക്ഷത്രം ഉദിച്ചുനില്ക്കും പോലെയാണത്. നേര്‍ത്ത നിലാവില്‍ ഇതളുകള്‍ വിടര്‍ത്തുന്ന ഒരു പൂവുപോലെ എന്നൊരു ഉപമയും തോന്നി.

അത് ആ പ്രായത്തിന്റെ കത്തിക്കാളല്‍കൊണ്ടായിരുന്നോ? ആവോ…

ഒരുതരം ഭ്രാന്ത്.

പ്രണയവും ഭ്രാന്തും മരണവുമൊക്കെ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ഒറ്റ പ്രാവശ്യമേ കണ്ടുള്ളൂ. ഒരു വാക്കുപോലും മിണ്ടിയില്ല. വെറുതെ നോക്കിനിന്നു, ഇമയനക്കാതെ. ലജ്ജകലര്‍ന്ന ആ മൗനം എന്റെ ദൈവങ്ങളേ, ഞാനെങ്ങനെ വായിച്ചൂ?

അന്ന് ഞാന്‍ വിശ്വാസത്തിന്റെ വിളുമ്പില്‍ നില്ക്കുന്ന കാലമാണ്. ഇന്നാണെങ്കില്‍ ഞാന്‍ ദൈവങ്ങളെ ഓര്‍ക്കുമോ! ആരെങ്കിലും അറിയണമല്ലോ എന്റെ ഇഷ്ടം. എന്റെ നിശ്ശബ്ദമായ സ്‌നേഹം. പ്രണയം. അതുകൊണ്ട് ആ നിമിഷങ്ങള്‍ക്കു ദൈവങ്ങളെ കാവല്‍നിര്‍ത്തി. എത്ര ദൈവങ്ങളുണ്ടോ അത്ര ദൈവങ്ങളും വരട്ടെ എന്റെ ഇഷ്ടത്തിനും എന്റെ സ്‌നേഹത്തിനും കാവല്‍നില്ക്കാന്‍ എന്ന് തമാശയോടെ ഓര്‍ത്തതു മറന്നിട്ടില്ല.

അത് എനിക്കു വായനയുടെ ഭ്രാന്തുപിടിച്ച കാലമാണ്. വായിക്കുന്ന കവിതയിലൊക്കെ നിറഞ്ഞുകിടക്കുന്നത് എന്റെ നിശ്ശബ്ദമായ പ്രണയംതന്നെയല്ലേ! അക്കാലത്തു വായിച്ച

കഥകളിലെയും നോവലുകളിലെയും നായികമാര്‍ക്കൊക്കെ അവളുടെ മുഖഛായയായിരുന്നു.

എന്റെ നിശ്ശബ്ദപ്രണയത്തിന്റെ കാലം. ആ കാലത്തിനു മീതെ എന്താണു വീണുകിടക്കുന്നത്? പൊന്‍വെയിലും നിലാവും. അന്നത്തെ എന്റെ രാത്രികളില്‍ ഗ്രാമത്തില്‍ ഏഴിലമ്പാല പൂത്തതിന്റെ സുഗന്ധം നിറഞ്ഞു.

പിന്നെ തോന്നി എനിക്ക് എന്തോ രോഗം പിടിപെട്ടിരിക്കുകയാണെന്ന്. അല്ലെങ്കില്‍ ഭ്രാന്ത്. ചിലപ്പോള്‍ ഞാന്‍ അവള്‍ക്കു
പ്രേമലേഖനമെഴുതി. വായിച്ചുനോക്കുമ്പോള്‍ ഏയ്, നന്നായില്ല. വാക്കുകളില്‍ സ്‌നേഹത്തിന്റെ തീക്ഷ്ണതയില്ല. തൊടുമ്പോള്‍ വീണക്കമ്പികളില്‍നിന്നെന്നപോലെ വാക്കുകളില്‍നിന്നു സംഗീതമുണ്ടാവാത്തതെന്ത്! എഴുതിയ പ്രേമലേഖനങ്ങള്‍ കീറി തോട്ടിലെറിഞ്ഞു. അനേകം കഷണങ്ങളായി എന്റെ സ്‌നേഹം ഓളങ്ങളില്‍ ഒഴുകിപ്പോകുന്നത് ഞാന്‍ നോക്കി നിന്നു.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ ലജ്ജകൊണ്ട് മൂടിപ്പോകുന്നു. അങ്ങനെ സ്‌നേഹംകൊണ്ടു വിങ്ങിപ്പൊട്ടി നടന്നത്
ഞാനായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ സ്വയം പരിഹസിക്കാന്‍ തോന്നും.

എന്റെ കണ്ണുകളെയും കാഴ്ചകളെയും മൂടിക്കിടന്ന നിബിഡാന്ധകാരം മെല്ലെ ഒരു ഹിമസാഗരം ഉരുകുംപോലെ ഉരുകി
അവിടെ വെളിച്ചത്തിന്റെ പ്രളയമുണ്ടാകുന്നത് കണ്ണടച്ചിരുന്നപ്പോള്‍ ഞാന്‍ കണ്ടു.

അസ്സല്‍ ഭ്രാന്തല്ലാതെ വേറെ എന്താണ് ഇത്!

ആ ഭ്രാന്തില്‍നിന്നാണ് ഞാന്‍ ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചത്, ആ പെണ്‍കുട്ടിയുടെ കൈയും പിടിച്ചുകൊണ്ട്. പ്രയാസങ്ങളിലൂടെ, പ്രതിസന്ധികളിലൂടെ, ദാരിദ്ര്യത്തിലൂടെ, ആത്മഹത്യയുടെ വക്കിലൂടെ. ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, എന്തുകൊണ്ട് അന്ന് ആത്മഹത്യ ചെയ്തില്ല! ആത്മഹത്യയുടെ വിളുമ്പില്‍ വിറങ്ങലിച്ചുനിന്ന നിമിഷങ്ങള്‍. ഒരൊറ്റ കുതി മതിയായിരുന്നു എല്ലാം തീരാന്‍. എന്നിട്ടും സ്‌നേഹത്തിന്മേല്‍ പിടിച്ചുനിന്നു.

വളരെവളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നതുപോലെയാണ് ഇതൊക്കെ.

ഈയിടെ ഞാന്‍ എന്റെ പെണ്ണിനോടു ചോദിച്ചു:

”അന്ന് ആദ്യം കണ്ടപ്പോള്‍ നിനക്കെന്താണ് തോന്നിയത്?”
അവള്‍ പറഞ്ഞു:

”ഈ ആളിന്റെ കൂടെ ലോകത്തിന്റെ അറ്റംവരെ പോകുമെന്ന്. അല്ലെങ്കില്‍ മരണത്തിന്റെ വക്കോളം ഈ ആളിന്റെ കൂടെ പോകുമെന്ന്.”

”ഇതു കേള്‍ക്കാഞ്ഞിട്ട് അന്നൊക്കെ ഞാനെന്തോരം തീ തിന്നു? എന്തുകൊണ്ട് അന്നിതു പറഞ്ഞില്ല?”

”എന്നോടു ചോദിക്കാഞ്ഞതുകൊണ്ട്. അല്ലെങ്കില്‍ ഇതൊക്കെ പറഞ്ഞിട്ടുവേണോ അറിയാന്‍?”

ശുഭം!

പെരുമ്പടവം ശ്രീധരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.