DCBOOKS
Malayalam News Literature Website

മറുവാക്കുകളുടെ വെയിൽ: കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ വായിക്കുമ്പോൾ…

കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന് കൃഷ്ണനുണ്ണി ജോജി എഴുതിയ വായനാനുഭവം

ചരിത്രത്തിലെ നിഗൂഢസ്ഥലികളിൽ പഴകിദ്രവിച്ചുപോയ പെൺകുപ്പായങ്ങളുടെ പട്ടടയെരിഞ്ഞിരുന്നുവെന്നത്  കവിയുടെ കണ്ടെത്തലോ ഭാഷ്യമോ അല്ല. അതൊരു രാഷ്ട്രീയമായ ഉൾക്കാഴ്ച്ചയാണ്. നടക്കുമ്പോൾ നഗ്നപാദങ്ങൾ വേദനിക്കുന്നുവോയെന്ന ശിഷ്യന്റെ ചോദ്യത്തിന് എക്കാലവും പല്ലക്കിലേറി സഞ്ചരിക്കുന്നവരുടെ കാൽപ്പാദങ്ങൾ ചരൽക്കൽമുനകളിൽ മുറിഞ്ഞുപോകുമെന്ന് ബുദ്ധന്റെ മറുവാക്ക്. മുറിയുന്നത് ഒരുകാലത്തും പല്ലക്കിലേറാത്തവരുടെ പാദങ്ങൾ. കൊടുംവെയിലിൽ തണലായും കൊടുംതണുപ്പിൽ ചൂടായും ജീവിതമാകെ Textനിറഞ്ഞുകവിയുന്നവൾക്ക് തിരസ്കാരത്തിന്റെ കാഞ്ഞിരക്കയ്പ്പിൽ ഉച്ചനിവേദ്യം. കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന സമാഹാരത്തിലെ കവിതകൾ ആസുരമായ ചോദ്യ മുനകൾകൊണ്ട് ആൺജീവിതങ്ങളുടെ അഹത്തെ വെട്ടിപ്പിളർക്കുന്നു. ഓരോ വരിയും ഓരോ വെട്ടായി, ഓരോ ചോദ്യമായി, ഓരോ മുറിവായി, ഇടയ്ക്കെങ്കിലും തിളയ്ക്കുന്ന ഒരിറ്റ് കണ്ണീരായി നമ്മെ ഉലയ്ക്കുന്നു.

ചോദ്യങ്ങൾകൊണ്ട് വാളും ചിലമ്പുമായി ഉറയുന്ന രൗദ്ര താളത്തിന്റെ വെളിപാടുകൾകൊണ്ട് പുരുഷാധിപത്യസമൂഹത്തിന്റെ വരണ്ട മനസ്സിന്റെ ബലിക്കല്ലിൽ കവിതയുടെ ആത്മബലി. കൃപ സ്വയം കൊളുത്തിയ തീയിൽ വെന്ത് കവിതയായി വെളിപ്പെട്ട്, അശരീരിയായി മറഞ്ഞ് സംഘർഷങ്ങളുടേയും വൈരുധ്യങ്ങളുടേയും നേർക്ക് ചമയങ്ങളില്ലാതെ പരിച നീട്ടുന്നു. അത് ഒരു കവിയുടെ ഏകാന്തമായ പോർവിളിയും സമരവുമാണ്. ഒരുപക്ഷേ, എന്നും തോറ്റുകൊണ്ടിരിക്കുന്നവളുടെ തോറ്റുപോകാവുന്ന ഒരു സമരം.

നിങ്ങൾ ഒരു യുദ്ധമുന്നണിയിൽ നിൽക്കുമ്പോൾ എതിർവശത്ത് നിൽക്കുന്ന ശത്രു ആരെന്ന ചോദ്യമുണ്ട്. നിന്ദയുടേയും അവഗണനയുടേയും പീഢനങ്ങളുടേയും കല്ലും മണ്ണും കത്തുന്ന ലാവയിലേക്ക് എന്നും രാപ്പനി പകുത്തെടുത്തവളെ തള്ളിയിടുന്നത് വ്യവസ്ഥയോ പുരുഷനോ എന്നത് ഒരു സമസ്യയ്ക്കിടയിലെ മൂടൽമഞ്ഞാണ്. പുരുഷൻ പിടഞ്ഞുവീഴുമ്പോൾ മറുപാതിയിൽ വ്യവസ്ഥയുടെ നിഗൂഢമായ ചിരിയുയരുന്നുണ്ടോ എന്നതും ഒരു ചോദ്യമാണ്. സന്ദേഹികൾക്ക് ചോദ്യമുയർത്താനേ അറിയൂ. വിമോഹനീയമായ ശരീരക്കാഴ്ചകളിൽ നാട്ടുഭാഷയുടെ ചെമ്പരത്തിച്ചന്തത്തിൽ കൃപയെറിഞ്ഞ ശൂലങ്ങളിൽ പ്രണയത്തിന്റെ മിന്നാമിന്നികൾ ആകാശസീമകളിലേക്ക് പറത്തുന്ന ഒരാണിന്റെ ഹൃദയം മുറിഞ്ഞു പോയിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.