DCBOOKS
Malayalam News Literature Website

മുദ്രകള്‍ ഓര്‍മ്മകള്‍: എസ്.ജോസഫ്

എം.ആര്‍. രാധാമണിയുടെ ‘പേന്തലയുള്ള പെറ്റിക്കോട്ട്’    എന്ന പുസ്തകത്തിന്  എസ് ജോസഫ് എഴുതിയ അവതാരിക

എം.ആര്‍. രാധാമണി എഴുതിയ ‘പേന്തലയുള്ള പെറ്റിക്കോട്ട്’ എന്ന കൃതി എഴുത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒന്നാമതായി അനുഭവ പക്വതയാര്‍ന്ന ശേഷമുള്ള എഴുത്താണിത്. രണ്ടണ്ടാമതായി സാമ്പ്രദായിക കവിതാസങ്കല്പങ്ങള്‍ വച്ച് ഇത് വായിച്ചുകൂടാ.

ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന ഒരു പുഴപോലെയാണ് ഈ കവിതകള്‍. ഓര്‍മ്മകള്‍ അടയാളങ്ങള്‍ ഇവയില്‍ പതിഞ്ഞിരിക്കുന്നു. ഒരു ജീവിതത്തിന്റെ നൊമ്പരങ്ങള്‍കൊണ്ട് എഴുതിയ കവിതകള്‍. സ്ത്രീഹൃദയമാണ് ഇതില്‍ തുടിക്കുന്നത്. സ്ത്രീ ലോകത്തെ നോക്കിക്കാണുന്നതിന്റെ വിശാലത ഇതിലുണ്ട്. അതുകൊണ്ട് ഈ കവിതകള്‍ Textആത്മകഥാപരമാണ്. ഒരു തുടര്‍ച്ച ഈ കവിതകളില്‍ ഉണ്ട്. അതിനാലാണ് പുഴപോലെ എന്നു പറഞ്ഞത്.

ഒരു അഫ്ഗാന്‍ കവയത്രിയാണ് രഹീല മുസ്‌ക. അവള്‍ അഞ്ചാം ക്ലാസിന് ശേഷം സ്‌കൂളില്‍ പോയിട്ടില്ല. റേഡിയോയില്‍നിന്നും മറ്റു സ്ത്രീകളില്‍ നിന്നും കേട്ട കവിതകളാണ് അവരുടെ വിദ്യാഭ്യാസം. (അവലംബം: മലയാളനാട് ഇന്റര്‍നെറ്റ് മാസിക) ഇതുപോലെ ഒരു വിലക്ക് സ്ത്രീകള്‍ക്കുണ്ട് ഈ കേരളത്തിലും, കീഴാളസ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. പഷ്തൂന്‍ കവിതയിലെ രഹീല മുസ്‌ക അതിജീവിച്ചതുപോലെ ചില സ്ത്രീകളെങ്കിലും കവിതയെഴുതി മുന്നേറുന്നു. കവിതയുടെ പരമ്പരാഗതമായ ക്രാഫ്‌റ്റോ ചരിത്രമോ ഒന്നും അവര്‍ക്കത്ര അറിയാന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. പക്ഷേ, അവരുടെ കൃതികളില്‍ ഒരു തീയുണ്ട്. അത്  പതുക്കെപ്പതുക്കെ കവിതയില്‍ ഒരു പുതിയ ചരിത്രം എഴുതും.

അവള്‍ക്ക് പറയാനുണ്ട് എന്നത് ഒരു എഴുത്തുതന്നെയാണ്. എഴുത്തിന്റെ ലോകം ആരിലുമുണ്ടാകാം. എഴുതാതിരിക്കുക എന്നത് ഒരു കുറവല്ല. എഴുത്തിനെ സംബന്ധിച്ച പുതിയ ബോധമാണിത്. സവര്‍ണരോ സമ്പന്നരോ മാത്രം എഴുതിയതില്‍ നിന്ന് മാറി യാതൊരു പാരമ്പര്യവുമില്ലാത്ത ലോകങ്ങളില്‍നിന്ന് എഴുത്തുവരുന്നു എന്നത് ഇക്കാലത്തിന്റെ ഒരു മാറ്റമാണ്. എം.ആര്‍. രാധാമണി എന്ന കവിയുടെ കവിതകള്‍ ധാരാളം ജീവിതമുദ്രകള്‍ പേറുന്നു. ദലിത് മുദ്രകള്‍ ആണവ. അവയില്‍ ഓര്‍മ്മകളുണ്ട്.

കലങ്ങള്‍ നെല്ലുവറുക്കുന്നതിന്റെ
പിന്നാമ്പുറങ്ങളില്‍
വരണ്ട ചുണ്ടുകളോടെ
ഉറുമ്പിനിരയായൊരു പൂട്ടിലുണ്ട്
(തരിച്ച കതിരുകള്‍)

കാപ്പിപ്പൊടിയും ചക്കരയും
ചേര്‍ത്തനത്തിയ
ചെറിയ കോപ്പച്ചട്ടിയിലെ
ചൂടുള്ള കാപ്പിബലങ്ങളില്‍
നടന്നുതീരുന്ന നാഴികകളും
ഓടിക്കയറുന്ന സിമന്റുപടികളും
(എലക്കോട്ടുകള്‍)

ഇങ്ങനെ മുദ്രകള്‍കൊണ്ട് രചിച്ചതാണ് ഈ കവിതകള്‍. മുദ്രകള്‍ സൂചകങ്ങള്‍ ആണ്. അവയാണ് കവിതയെ കാവ്യപരമായി ആഖ്യാനമാക്കുന്നത്. ക്രാഫ്റ്റ് എന്നത് കവിതയുടെ ഉള്ളില്‍നിന്നും രൂപപ്പെടുന്നതാണിവിടെ. അല്ലാതെ മുന്നേ നിലനില്‍ക്കുന്ന ഒരു ഘടനയില്‍ അനുഭവവും അതിന്റെ വാക്കുകളും വയ്ക്കുകയല്ല. വാക്കുകളാണ് ഇന്നത്തെ കവിതയുടെ അടിസ്ഥാനം എന്ന എന്റെ വാദം ഞാന്‍ ഇവിടെ ഉന്നയിക്കുന്നു. മുന്‍പേയുള്ള രൂപഘടനയില്‍നിന്നുള്ള ഒരു വിപ്ലവകരമായ മാറ്റമാണിത്. ഇത് പുതു എഴുത്തുകളില്‍ കാണുന്നുണ്ട്. അത് ഈ കവിതകളിലും ഉണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.