DCBOOKS
Malayalam News Literature Website

മരിപ്പിന്റെ തുടിപ്പും ജീവന്റെ കനപ്പും തിങ്ങുന്ന കഥകൾ

മജീദ് സെയ്ദിന്റെ ‘പെണ്‍വാതില്‍’ എന്ന കഥാസമാഹാരത്തിന് ആതിര എ.കെ. എഴുതിയ വായനാനുഭവം

അസ്വസ്ഥതകൾനിറഞ്ഞ ഒരു ജനാധിപത്യ സംവിധാനത്തിൽ ജീവിക്കുന്ന ജനതയുടെ സ്വാസ്ഥ്യസ്വാസ്ഥ്യങ്ങളും വിഹ്വലതകളുമാണ് ഈ കഥകളിൽ നിറയുന്നത്. അവരുടെ തീർപ്പില്ലാത്ത വ്യസനം അതിലാകെ പടർന്നിരിക്കുന്നു. ഇരുട്ടിന്റെ മേലെ ഇരുട്ട് പടർന്നതുപോലെ അത് കഥകളിൽ വ്യാപിക്കുന്നു. കഥാകാരൻ പറയുന്നതുപോലെ ഏത് ഇരുട്ടിനുള്ളിൽ നിന്നും ഊറി ഭൂമിയിലേക്ക് വരുന്ന നേരിയ നിശ്വാസത്തിന്റെ വെളിച്ചക്കീറിൽ പിടിച്ചു കേറുന്ന, വിധിയോടു സന്ധി ചെയ്യാത്ത മനുഷ്യരുടെ കൊതിയിലാണ് ഈ കഥകൾ പരസ്പരം ബന്ധപ്പെടുന്നത്.

ജീവിതത്തിന്റെ അവശിഷ്ടം എന്ന നിലയ്ക്ക്  മരണം  ഒരു  നിത്യ സാന്നിധ്യമാണ്. മരിച്ച ഒരാൾ അയാളെ പല കാലങ്ങളിലേക്കും പല മനുഷ്യരിലേക്കും വിവർത്തനം ചെയ്യുകയാണ്.   മരണം പലതെന്ന പോലെ മരണശേഷവുമൊരാൾ പലതായി  ചിതറുന്നുണ്ട്‌.  സ്നേഹിക്കപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നുണ്ട്‌. ജീവിച്ചിരിക്കുന്ന ഒരാൾക്ക് വേണ്ടി പങ്കുവക്കപ്പെടുന്ന  സമയം പോലെ തന്നെയാണ് മരിച്ച ഒരാൾ എങ്ങനെ ഓർമ്മിക്കപ്പെടുന്നുവെന്നത്. മജീദ് സെയ്ദിന്റെ ‘പെൺവാതിൽ’  എന്ന കഥാസമാഹാരത്തിലെ മിക്ക കഥകളിലും മരണത്തിന്റെ സാന്നിധ്യം ആവർത്തിക്കപ്പെടുന്നുണ്ട്.മരണവുമായുള്ള സംവാദവിസംവാദം അദ്ദേഹം കഥകളിലുടനീളം  സൂക്ഷിക്കുന്നു.

മരിച്ചു പോകുന്നവർ ബാക്കി വക്കുന്നതെന്ത്  എന്നത് ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചു മാത്രം വാലിഡ് ആയ ചോദ്യമാണ്.

“വർക്കല വിജയന്റെ ഒറ്റക്കുത്തിനു ഭൂമിന്ന് കട്ടേം പടോം മടക്കിയ പ്രാഞ്ചിയപ്പന്റെ പതിനഞ്ചാമത്തെ ആണ്ടു ബലിയാണ് നാളെ “എന്ന് തുടങ്ങുന്ന ‘ചോരപ്പോര്’  “ചോര തൂത്തെച്ചു ഞാൻ  ജെറോമിന്റെ അരേലോട്ട് അപ്പന്റെ  കത്തി തിരുകി,നിലത്തു കെടന്ന കട്ടേം പടോമെടുത്തു ഞങ്ങൾ അഷ്ടമിക്കളിക്കു പോയി” എന്നാണ് അവസാനിക്കുന്നത്.

ചോരപ്പോരിൽ ഭൂതകാലത്തിലെ മരണം പകയായി പരിണമിക്കുന്നു. അപ്പനെ തീർത്തൊനെ പുഴുപ്പിച്ചു കൊല്ലാനുള്ള പകയുമായി നടക്കുന്ന ജെറോമും പെങ്ങളും അവരുടെ ജീവിതത്തോട് തന്നെയാണ് പക തീർക്കുന്നത്. “ചത്ത് തൊലഞ്ഞപ്പോ ഞങ്ങക്ക് രണ്ടിനുമായി അപ്പൻ മിച്ചം വച്ചത്  നിറം മങ്ങിയ കുട്ടകളും പെയിന്റടർന്ന പാടൊമാണ്. ” എന്ന് പറയുന്നിടത്ത്  മരണം അവരുടെ ജീവിതത്തിന്റെ നിറം കെടുത്തിയ ഒന്നായി മാറുന്നു .മരിച്ചു പോകലും ചത്തു തൊലയലും തമ്മിലുള്ള വ്യത്യാസത്തിന് വൈകാരികവും സാമൂഹികവുമായ മാനങ്ങളുണ്ട്. ചത്ത്  തൊലഞ്ഞ എന്ന വാക്ക് പേറുന്ന കനം അനുഭവങ്ങളുടെത് തന്നെയാണ്.

“ദി പെയിന്റർ” എന്ന കഥയിൽ മരണം  സ്നേഹത്തിൽ നിന്നുള്ള,  അതിലേക്കുള്ള  വിടുതിയാണ്. തന്റെ ഭർത്താവിന് അന്ത്യ ചുംബനം അർപ്പിക്കുന്ന ചിത്രം പകർത്താൻ ആഗ്രഹിച്ച മിസ്സിസ് ക്ലിത്ത് അയാളുടെ കല്ലറക്കു മുന്നിൽ വച്ച് പറയുന്നത് തനിച്ചാക്കി പോകുന്നതിലും നല്ലത് തനിയെ ആവുന്നതാണെന്നാണ്.  മരണം ബാക്കി വക്കുന്നതെന്ത് എന്ന ചോദ്യത്തിനുത്തരമെന്നോണം  സ്നേഹത്തിന്റെ അടയാളം പോലെ മി.ക്ളീത്തിന്റെ നെറുകയിൽ ഇറ്റ് വീണ  അവസാനത്തെ  കണ്ണീർക്കണം ആ കഥയിലാകെ വെയിൽ തട്ടി തിളങ്ങുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

“ഇത്താക്ക് തുരുത്തിൽ” കൂടെ ഉണ്ടായിരുന്ന ഒരാളുടെ ഒഴിവിടം  ഡെവിയെയും അപ്പനെയും രണ്ടു രീതിയിലാണ് ബാധിക്കുന്നത്. ‘കടമക്കുടി സുര ഒളിവിനു വന്ന മൂന്നാം പക്കത്തിനാണ് ഇവള് തൂങ്ങിയത്, ചാകാൻ തക്ക വല്ല്യ കാര്യമുള്ള കാര്യോന്നുല്ലാർന്നെന്ന കൂസലില്ലായ്മയാണ് അപ്പനെങ്കിൽ കാഴ്ചകളിൽ കായലോളം വെട്ടിമറിയുന്നതല്ലാതെ മറ്റൊന്നും നിശ്ചയപ്പെട്ടു കിട്ടാത്ത ഡെവിക്ക് അത് തന്റെ  ജീവിതത്തെ പൂരിപ്പിക്കാനുതകേണ്ട തുടർച്ചയാണ്.

മരണത്തുരുമ്പ്, നോമ്പ് തുറ, പൂക്കണ്ടൽ എന്നീ കഥകളിൽ  മരണത്തിന്റെ രാഷ്ട്രീയ മാനം പൊതുവായി പങ്കുവക്കപ്പെടുന്നുണ്ട്.

“ശശി സാറേ , വണ്ടിയൊന്ന് സൈഡാക്കണേ, ഒരുത്തൻ കാഞ്ഞു പോയെന്ന തോന്നുന്നേ,  ഒരനക്കോം

കാണുന്നില്ല.” –  മരണത്തുരുമ്പ് എന്ന കഥ  ആരംഭിക്കുന്നതുതന്നെ കുപ്പക്കോളനിയിൽ പാണ്ടിച്ചെക്കനായി  ജനിച്ചതുകൊണ്ടുമാത്രം പോലീസുകാരുടെ മർദനമേറ്റ് കണ്ണ് തുറിച്ചു വാ പിളർന്നു മരിച്ചു കിടക്കുന്ന മാരിമുത്തുവിൽ നിന്നാണ്. അവിടെ നിന്ന് ഭൂതകാലത്തിലേക്കും തിരിച്ചുമുള്ള യാത്രയിലാണ് ആ കഥ സംഭവിക്കുന്നത്.

നോമ്പ് തുറ എന്ന കഥ നോക്കു, ഉസൈന്റെ പിതാവ്, ഉമ്മാച്ചുവിന്റെ ഒറ്റ മകൻ അബ്ബാസ് . മോഷണക്കേസ് ആരോപിച്ചു പോലീസ് മർദ്ദനമേറ്റ്  മരിച്ച അയാൾ ഉണ്ടായിരുന്നുവെങ്കിൽ വിശപ്പ് മാറ്റാനായി ഊരുതെണ്ടി നടക്കേണ്ട അവസ്ഥ ഉണ്ടാവില്ലായിരുന്നു എന്നവർ ഓർത്തെടുക്കുന്നുണ്ട്. അബ്ബാസിന്റെ മരണശേഷം പോലീസ് ജീപ്പിനെ മരണ വണ്ടിയെന്നാണ് ഉമ്മാച്ചു വിളിക്കുന്നത്.അധികാരവുമായോ നീതിയുമായോ ബന്ധപ്പെടുത്താവുന്ന ഒന്നായി  ഈ കഥകളിൽ മരണം മാറുന്നു.

നാം ആണോ നമ്മുടെ ജീവിതത്തിന്റെയും മരണത്തിന്റെയും  ഉടമസ്ഥർ ? നിയമപരമായി ജീവിക്കുക നിയമപരമായി മരിക്കുക ! എങ്കിൽ   നിങ്ങൾ നിങ്ങളുടെ ജീവിതം തന്നെയാണോ ജീവിക്കുന്നത്,  എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പൂക്കണ്ടൽ എന്ന കഥ മുന്നോട്ട് വെക്കുന്നത്. അവിടെ  മരണം ഒട്ടുമേ ഊഷ്മളമല്ലാത്ത സാന്നിധ്യമാണ്.

എന്നോ മരിച്ചു പോയ ഒരാളുടെ ഐഡന്റിറ്റിയിൽ ഇത്ര നാളും തന്റെ വീട്ടിൽ ജോലിചെയ്ത  പർവേസിന്റെ ബോഡിയുമായി ബംഗാളിൽ എത്തിയ രവി. സാനുവിന്റെയും പോളിയുടെയും സഹായത്തോടെ അത് എത്തേണ്ടിടത്ത് എത്തിക്കുക എന്നതിനെ മരിച്ചയാളോട് ചെയ്യുന്ന നീതിയായാണ്  അയാൾ മനസ്സിലാക്കുന്നത്.

കൽക്കത്ത നഗരത്തിലെ ട്രാഫിക് ജാമിൽവെച്ചു ഭർത്താവിന്റെ ശവം ഉപേക്ഷിച്ച് ഓടുന്ന ബീവി റുക്തത്തിൽനിന്നുതന്നെ ഒട്ടുമേ സാരമല്ലാത്ത ഒന്നായി  ഭർത്താവിന്റെ മരണം ഭവിക്കുന്നതെങ്ങനെ  എന്ന ‘നീതി’യുമായി ബന്ധപ്പെട്ട ആലോചനകൾ തുടങ്ങുന്നുണ്ട്.

” ഇങ്ങനെ സുന്ദരമായി ഉറങ്ങാൻ ഒരവസരമേ മനുഷ്യന് കിട്ടു. സ്വപ്നങ്ങളില്ല, മറ്റ് ശല്യങ്ങളില്ല. ഇവിടെ വച്ച് വല്ലതുമാണ് വെടിതീർന്നിരുന്നതെങ്കിൽ കിഡ്നിയും ലിവറുമൊക്കെയായി നമ്മൾക്ക് വല്ലതും തടഞ്ഞേന്നെയെന്നും പാർട്ടിയോഫീസിൽ  വച്ച്  മരണത്തെക്കുറിച്ച് അന്വേഷിച്ച മറ്റൊരാളോട് “ചുമ്മാ ഒരു ജീവൻ പോയതാണ് സേട്ടാ എന്ന് മരണത്തെ എറിയുന്ന പോളിയിലും പർവേസ് പലതായി രൂപാന്തരപ്പെടുന്നു.

ആരാണ് പൂക്കണ്ടലുകൾ.?മരണത്തിന്റെ മറ പറ്റി ജീവിക്കാൻ വന്നവർ. സുന്ദർബനിലൂടെ അതിർത്തി കടന്ന് വന്ന് വീട്ടുകാർതന്നെ വിൽക്കുന്ന മരണപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകളിലൂടെ ഇന്ത്യക്കാരായി മാറുന്നവർ. ഇവിടെ മരണം ജീവിക്കാനുള്ള ഉപാധിയാണ്. ഒരാളുടെ മരണം മറ്റൊരാളുടെ ജീവിക്കാനുള്ള കൊതിയായി മാറുകയാണ്. ഏതോ ഒരു തരത്തിൽ പർവേസ് മരണപ്പെട്ടിട്ടുണ്ട്. പക്ഷെ നിയമത്തിനു മുന്നിൽ അയാൾ മുന്നേ മരിച്ചു കഴിഞ്ഞു. ജീവിക്കുക എന്നത് നിയമപരമായിമാത്രം സാധ്യമാവുന്ന ഒന്നായി മാറുന്നു. ജീവിതവും മരണവും കൂടിക്കുഴഞ്ഞു കിടക്കുന്ന ഈ കഥ ജീവിതം മരണം  മനുഷ്യത്വം ,പൗരത്വം  എന്നീ സങ്കല്പങ്ങളെയെല്ലാം  ചോദ്യം ചെയ്യുന്നു.  നിയമ സാധ്യതകൾക്കപ്പുറത്തുള്ള  ജീവിതത്തിന്റെ സാധ്യതയെ അന്വേഷിക്കുന്നു.

“തോക്കുറാവുത്തർ” എന്ന കഥ നോക്കു, ഓർമ്മകളിൽ മരണം പേറുന്ന രണ്ടുപേർ , തോക്കു റാവുത്തറും സുൾഫിക്കർ അലിയും. സ്വാസ്ഥ്യം കെടുത്തുന്ന ഓർമ്മയായായാണ് തോക്കുറാവുത്തറിൽ മരണം സാന്നിധ്യപ്പെടുന്നത്. ഓരോ നിമിഷവും തന്നെ കൊല്ലാൻ ആരോ വരുമെന്ന് ഭീതിയിലാണ് തോക്കുറാവുത്തർ ജീവിക്കുന്നത്. അങ്ങാടിപ്പള്ളിയിലെ ഖബറുകൾ ,നിരത്തിലൂടെ പോകുന്ന വിലാപയാത്രകൾ എല്ലാം  അയാളെ അസ്വസ്ഥനാക്കുന്നു.  ചലനങ്ങളിലാകെ  മരണം കാണുന്ന ഒരാൾ.

അവതാരികയിൽ പി എഫ് മാത്യൂസ് പറയുന്നതുപോലെ പിതാവിനെക്കൊന്ന് ,  സാമൂഹ്യ ജീവിതത്തിന്റെ നിയമാവലികളും ശാസനങ്ങളും അടങ്ങുന്ന വ്യവസ്ഥയിൽ നിന്ന് സമാന്തരമായ മറ്റൊരു ലോകത്തേക്ക് ഗസല് പാടി  നടന്നു പോകുന്ന  കണ്ണുകാണാത്ത സുൽഫിക്കർ അലി ക്ക് മരണം തെളിച്ചമാണ്.

“അപ്പോൾ, മദറിന്റെ കസേരയുടെ പിന്നിൽ ആണിക്കൊളുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കലണ്ടറിലെ ഫോട്ടോ ഞാൻ അവരെ ചൂണ്ടിക്കാട്ടി.” – കന്യാകുടീരത്തിൽ മരണം   നിശ്‌ചലമായകാലം തന്നെയാണ്.  അങ്ങനെയൊരു കാലത്തിൽ നിന്നാണ് രാഖിയും രാഹുലും രാജിയുമൊക്കെ  സഞ്ചരിക്കുന്നത്. ആയുസ്സൊടുങ്ങാറായ വൃദ്ധരെപ്പോലെ ചായ്‌പിൽ കൂനിക്കൂടിയിരിക്കുന്ന അടുപ്പ് കല്ല് തന്നെ നോക്കി അണ്ണാക്ക് നീട്ടിയെന്ന് രാഖിയെക്കൊണ്ട് തോന്നിപ്പിക്കുന്നതും അതേ കാലമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പല ജീവിതങ്ങളും ചിലരുടെ മരണത്തിൽനിന്നു തുടങ്ങുന്നു. മരണത്തിലൂടെ  തുടരുന്നു.  ഈ കഥകളിൽ എല്ലാ കാലങ്ങളിലും മരണത്തിന്റെ സാന്നിധ്യമുണ്ട്. ചിലരുടെ മരണം തുടർ ജീവിതങ്ങളെ നിശ്ചലപ്പെടുത്തുമ്പോൾ മറ്റുചിലർക്ക്  അത് ഊർജ്ജമാകുന്നു.

മരണത്തിൽ നിന്നുള്ള, മരണത്തിലേക്കുള്ള തുടക്കത്തിനും ഒടുക്കത്തിനുമിടയ്ക്കാണ് ഈ കഥകൾ സ്ഥാനപ്പെടുന്നത്. ഇവിടെ മരണത്തിനു നിഗൂഢമായ പരിസരമില്ല. അതൊരു തുറവിപോലെ ജീവിതവുമായി ചേർന്ന് നിൽക്കുന്നു. ആത്മീയതക്കും തത്വചിന്തക്കുമപ്പുറം മരണം പൊളിറ്റിക്കൽ ആയി മാറുന്നു.  കഥകൾ പങ്കു വെക്കുന്ന പൊതു ഭാവം അലിവിന്റെതാണ്. തൊണ്ടയിലൂറുന്ന  വിങ്ങലിനെ തടഞ്ഞു നിർത്താൻ കെൽപ്പുള്ള ചില തലോടലുകളുടെ രൂപത്തിൽ അതെല്ലാ കഥകളിലുമുണ്ട്.

മരണത്തുരുമ്പും നോമ്പ് തുറയും നോക്കൂ,  അലിവ് എന്ന വാക്കിന് ആകാവുന്നിടത്തോളം അർത്ഥ സാന്ദ്രത കൈവന്ന കഥകളാണവ. വിങ്ങലിന്റെ ഉറവ പൊട്ടിയൊഴുകിപ്പരന്നതുപോലൊരു കഥയാണ് മരണത്തുരുമ്പ്.

അത്രവും പ്രിയതരമായ ഒന്നിനെ,മാരിമുത്തിവിനെ  ഓർത്തുള്ള  മാണിക്യന്റെ മൗനിച്ച  കരച്ചിലിൽ,” സീറ്റിനടിയിലേക്ക് ആവുമ്പോലെ നൂർന്നു കയറി ശവത്തിൽ കെട്ടിപ്പിടിക്കുമ്പോൾ  മാരിമുത്തുവിനെ അരിച്ചെടുത്ത ആ മൃതത്തണുപ്പ് മാണിക്യനെപ്പോലെ നമ്മളെയും അണക്കുമ്പോൾ കഥയും ജീവിതവും വിരലകലമില്ലാതെ ഒന്നാകുന്നു. ഇവിടെ വച്ച്  നമ്മൾ തീർത്തും അപരിചിതമായേക്കാവുന്ന  ഒരനുഭവത്തെ സന്ധിക്കുന്നു.

ഒട്ടകത്തിന്റെ എറച്ചി തിന്നാൻ പൂതി തോന്നാണുണ്ടോ എന്ന ഉമ്മാച്ചുവിന്റെ ചോദ്യത്തിന് “അതിനു എറച്ചിയല്ലല്ലോ നമ്മക്ക് ചവക്കാൻ കിട്ടണത് എല്ലല്ലേ, എല്ലിനൊക്കെ ഒരേ ചൊവല്ലേ .അതോണ്ട് എനിക്ക് വല്യ പൂതി തോന്നണില്ല. ”  എന്ന  നോമ്പുതുറയിലെ ഉസൈന്റെ  മറുപടിയിൽ , ആ ഒറ്റ വാചകത്തിൽ പ്രപഞ്ചത്തിന്റെ മുഴുവൻ വിശപ്പും വിങ്ങലും  നിറച്ചിട്ടുണ്ട് . എങ്ങനെയാണ് വാക്ക് ജീവിതത്തെ തൊടുന്നതെന്ന്, അവിടെ കണ്ണീര് കിനിയുന്നതെന്ന് ഇങ്ങനെ നമ്മളറിയും.

കഥാകാരൻ അയാളുടെ അനുഭവങ്ങളെ മറ്റൊന്നാക്കി നമ്മിലേക്ക് തരുകയും  അനുഭവങ്ങൾക്ക് അങ്ങനെ തുടർച്ചയുണ്ടാവുകയും ചെയ്യുന്നു. ആ നിലക്ക് ഈ കഥകൾ  അനുഭവങ്ങളുടെ ജൈവരൂപമായി മാറുന്നു. ഈ അനുഭവങ്ങളെ   നമ്മളോട് സന്ധിപ്പിക്കുന്ന സമന്വയപാലമായി ഭാഷ വർത്തിക്കുന്നു.

Textതീരത്തെ മണലിൽ കുഴഞ്ഞ കാലുകൾ വലിച്ചെടുത്തു കുപ്പക്കോളനിയിലെ തീപ്പെട്ടി ചതുരത്തിലേക്ക് തത്രപ്പെടുന്ന മരണത്തുരുമ്പിലെ മാണിക്യനെപ്പോലെ നിവർത്തികേടുകൊണ്ട് ഏത് സന്ധിയും സഹ്യമായിത്തീർന്ന മനുഷ്യരാണ് ഈ കഥകളിൽ ജീവിക്കുന്നത്. ലോകം കേൾക്കാൻ കൂട്ടാക്കാത്ത അവരുടെ നിലവിളികളെ, അടുക്കിപ്പെറുക്കി വെക്കുന്തോറും  ക്രമമില്ലാതാകുന്ന ജീവിതങ്ങളെ, ഭരണ സംവിധാനം ഒതുക്കിക്കളഞ്ഞ അവരുടെ  തുറസ്സുകളെ ,ഇല്ലായ്മകളെ അവതരിപ്പിക്കാൻ തക്ക പാകതയുള്ള ഭാഷ എഴുത്തുകാരനുണ്ട്‌.  ചില പ്രയോഗങ്ങളിൽ ബോധപൂർവമോ അല്ലാതെയോ വാക്കുകളെ  ഒളിപ്പിക്കുന്ന പ്രയോഗങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

“കണ്ണിൽ നിന്നും വേർപെടുത്തിയെടുത്ത ഉറക്കത്തെ വലിച്ചെറിഞ്ഞു.  “(മരണത്തുരുമ്പ്)

“റൈട്ടർ സാബു ശ്വാസക്കുഴലിൽ കുരുങ്ങിപ്പോയ വാക്കുകളെ ഒരു വിധേന തള്ളിയിറക്കി ജീപ്പിന്റെ പിന്നിലിരുന്ന് കിതച്ചു. “(”)

“ഉറവിൽ വച്ച് മരിച്ചു പോയ അവന്റെ നിലവിളി  ശബ്ദം   ദൈവത്തിന്റെ മടി വിട്ട് പുറത്തേക്ക് വന്നില്ല.” (” )

“പുളിച്ചു വന്ന നാല് തെറിക്കഷ്ണങ്ങൾ അണയിലിട്ട് ഞെരിച്ചു കൊടവുമെടുത്ത് ഞാൻ അകത്തേക്കോടി “(ഇത്താക്ക് തുരുത്ത്)

“കായലിന്റെ നടുക്ക് വെച്ചു കക്കാവാരാനിറങ്ങിയ കൊച്ചു തോമ പൂങ്കഴലേന്ന് വിളിച്ചപ്പം എന്റെ ചുണ്ടേന്നൊരു  ചിരി ചാടിയിറങ്ങി

മുങ്ങാകൂർപ്പിട്ട് ‘ആഴത്തിലൊളിച്ചു.’ ” ( “)

“അയാൾ തോക്കു ചൂണ്ടി അവന്റെ ചിരിയെ ‘അടച്ചു കളഞ്ഞു’ (തോക്ക് റാവുത്തർ)

” ബാബുക്കുട്ടന്റെ കീശെന്ന് കാട്ടെടുത്ത ബീഡി വലിച്ചോണ്ടിരുന്ന തള്ളേടെ അരിശം പിന്നേം പച്ചത്തെറിയായി അടുക്കളെന്ന് എറങ്ങി കോളനി മുഴുക്കെ ചുറ്റി കറങ്ങിയേച്ചും തിരിച്ചു വന്നു ” (പെൺവാതിൽ)

“ജനിക്കാതെ മരിച്ചു പോയ ശബ്ദം പോലെ  രണ്ടു വാചകം.. “( ഓപ്പറേഷൻ ഗോൾഡൻ ബേക്കറി)

ഇവിടെയെല്ലാം പറച്ചിലുകളെ ചെയ്തികളെയൊക്കെ പിൻവിളിക്കുന്ന, പിൻവലിക്കുന്ന പുറത്തേക്ക് വരും മുന്നേ അകത്തേക്ക് തിരിച്ചെടുക്കുന്ന ലോകത്തിന്റെ ഭാവം  ഭാഷയിൽ വിന്യസിച്ചിരിക്കുന്നത് നോക്കുക.

ഒളിച്ചു വയ്ക്കുന്ന, മുറിഞ്ഞു പോകുന്ന വാക്കുകളിലാണ് കന്യാകുടീരം എന്ന കഥ പൂർണമാകുന്നത്.ബെനഡിക്ട് അച്ചനെ ശുശ്രൂഷിക്കാൻ ചെന്ന രാജിക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ രാഹുൽ പറയുമ്പോഴേക്കും അവന്റെ വാ പൊത്തുന്ന വെറോണി, വർഷങ്ങൾക്കിപ്പുറം രാജിയുടെ കല്ലറക്കു മുന്നിൽ നിന്ന് അവളുടെ മരണത്തിന്റെ സത്യാവസ്ഥ പറയാൻ ശ്രമികുമ്പോൾ ” രാജിക്ക് പനിയായിരുന്നെന്നാ പുറത്തെ ല്ലാവരോടും   പറഞ്ഞെ..പക്ഷെ സത്യം. ” എന്ന് സ്വയം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവളുടെ വാ പൊത്തി വാക്കിനെ പിൻവലിക്കുന്നു. വീടും  മഠവുമടക്കമുള്ള സ്ഥാപനങ്ങളിലെ അധികാരപ്രയോഗങ്ങൾ,  ടോം ആൻഡ് ജെറി കളികൾ  പലപ്പോഴായി വിഴുങ്ങി കളയുന്ന വാക്കുകളിൽ നിന്നാണ് വായിച്ചെടുക്കേണ്ടത്.ഭാഷയിൽ സൂചകവും സൂചിതവും തമ്മിലുള്ള ബന്ധത്തെ തിരിച്ചിടുന്ന അങ്ങനെ   ഭാഷ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ചില പ്രയോഗങ്ങളും ശ്രദ്ധേയമാണ്.

അന്നേരം കൊണ്ട് ഓർമ്മകളിൽ പിന്നെയും തികട്ടിയ അയാളെ ഞാൻ പൂർണമായും മറന്നെടുത്തു.   (കന്യാകുടീരം)  മറന്നു പോവുകയല്ല, എടുക്കുകയാണ്. ഇവിടെ ഭാഷയിൽ ഒരു മറിച്ചിടൽ സംഭവിക്കുന്നുണ്ട്.

വിത്തുകാളപ്പെണ്ണ് എന്ന കഥയിൽ കാളയുടെ മനോവിചാരമുണ്ട്. ” ദുഃഖിക്കട്ടെ… സകല മൂരാച്ചി മനുഷ്യരും ദുഃഖിച്ചു തന്നെ ഭൂമിയിൽ സുഖിക്കട്ടെയെന്ന് കാളയൊരു  കൊണവതികാരം ചിന്തിച്ചു”. ദുഃഖിച്ചു സുഖിക്കുക എന്ന വാക്ക് നോക്കൂ,

തോക്കുറവുത്തർ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ” തോക്ക് റാവുത്തർ പാതിരാ നേരങ്ങളിൽ പേടിച്ചരണ്ട് അലറിക്കരയും” തലത്തിരിഞ്ഞുപോയ സാമൂഹ്യവ്യവസ്ഥയിലുള്ള അസ്വസ്ഥത ഭാഷയിലെ ഈ മറിച്ചിടലിലൂടെ കഥാകാരൻ പ്രകടിപ്പിക്കുന്നുണ്ട്.

” ഒരിക്കലടച്ചാ തൊറക്കാത്ത ഒരു വാതലെ ഈ ഇച്ചിരിക്കോളം പോന്ന ഈ ദുനിയാവിലൊള്ളൂ. അത് പെണ്ണാ..പെണ്ണിന്റെ വാതല് പെണ്ണ് തന്നെയാന്ന്.അതവളങ്ങോട്ടടച്ചാ ഒരുത്തനും വന്നതുമ്മെ പിന്നെ മുട്ടൂല്ല” ‘പെൺവാതിലിൽ’ അടക്കുന്ന ഈ വാതിൽ ഒരു തുറവിയാണ്. ഒരു ബാധ്യത എന്ന നിലയിൽ നിന്നുള്ള ശരീരത്തിന്റെ മോചനവും ആവിഷ്കാരവുമാണ്. വ്യവസ്ഥയെ അതേ വ്യവസ്ഥകൊണ്ട്  മറികടക്കുന്നു.

തങ്ങളെ നോമ്പ് തുറക്കാൻ  ആരും വിളിക്കാത്തതിനെ പറ്റി ഉസൈൻ  സങ്കടപ്പെടുമ്പോൾ അതിനിച്ചിരി പവറൊക്കെ വേണമെന്നും നമുക്ക് വിശപ്പ് മാത്രമേയുള്ളൂ പവറില്ല എന്നും ( നോമ്പ് തുറ)  ഉമ്മാച്ചു പറയുന്നുണ്ട്.കഥ മുന്നോട്ട് വെക്കുന്ന ആലോചനകളെ മുഴുവൻ വഹിക്കാൻ കെൽപ്പുള്ള പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്  തന്നെയാണത്.

കുടുംബം, മതം, സുരക്ഷിതത്വം , നീതി എല്ലാതിനെനെ പ്രശ്നവൽക്കറിക്കാൻ നേർത്തതും ആർത്ഥികമായി കനമുള്ളതുമായ  ഭാഷ അദ്ദേഹം പ്രയോഗിക്കുന്നു. പ്രമേയത്തോട് നീതിപുലർത്തുന്ന ഭാഷയിലൂടെ ഈ കഥകൾ അതിന്റെ സമഗ്രതയിൽ  രാഷ്ട്രീയപരമാവുന്നു.

പ്രമേയത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ഒരു മെറ്റീരിയൽ അല്ല ഈ കഥകളിലെ ഭൂമിശാസ്ത്രം. അത് പ്രമേയത്തോട് ഇഴചേർന്ന് നിൽക്കുന്ന ഒന്നാണ്. ദേശത്തെ ,   പ്രദേശത്തേക്ക് കഥയെ ആരോപിക്കുകയല്ല പകരം എഴുത്തിൽ നിന്ന് ഒരു പ്രദേശത്തിന്റെ ഭാവം തെളിയുകയാണ്. ഉമിനീര് വറ്റിയ വിളർച്ചയോടെ പർവേസിന്റെ അനാഥമായ മൃതദേഹവും കൊണ്ട് ബംഗാളിന്റെ അങ്ങേയറ്റത്തേക്ക് രവി നടത്തുന്ന  യാത്രയാണല്ലോ “പൂക്കണ്ടൽ” എന്ന കഥ. തരിശ്ശ് കിടക്കുന്ന വരണ്ട കൃഷിയിടങ്ങളുടെ മധ്യേയുള്ള ചെമ്മൺ പാതയിലൂടെയുള്ള യാത്രയിലുടനീളം ആ  വരൾച്ചയുണ്ട്.

കഥയിലുടനീളം മരണത്തിന്റെ മൗനവും മണവും സൂക്ഷിക്കുന്ന കഥയാണ് തോക്ക് റാവുത്തർ. പരസ്പരം സംസാരിക്കുകയോ ചിരിക്കുകയോ തർക്കിക്കുയോ സ്പർശിക്കുകയോ ചെയ്യാതെ രണ്ട് വലിയ പെരുച്ചാഴികളെന്നോണം തട്ടിൻപുറത്തു ജീവിച്ചു പോന്ന ഉപ്പയും മകനും. രണ്ടുപേരുടെ ഏതൊന്നിനാലും ഭഞ്ജിക്കപ്പെടാത്ത നിശ്ശബ്ദത കഥയുടെ  ആഖ്യാനത്തിലുടനീളം അനുഭവിക്കാൻ കഴിയും.മുറിയുടെ ജനലിലൂടെ നോക്കിയാൽ കാണുന്ന പള്ളിയും പടർപ്പ് വള്ളികൾ മേഞ്ഞ പള്ളിക്കാടും  മീസാൻ കല്ലുകളും  ഉണ്ടാക്കുന്ന  ശ്മശാനത്തിന്റെ  ‘ശാന്തതയോട്’ ചേർന്നല്ലാതെ തോക്കുറാവുത്തരെപ്പോലൊരു  കഥാപാത്രം രൂപം കൊള്ളില്ല എന്ന് തോന്നിപ്പോകും.

അസ്വസ്ഥതകൾനിറഞ്ഞ ഒരു ജനാധിപത്യ സംവിധാനത്തിൽ ജീവിക്കുന്ന ജനതയുടെ സ്വാസ്ഥ്യസ്വാസ്ഥ്യങ്ങളും വിഹ്വലതകളുമാണ്   ഈ കഥകളിൽ നിറയുന്നത്.  അവരുടെ തീർപ്പില്ലാത്ത വ്യസനം അതിലാകെ പടർന്നിരിക്കുന്നു. ഇരുട്ടിന്റെ മേലെ ഇരുട്ട് പടർന്നതുപോലെ അത്  കഥകളിൽ വ്യാപിക്കുന്നു. കഥാകാരൻ പറയുന്നതുപോലെ ഏത് ഇരുട്ടിനുള്ളിൽ  നിന്നും  ഊറി  ഭൂമിയിലേക്ക് വരുന്ന നേരിയ നിശ്വാസത്തിന്റെ വെളിച്ചക്കീറിൽ പിടിച്ചു കേറുന്ന, വിധിയോടു സന്ധി ചെയ്യാത്ത മനുഷ്യരുടെ കൊതി യിലാണ് ഈ കഥകൾ പരസ്പരം ബന്ധപ്പെടുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്- wtplive

Comments are closed.