DCBOOKS
Malayalam News Literature Website

അതിരുവിട്ട ‘പെങ്കുപ്പായം’

കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന് യമുന നായർ എഴുതിയ വായനാനുഭവം

കുപ്പായം നോക്കി വികാരങ്ങൾ കെട്ടഴിഞ്ഞു പോകുമെന്ന് ചിന്തിക്കുന്നവരെ ഒരു പെങ്കുപ്പായത്തിൽ ആണിയടിച്ച്‌ ഉച്ചാടനം ചെയ്തിരിക്കുകയാണ് കൃപ അമ്പാടി. കാവ്യ കല്പനകളുടെ ഗൃഹാതുരത്വത്തിൽ ചുറ്റിപ്പറ്റി മുന്നോട്ടുപോകാതെ, ജീവിത ഗന്ധിയായ കഥപോലെ കവിതകൾ നെഞ്ചുവിരിച്ചു നിൽക്കുന്ന കാഴ്ചയാണ് ‘പെങ്കുപ്പായ’ത്തിന്. തുറന്നെഴുതുമ്പോൾ നഖമുനകളിൽ ചോര പൊടിയാത്ത, മുണ്ട് മുറുക്കിയുടുത്ത് അടുക്കള തിണ്ണയിൽ കുന്തിച്ചിരിക്കാത്ത, പെണ്ണത്തമുള്ള,മുൻഗണന കിട്ടേണ്ട ഒരു പിടി നല്ല കവിതകൾ.

“പെൺവീറിൻ്റെ എഴുത്താണ് കൃപ അമ്പാടിയുടെത്” എന്നതിൻ്റെ സാംഗത്യം പരിശോധിക്കുമ്പോൾ ഓർത്തുപോയത് ഫുക്കോയുടെ വാട്ട് ഈസ് ആൻ ഓദർ ആണ് ( What is an Author). എന്താണ് ഒരു രചയിതാവ്? ( What is an Author by Michael Foucault). ഫൂക്കോ ഇതിനായി ‘രചയിതാവിന്റെ പ്രവർത്തനം’ എന്ന പദം ഉപയോഗിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ രചയിതാവ് എന്ന ആശയത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു ആശയം, പകരം രചയിതാവ് എന്നാൽ ഒരു രചയിതാവിനെയൊ കൃതിയേയൊ ചുറ്റിപ്പറ്റിയുള്ള ‘വ്യവഹാരം’ എന്ന് സൂചിപ്പിക്കുന്നു.
പെങ്കുപ്പയത്തിൽ ഇത്തരത്തിൽ എഴുത്തുകാരിയും അവരുടെ സൃഷ്ടികളും പ്രത്യേകിച്ച് ഭാഷയുടെ സഞ്ചാരത്തിലും ഈ ഒരു വ്യവഹാരം ദൃശ്യമാകുന്നു. അതുവഴി എഴുത്തുകാരൻ/എഴുത്തുകാരി ഒരു വ്യവഹാര രൂപീകരണം ആണെന്ന് വെളിവാക്കുന്നുണ്ട്.

Textകവിതകളിലേക്ക് കടക്കുമ്പോൾ സമകാലിക മലയാള കവിതയുടെ ശൈലീമാറ്റം ഈ കവിതകളിലും എടുത്തു നിൽക്കുന്നു. കൃപ അമ്പാടിയുടെ കവിതകളിൽ എല്ലാം ഒരു വീറുള്ള പെണ്ണ് അഭിമാനം കൊള്ളുന്നുണ്ട്.
‘പേൻ’ എന്ന കവിതയിലെ ‘ഭ്രാന്തിൻ്റെ നിർത്താചൊറിച്ചിൽ’ മനുഷ്യൻ്റെ അസ്ഥിത്വത്തിലേക്കു വിരൽചൂണ്ടുന്നുണ്ട്.
‘മരിച്ചവൻ്റെ ചാറ്റ്’ എന്ന കാലികപ്രസക്തിയുള്ള കവിതയിലെ വരികൾ ഇങ്ങനെ പോകുന്നു..
“ജീവിതമങ്ങനെ നേർത്തൊരു രേഖയിലൂടെ പച്ചലൈറ്റ് കത്തിച്ച് അമറിപ്പായുമ്പോൾ കൊഴിഞ്ഞുപോകേണ്ടവർ മണിമുഴക്കി വാതിൽ തുറന്ന് കുഴിയിലേക്ക് വീഴും മുൻപ് കത്തുന്നൊരു ചുവന്നകല്ല് ഓരത്ത് നാട്ടിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നോർ പിന്നെയും സംസാരിച്ച് സ്വൈര്യം കെടുത്തും”

എത്ര വലിയ സത്യങ്ങൾ. കവിതയും കഥയും ഒരുപോലെ വഴങ്ങുന്ന കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ കുറേ പൊളിച്ചെഴുത്തുകൾ നടത്തുന്നുണ്ട്. പെണ്ണുടലിൻ്റെ ഭംഗിയും ശക്തിയും ഒരുപോലെ വെളിവാക്കുന്ന വരികളാണ് ‘ഋതു മതി’ യുടെ അവസാന ഭാഗം. “വെറുമൊരു നനഞ്ഞനാളമായി അരണിയിൽ
ഞെരിഞ്ഞു കൊൾക ഒരു കാട്ടുതീ,യെ ഒളിപ്പിച്ച തീപ്പൊരിയുമായ്.”

“ഞങ്ങൾ
പെയ്തും
തോർത്തിയും
ഉലഞ്ഞും
ആളിയും
സ്വയം മറന്ന്
ആറാടിയാടി നിൽക്കട്ടെ”.

ലിംഗഭേദത്തിൻ്റെ അതിർ വരമ്പുകളിൽ സ്വയം പ്രഖ്യാപിത സ്വാതന്ത്ര്യം കണ്ടെത്താൻ കവിതകൾക്ക് അസാധാരണമാം വിധം സാധിച്ചിട്ടുണ്ട്. ‘ദൈവം നഗ്നനാണ് ‘, ‘ഒഴിമുറി’ തുടങ്ങിയ കവിതകൾ എടുത്തു പറയേണ്ടതാണ്. ദേശചരിത്രങ്ങളും പ്രാദേശിക ഭാഷയും കാർഷിക സംസ്കാരവുമൊക്കെ വെളിവാക്കുന്ന ‘മാട്രിമോണിയൽ ‘ ‘വരികെൻ്റെ ശീവോതി, ‘കോന്താ’ തുടങ്ങിയ കവിതകൾ അതിഗംഭീരം തന്നെ.
മഴയോടും കാറ്റിനോടും പായാരം പറഞ്ഞുനടക്കുന്ന പെണ്ണ് എന്ന അതി സാധാരണ ഭാവങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന വാക്കുകളാണ് ” വെണ്ണീറു കുതിർന്ന അടുപ്പുകുഴിയിലേക്ക് കീറപ്പാവാട പിഴിഞ്ഞു തോർത്തി” തുടങ്ങി “ജീവിതം പളുങ്കാണ്, പാത്രമാണ് ,പിണ്ണാ ക്കാണ്” എന്നു പറയുന്നിടത്ത് എത്തി നിൽക്കുന്ന പെണ്ണ്.
അവസാന ഭാഗങ്ങളിലേക്കു വരുമ്പോൾ ‘അറിയുമോ നിങ്ങളെന്നെ’ എന്നകവിതയിലെ അവസാന ഭാഗം വല്ലാതെ ആകർഷിച്ചു.

അറിയുമോ?

“ഞാൻ നിന്നിൽ മൂർഛിച്ചതത്രയും നിന്റെ ശരീരംവിട്ട് ആത്മാവ് പറക്കാതിരിക്കാനായിരുന്നെന്ന് നിന്നെ നിന്നിലേക്ക് ബന്ധിച്ചവളെ…

രതി നമ്മുടെ ജീവനത്തിനും പിറവി പ്രകൃതിയുടെ ജീവനത്തിനും എന്ന് അവന്റെ വാരിയെല്ലിൽ നാവാൽ എഴുതിയ ഒരുവളെ…! എങ്ങനെ ഒഴിവാക്കാനാവും നിങ്ങൾക്കെന്നെ…? ” കാലത്തിനു മുമ്പേ കണ്ട വരികളാൽ സമ്പന്നമാണ് ‘അറിയുമോ നിങ്ങളെന്നെ’ എന്ന പെങ്കുപ്പായത്തിന്റെ അതിരുപൂട്ടാത്ത കവിത.

വ്യത്യസ്തവും ശക്തവും ചിന്തനീയവുമായ സുവർണ്ണ നൂലുകൾ കൊണ്ടു തുന്നിയ ഈ പെങ്കുപ്പായം സമകാലിക മലയാള കവിതയിൽ വേരോടും എന്ന് നിസ്സംശയം പറയാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.