DCBOOKS
Malayalam News Literature Website

സ്വതന്ത്രമായ ആത്മാവിഷ്‌കാരത്തിന് നിര്‍ഭയരായ ജനതയാണ് ആവശ്യം: ഗുല്‍സാര്‍

ഷാര്‍ജ: ആത്മാവിഷ്‌കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും വേണ്ടതെന്ന് കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ഗുല്‍സാര്‍. സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോള്‍ സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവം മാറുമെന്നും ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സാഹിത്യസൃഷ്ടികളെക്കുറിച്ചും ചലച്ചിത്രജീവിതത്തെക്കുറിച്ചും വാചാലനായ ഗുല്‍സാര്‍ പുതിയ എഴുത്തുകാര്‍ക്ക് ധാരാളം അവസരങ്ങളാണ് തുറന്നുകിട്ടിയിരിക്കുന്നതെന്നും പുതിയ കാലത്തിന്റെ പ്രത്യേകതയാണിതെന്നും ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികതകള്‍ പുതിയ എഴുത്തുകാരെ നന്നായി പിന്തുണയ്ക്കുന്നുമുണ്ട്.

ടാഗോര്‍ അടക്കമുള്ള പ്രമുഖരായ ബംഗാളി കവികളുടെ രചനകള്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള ഗുല്‍സാര്‍ തന്റെ വിവര്‍ത്തനാനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു. ബംഗാളികവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ ബംഗാളിഭാഷ പഠിച്ച കാര്യം അദ്ദേഹം വിവരിച്ചു. ഒരേ സാംസ്‌കാരികപശ്ചാത്തലമുള്ള ഭാഷകളുടെ കാര്യത്തില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വിവര്‍ത്തനം നടത്തുമ്പോള്‍ അര്‍ത്ഥശോഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമായ എല്ലാ ഭാഷകള്‍ക്കും അര്‍ത്ഥപരമായ ഐകരൂപ്യമുണ്ട്. ടാഗോറിന്റെ ബംഗാളിയും വൈക്കം മുഹമ്മദ് ബഷീറിന്റെ മലയാളവും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളാണ്.

അന്‍പതുകളില്‍ ഉണ്ടായ ഗാനങ്ങളുടെ തനിമയും മാധുര്യവും സമീപകാലങ്ങളിലെ ഗാനങ്ങള്‍ക്കില്ലാതെ പോകുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോള്‍, സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവവും മാറുമെന്നും ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു.

ഷാര്‍ജ പുസ്തകമേളയുടെ ‘പുസ്തകം തുറക്കുക മനസ്സ് തുറക്കുക’ എന്ന ശീര്‍ഷകം തീര്‍ത്തും അര്‍ത്ഥവത്താണെന്ന് പറഞ്ഞ ഗുല്‍സാര്‍, പുസ്തകം തുറക്കുന്നതിലൂടെ മനസ്സും കണ്ണും ബുദ്ധിയും തുറക്കാന്‍ കഴിയുമെന്ന് കൂട്ടിച്ചേര്‍ത്തു. നൂറ് താളുകള്‍ വായിക്കുക, ഒരു താള്‍ എഴുതുക എന്നതാണ് വായനയും എഴുത്തും തമ്മില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന അനുപാതമെന്ന് ഗുല്‍സാര്‍ പറഞ്ഞു.

ഗഗന്‍ മുല്‍ക്കാണ് ഗുല്‍സാറുമായുള്ള സംവാദം നടത്തിയത്. പരിപാടിയുടെ ഭാഗമായി ഗായകരായ ജയപ്രകാശും നിഷിത ചാള്‍സും ഗുല്‍സാറിന്റെ പ്രശസ്തങ്ങളായ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചു.പരിപാടിയുടെ ആരംഭത്തില്‍ ആനന്ദ് പദ്മനാഭന്‍ ഗുല്‍സാറിനെക്കുറിച്ചുള്ള ഒരു ലഘുവിവരണവും നടത്തിയിരുന്നു.

സംവാദത്തിന്റെ ഭാഗമായി ഗുല്‍സാറിന്റെ പുസ്തകങ്ങള്‍ വാങ്ങാനും അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിനും വായനക്കാര്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു.

Comments are closed.