DCBOOKS
Malayalam News Literature Website

‘പെങ്കുപ്പായം’ ; താൻപോരിമയുടെ പെൺകൊടി

കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന്  ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ എഴുതിയ വായനാനുഭവം

“എനിക്കു മുന്നിൽ
മുണ്ട് മുറുക്കിയുടുത്ത-
ടുക്കളത്തിണ്ണയിൽ
കുന്തിച്ചിരിപ്പുണ്ട്
പുറംലോകം കാണാത്ത
മുൻഗണനകിട്ടാത്ത,ഒരു കാവ്യം”

“പെങ്കുപ്പായം” എന്ന തന്റെ കവിതാസമാഹാരത്തിന് ആമുഖമായി കവി കൃപ അമ്പാടി കുറിച്ചിട്ട വരികളാണിത്. ഈ സമാഹാരത്തിലെ നാൽപ്പത്തിമൂന്ന് കവിതകളിലൂടെ കൃപ പറയുന്നതും കാണിച്ചുതരുന്നതും ഉൾക്കരുത്തുള്ള പെണ്ണിനെയും ഉൾക്കാമ്പുള്ള കാഴ്ചകളെയുമാണ്.

പൊതുവെ പെൺകുട്ടികളുടെ കുപ്പായങ്ങൾ ആൺകുട്ടികളുടേതിൽനിന്നും മാറി നിറങ്ങൾ, ചിത്രങ്ങൾ, തൊങ്ങലുകൾ തുടങ്ങി വൈവിധ്യങ്ങളുടെ ഒരു അത്ഭുതലോകമാണ്. ആൺകാഴ്ചയിലെ പെണ്ണും അങ്ങനെതന്നെയാണ്. അതുകൊണ്ടാണല്ലോ ഭാഷയുണ്ടായ കാലം Textമുതൽ പെണ്ണിനെ അവളുടെ ഉടലിനെ പലജാതി വർണ്ണനകൾ തുന്നിച്ചേർത്ത് സാഹിത്യങ്ങളായ സാഹിത്യങ്ങളിലെല്ലാം വിരിച്ചിട്ടിരിക്കുന്നത്.

മുല്ലപ്പൂപോലുള്ള പല്ലുകളും, മീനിനെപ്പോലുള്ള കണ്ണുകളും മാത്രമല്ല കുന്നുപോലുള്ള മുലകൾവരെ ഭാഷയിൽ അവൾക്കുണ്ടായി. ഭാവനാവിദഗ്ധരുടെ ഓരോരോ വിലാസങ്ങൾ ആലോചിച്ചാൽ ദോഷം പറയരുതല്ലോ, പെണ്ണൊരുത്തിക്ക് താനേതോ അന്യഗ്രഹജീവി എന്ന തോന്നലാണുണ്ടാവുക. ആണ് അവന്റെ ഇച്ഛയ്ക്കനുസരിച്ച് എഴുതിവെച്ച ഉടലിൽനിന്നും സ്വഭാവത്തിൽനിന്നും വേറിട്ട് മറ്റൊന്നാണ് ‘യഥാർത്ഥ ഞാൻ’ എന്നത് സ്വാഭിമാനമുള്ള സ്ത്രീ എക്കാലവും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്.

“ഇനി നിന്റെ മുടി നരച്ച് തെറിക്കണം
ഈ തെറിച്ച ലോകത്തിന്റെ
നെഞ്ചിൽ കുത്തണം
നാക്കിൽ ചുറ്റണം
കഴുത്ത് മുറിക്കണം
നിനക്കെന്റെ ദൈവമാകാമോ?
നീയൊരാൾ മതിയെനിക്ക്, പലരായ്.”
(മുടിയേറ്റ്)

എഴുത്തുകാർ പ്രത്യേകിച്ച്‌ കവികൾ കാൽപ്പനികതയുടെ ചാറ് പരമാവധിയിറ്റിച്ച് വർണ്ണിക്കാറുള്ള ഓണം, മഴ, അമ്മ പോലെയുള്ള ചിലത് ഈ സമാഹാരത്തിൽ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള നേർക്കാഴ്ചയാണ്.

“മഴ തേനാണ് പാലാണ് കോപ്പാണ്
മാനത്തിനും മണ്ണിനുമിടയിൽ വിരി വലിച്ചുകെട്ടിയവർക്ക് ഓലിയിലൂടൊലിച്ചിറങ്ങിയാൽമാത്രം
കുടിച്ചു മരിക്കാവുന്ന മത്താണത്”

നാണിച്ച് തലകുനിച്ച് കാൽനഖംകൊണ്ട് ചിത്രം വരയ്ക്കുന്ന തരളിതയായ സുന്ദരിയല്ല ഇവിടെ കവിയുടെ ഭാഷ. പകരം, ‘നീ ഏതാടാ’ എന്ന് കൂസലില്ലാതെ തിരിഞ്ഞുനിൽക്കുന്ന താൻപോരിമയുള്ള തികഞ്ഞൊരഭ്യാസിയാണ്. ഈ കവിതകളിലെ പെണ്ണുടലും രതിയും കേവലം ശരീരമോ ശരീരത്തിനുള്ളിൽ നിൽക്കുന്നതോ അല്ല. അത്, നൂറ്റാണ്ടുകളുടെ യാത്രാവഴികളിലെ പെണ്ണുടലിനെ, അവളുടെ ജീവിതത്തെ, അതിലെ രാഷ്ട്രീയത്തെ കാട്ടിത്തരുകയും പൊളിച്ചെറിയുകയും ചെയ്യുന്നുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു ബിംബത്തിലൂടെ ജീവിതത്തിന്റെ/ കാലത്തിന്റെ വ്യത്യസ്തതലങ്ങൾ വായനക്കാർക്ക്  തുറന്നുകാട്ടിക്കൊടുക്കുന്നത് ഈ കവിതകളുടെ ഒരു പ്രത്യേകതയാണ്.

” നീയെന്നെ ദേവിയെന്ന് വിളിക്കരുത്
നിന്റെ കവിതകളിലെ
വാളും ചിലമ്പുമുള്ള പെണ്ണാണ് ഞാൻ”

കവിതയുടെ വാളും ചിലമ്പും കൈമുതലായുള്ള കവിയിലൂടെ ഇനിയും ഏറെ കവിതകൾ കാവ് തീണ്ടട്ടെ!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.