DCBOOKS
Malayalam News Literature Website

പെണ്‍കുട്ടികളുടെ വീട് അഥവാ കഥകളുടെ വീട്: സോണിയ റഫീക്ക് എഴുതുന്നു

വീട് നഷ്ടപ്പെട്ടവര്‍, വീട് ഉപേക്ഷിച്ചവര്‍, വീട്ടില്‍ അകപ്പെട്ടവര്‍, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവര്‍... അങ്ങനെ കുറേ കഥാപാത്രങ്ങള്‍ എന്റെ നോവലിന്റെ ഭാഗമായി

 

എമിറാത്തികളുടെ ജീവിതം പ്രമേയമാക്കി എഴുതിയ നോവലായ പെണ്‍കുട്ടികളുടെ വീടിനെക്കുറിച്ച് സോണിയ റഫീക്ക്‌

ഹെര്‍ബേറിയം മുതല്‍ പെണ്‍കുട്ടികളുടെ വീടുവരെ

അതൊരു ഉത്തരവുപോലെയോ അപേക്ഷ പോലെയോ വെളിപാടുപോലെയോ ഒന്നായി
രുന്നു; എന്നെ വീടകത്തുനിന്ന് പുറത്തേക്ക് തള്ളിയ അപാരശക്തിയുള്ളൊരു സന്ദേശം. ‘ഹെര്‍ബേറിയം’ നോവലിനു ശേഷം എന്തെഴുതണമെന്ന ആലോചനകളുടെ ഇരിക്ക
പ്പൊറുതിയില്ലായ്മയുടെ കാലം. നോവലാക്കാന്‍ ആഗ്രഹിച്ച ഒരുപാട് കഥകള്‍ മനസ്സില്‍ ഓടി
ക്കൊണ്ടിരുന്നു. ചില ചരിത്രവായനകളില്‍ ഉത്തേജിതയായതിനാലും പ്രത്യേകിച്ചൊന്നും Textചെയ്യാനില്ലാത്തതിനാലും കാലാവസ്ഥമനോഹരമായതിനാലും അക്കാലത്ത് ഞാന്‍ ദുബായ്‌യുടെ പഴമ നിലകൊള്ളുന്ന പ്രവിശ്യകളില്‍ നടക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു നടത്തയ്ക്കിടെയാണ് ഗോള്‍ഡ് സൂക്കിലുള്ള വിമന്‍സ് മ്യൂസിയത്തിലേക്ക് കയറിച്ചെല്ലുന്നത്. ‘ബൈത് അല്‍ ബനാത്’ എന്ന് പേരുള്ള ഈ മ്യൂസിയം മൂന്ന് സ്ത്രീകളുടെ വീടായിരുന്നു ആണ്‍തുണ നിഷേധിച്ചുകൊണ്ട് പെണ്‍കുട്ടികളായി ജീവിച്ചു മരിച്ച മൂന്ന് പേര്‍. വിവാഹം കഴിക്കാത്ത സ്ത്രീകളെ ഏത് പ്രായത്തിലും ‘പെണ്‍കുട്ടികള്‍’ എന്നാണ് എമിറാത്തികള്‍ വിളിക്കാറ്. അതിനുള്ളില്‍ കയറിയത് മുതലുള്ള എന്റെ സര്‍ഗാത്മക ജീവിതത്തെ എങ്ങനെ എഴുതി ഫലിപ്പിക്കണമെന്നറിയില്ല. എന്തെന്നാല്‍ ആ നിമിഷം മുതല്‍ ആ മൂന്ന് സ്ത്രീകള്‍ എന്നെ അവരുടെ വീട്ടിലാക്കുകയോ പാട്ടിലാക്കുകയോ ഒക്കെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ ശരീരം അവരുടെ വീടായി മാറി, ആ കഥ എഴുതി തീര്‍ക്കാതെ അവരില്‍നിന്നും മോചനമില്ലെന്നുറപ്പായി. മനസ്സുകൊണ്ടൊരു ഏകാന്തവാസം അവര്‍ക്കൊപ്പം സാധിക്കുമെന്ന് എനിക്ക് തോന്നി. ചില സുഹൃത്തുക്കളുമായി ഞാന്‍ എന്റെ ആശയം പങ്കുവച്ചു, പക്ഷേ, എന്റെ എഴുത്തിനെ അടുത്തറിഞ്ഞവര്‍ പോലും അവഗണിക്കുകയാണുണ്ടായത്. ‘1950-കളിലെ എമിറാത്തി സ്ത്രീജീവിതം മലയാളി വായനക്കാര്‍ക്ക് എങ്ങനെ ആസ്വാദ്യകരമാകും, ഒന്നു കൂടി ചിന്തിക്കൂ’ എന്ന് അവരെന്നെ ഉപദേശിച്ചു. എന്റെ പെണ്‍കുട്ടികളും ഞാനും വിഷാദത്തിലാണ്ടു. അധിക കാലം ഞാനത് നീട്ടിക്കൊണ്ട് പോകാറില്ല. കിട്ടാവുന്നത്ര വായിച്ചു, യു.എ. ഇയുടെ ചരിത്രം തേടി ചുറ്റുപാടുമുള്ള ലൈബ്രറികള്‍ ഉഴുതുമറിച്ചു, അറബിസ്ത്രീകളുമായി സംസാരിച്ചു. ചരിത്ര വായന എനിക്ക് ലഹരിയാണ്. യു.എ.ഇയുടെ ചരിത്രത്തെക്കുറിച്ചുള്ള എന്റെ റിസര്‍ച്ച് ഓരോ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും എന്റെ പെണ്‍കുട്ടികള്‍ ആനന്ദനൃത്തം ചെയ്തു.

പെണ്‍കുട്ടികളുടെ (കഥകളുടെ) വീട്

അറബിക്കഥകളെന്നാല്‍ ആയിരത്തൊന്നു രാവുകള്‍ മാത്രമല്ല, അറബിനാട്ടിലെ പെണ്ണുങ്ങള്‍ പറഞ്ഞിരുന്ന കഥകള്‍ ഒരുപാടുണ്ട്. അവര്‍ കുട്ടികളെ ഉറക്കുവാനും പിഴച്ചു പോകാന്‍ സാധ്യതയുള്ള ഭര്‍ത്താക്കന്മാരെയും ആണ്മക്കളെയും വരുതിയില്‍ നിര്‍ത്തുവാനും ദുഷിച്ച കണ്ണുള്ളവരെ അകറ്റുവാനും ആത്മസംഘര്‍ഷങ്ങളെ നേരിടുവാനും ഉള്ളിലെ ഭയങ്ങള്‍ ചാമ്പലാ
ക്കുവാനും അനവധി നാടന്‍ കഥകള്‍ മെനഞ്ഞിരുന്നു. പലയിടങ്ങളില്‍നിന്ന് ശേഖരിച്ച ഒരു
പിടി അറബ് നാടോടിക്കഥകള്‍ ഈ നോവലിന്റെ ഭാഗമായിട്ടുണ്ട്.

വീട് നഷ്ടപ്പെട്ടവര്‍, വീട് ഉപേക്ഷിച്ചവര്‍, വീട്ടില്‍ അകപ്പെട്ടവര്‍, വീട് വിട്ടുകൊടു ക്കാതെ പൊ
രുതുന്നവര്‍… അങ്ങനെ കുറേ കഥാപാത്രങ്ങള്‍ എന്റെ നോവലിന്റെ ഭാഗമായി. നോവല്‍ രചനയുടെ മുഴുവന്‍ വേളയിലും എന്നില്‍ ആളുന്ന തീ പ്രണയത്തിന്റേതായിരുന്നു. ഞാന്‍ എന്ന ഏകം വിഘടിച്ച് അനേകം സ്ത്രീകളായി എന്നില്‍ നിന്നും പിരിഞ്ഞുപോയ സ്ത്രീകള്‍ പോലും നോവലില്‍ നിറഞ്ഞു. അവരുടെ ജീവിതങ്ങളില്‍ എന്റെ സ്വപ്നവും ഭാവനയും ഭ്രമാത്മകമായി ഇടകലര്‍ന്നു. അതിനിടയില്‍ കാത്തിരുന്ന അതിഥി വന്നു കോവിഡ് 19. എന്റെ പെണ്ണുങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിച്ചു, എന്റെ ഉയിര്‍ത്തെഴുന്നേല്പ് അവരുടെ സ്വാതന്ത്ര്യമാണെന്ന് അവര്‍ അതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. അധികം കേടുപാടുകള്‍ ഉണ്ടാക്കാതെ അതിഥി പോയി. കോവിഡ് എന്നെ പഠിപ്പിച്ചത് ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചാണ്, ‘നാളെ’ എന്ന ദിവസം ഒരു Textമങ്ങിയ ദൃശ്യമാണെന്ന് ബോധ്യമായി തുടങ്ങി. ‘ഉള്ളിടത്തോളം ഉണ്ടായിരിക്കട്ടെ’ എന്നതാവുന്നു പുതിയ ജീവിത സത്യം.

മൂന്ന് മാസത്തിനുള്ളില്‍ നോവല്‍ തീര്‍ക്കണമെന്ന് ഞാന്‍ ദൃഢനിശ്ചയമെടുത്തു, എഴുത്ത് ഒരു തപസ്യയാക്കി മാറ്റി. എന്റെ പെണ്‍കുട്ടികള്‍ മനോഹരമായ വിരുന്നൊരുക്കി എന്നെ സ്വീക
രിച്ചു; അവര്‍ നൃത്തം വച്ചു, ഊദിന്റെ കമ്പികളില്‍ താളമിട്ടു, എന്നെ കോരിയെടുത്ത് ഊഞ്ഞാലാട്ടി. എഴുത്ത് പുരോഗമിക്കവെ വീട്ടിലെ ബുദ്ധപ്രതിമകളുടെ ഭാവമാറ്റം ശ്രദ്ധയില്‍പെട്ടു. എല്ലാ ആത്മസംഘര്‍ഷങ്ങളിലും ശാന്തിയേകേണ്ടിയിരുന്ന ആ സ്വച്ഛരൂപങ്ങള്‍ ഒരേ സ്വരത്തില്‍ എന്നോട് ചോദിച്ചു, ‘വീട് എന്നേ ഉപേക്ഷിച്ചവന്‍ ഞാന്‍, വീണ്ടും എന്തിനെന്നെ നീ വീട്ടു തടവിലാക്കി?’

‘ലോകം മറ്റൊരു വീടല്ലേ!’ ഞാന്‍ മറുപടി പറഞ്ഞു. ബുദ്ധന്‍ എന്റെ കുസൃതിയില്‍ ചിരിച്ചു.
തുടര്‍ന്ന് എന്റെ പെണ്‍കുട്ടികള്‍ ബുദ്ധനോട് പറഞ്ഞു: ‘ഞങ്ങള്‍ വീട്ടില്‍നിന്ന് പുറത്താകാതിരിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടവരാണ്. പ്രിയപ്പെട്ട ബുദ്ധാ, വീട് ഉപേക്ഷിക്കല്‍ എളുപ്പമാണ്, തിരിച്ചു പിടിക്കലാണ് ദുഷ്‌കരം.’അതുകേട്ട് എന്റെ ബുദ്ധന്മാര്‍ നെടുവീര്‍പ്പിട്ടു; ഒപ്പം ഞാനും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.